HOME /NEWS /India / 'ആത്മഹത്യ ചെയ്യും' ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ഡൽഹിക്കാരിയുടെ സന്ദേശം : സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി

'ആത്മഹത്യ ചെയ്യും' ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ഡൽഹിക്കാരിയുടെ സന്ദേശം : സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

'ഞാൻ വിഷമത്തിലാണ് ആരെങ്കിലും എന്നെ സഹായിക്കാൻ വന്നില്ലെങ്കിൽ, അടുത്ത 2 മണിക്കൂറിനുള്ളിൽ ഞാൻ ആത്മഹത്യ ചെയ്യും' എന്നായിരുന്നു സന്ദേശം.

  • Share this:

    ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ആത്മഹത്യ സന്ദേശം അയച്ച ഡൽഹി സ്വദേശിയായ സ്ത്രീയെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസ് സ്ത്രീയെ കണ്ടെത്തി ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്.

    രാത്രി പതിനൊന്ന് മണിയോടെയാണ് 43കാരിയായ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മെയിൽ അയച്ചത്. 'ഞാൻ വിഷമത്തിലാണ് ആരെങ്കിലും എന്നെ സഹായിക്കാൻ വന്നില്ലെങ്കിൽ, അടുത്ത 2 മണിക്കൂറിനുള്ളിൽ ഞാൻ ആത്മഹത്യ ചെയ്യും' എന്നായിരുന്നു സന്ദേശം. അഡ്രസും ഫോൺ നമ്പരും സഹിതമാണ് സന്ദേശം അയച്ചിരുന്നത്.

    ഇത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ലണ്ടനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസി വിദേശ കാര്യ മന്ത്രാലയത്തിന് കൈമാറി. വിദേശകാര്യ മന്ത്രാലയമാണ് സംഭവം ഡൽഹി പൊലീസിനെ അറിയിച്ചത്. ഡൽഹി പൊലീസ് ഏരിയയുടെ ചുമതലയുള്ള അമൻ വിഹാർ പൊലീസിനെ ഇക്കാര്യം ഏൽപ്പിച്ചു.

    മണിക്കൂറുകളുടെ ശ്രമങ്ങൾക്കൊടുവിലാണ് പൊലീസ് സ്ത്രീയെ കണ്ടെത്തിയത്. സന്ദേശത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ കൃത്യമായിരുന്നെന്നും എന്നാൽ വിളിക്കുമ്പോൾ ആരും ഫോൺ എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ അഡ്രസ് കൃത്യമായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. രോഹിണി ഏരിയ എന്ന് മാത്രമായിരുന്നു അഡ്രസിൽ ഉണ്ടായിരുന്നത്.

    രാത്രി ഒരു മണിയോടെയാണ് പൊലീസ് തെരച്ചിൽ ആരംഭിച്ചത്. ഏരിയയിലെ 40 ഓളം വീടുകളിൽ പൊലീസ് പരിശോധന നടത്തി. പ്രദേശ വാസികളോടും സെക്യൂരിറ്റി ജീവനക്കാരോടുമൊക്കെ പൊലീസ് സഹായം തേടി. ഒടുവിൽ സ്ത്രീയുടെ വീട് കണ്ടെത്തിയെങ്കിലും അവർ ഗേറ്റ് തുറന്നില്ല. ഫയർ ഫോഴ്സ് എത്തിയാണ് ഗേറ്റ് തുറന്നത്. തുടർന്ന് പൊലീസ് സ്ത്രീയുടെ വീടിനുള്ളിൽ പ്രവേശിച്ചു.

    16 പൂച്ചകൾക്കൊപ്പമായിരുന്നു സത്രീ താമസിച്ചിരുന്നത്. വീട് വർഷങ്ങളായി വൃത്തിയാക്കിയിട്ടില്ല. സ്ത്രീ കുളിക്കാറുമില്ലായിരുന്നു. ദുർഗന്ധം കാരണം വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസിന് വ്യക്തമായി.

    ഇതിനെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് സ്ത്രീയോട് സംസാരിക്കാൻ പറഞ്ഞു. പൂച്ചകളാണ് തന്റെ കുടുംബമെന്നും 10 വർഷത്തിലധികമായി ഇവർ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സംഭാഷണത്തിൽ നിന്ന് വ്യക്തമായി.

    ഭർത്താവിനെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹമോചിതയാണെന്നും ഇവർ പറഞ്ഞു. എംസിഡി സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. രണ്ട് മൂന്ന് വർഷം മുമ്പ് ഇവർ ജോലി ഉപേക്ഷിച്ചിരുന്നു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

    പൊലീസ് രണ്ട് സൈക്കോളജിസ്റ്റുകളെ വിളിച്ച് സ്ത്രീക്ക് കൗണ്‍സിലിംഗ് നൽകി. വീട് വൃത്തിയാക്കാനും പൊലീസ് സഹായിച്ചു. കുളിക്കാനും ഭക്ഷണം കഴിക്കാനും ഇവരോട് ആവശ്യപ്പെട്ടു. രാവിലെ താൻ ഓകെ ആയെന്ന് സ്ത്രീ അറിയിച്ചു. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

    First published:

    Tags: Boris Johnson, British Prime Minister Boris Johnson, PM Boris Johnson