ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ശനിയാഴ്ച ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ വഡോദര-വിരാർ ഹൈവേയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ മന്ത്രി പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി.
“ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ വഡോദര-വിരാർ സെക്ഷനിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചകൾ. സമൃദ്ധമായ ഇന്ത്യയ്ക്കുള്ള ദൂരം പരിമിതപ്പെടുത്തുന്നു,” ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഫോട്ടോകൾ പങ്കിട്ടുകൊണ്ട് ഗഡ്കരി ട്വീറ്റിൽ പറഞ്ഞു.
1386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതി പൂർത്തിയായാൽ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം 12 മണിക്കൂറായി മാറും. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ എക്സ്പ്രസ് വേകളിൽ ഒന്നായിരിക്കും ഡൽഹി-മുംബൈ അതിവേഗ പാത. 2018-ലാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുംബൈ-ഡൽഹി എക്സ്പ്രസ് വേ ഡിസംബറിൽ സജ്ജമാകുമെന്ന് കഴിഞ്ഞ വർഷം ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 101,420 കോടി രൂപ ചെലവിലാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമിക്കുന്നത്. ഡൽഹിക്കും മുംബൈക്കും പുറമെ ജയ്പൂർ, വഡോദര, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഡൽഹിയും മുംബൈയും തമ്മിലുള്ള യാത്രാ സമയം വെറും 12 മണിക്കൂറായി കുറയ്ക്കുന്നതിനൊപ്പം, ജയ്പൂരിനും ഗുരുഗ്രാമിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കാനാകും. നിലവിൽ, ഗുരുഗ്രാമും ജയ്പൂരും തമ്മിലുള്ള ദൂരം താണ്ടാൻ ഏകദേശം 4-5 മണിക്കൂർ എടുക്കും.
2023-24 സാമ്പത്തിക വർഷത്തോടെ ഹൈവേയുടെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ഡൽഹി മുംബൈ എക്സ്പ്രസ് വേ 2024 ഓടെ പ്രവർത്തനക്ഷമമാകുമെന്നും ധനമന്ത്രാലയം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.