ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വേനൽച്ചൂട് രൂക്ഷമായതോടെ വീടുകളിലെ വൈദ്യുതി ഉപഭോഗവും (electricity usage) വർധിച്ചു വരികയാണ്. തമിഴ്‌നാടിന്റെ വൈദ്യുതി ആവശ്യകത ഏപ്രിൽ 20-ന് എക്കാലത്തെയും ഉയർന്ന നിരക്കായ 19,387 മെഗാവാട്ടിലെത്തി. അതേ ദിവസം തന്നെ ചെന്നൈയുടെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 3,778 മെഗാവാട്ടായി രേഖപ്പെടുത്തി. ഗാർഹിക, വാണിജ്യ, ചെറുകിട വ്യവസായങ്ങളുടെ ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഗ്രേറ്റർ ചെന്നൈയിലെ വൈദ്യുതിയുടെ ഉപഭോഗം ഇത്രകണ്ട് വർധിക്കാൻ കാരണം.
മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വന്ന് സ്ഥിരതാമസമാക്കുന്നതിനാൽ ചെന്നൈയിലെ ആഭ്യന്തര ഡിമാൻഡ് ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2013 നും 2023 നും ഇടയിൽ നഗരത്തിന്റെ ആവശ്യകത 25 ശതമാനവും ഉപഭോഗം 60 ശതമാനവും വർദ്ധിച്ചു എന്നാണ് കണക്ക്. 2013-ൽ നഗരത്തിലെ വൈദ്യുതി ആവശ്യം 3,027 മെഗാവാട്ടായിരുന്നു, എന്നാൽ ഈ വർഷം അത് ഏപ്രിൽ 20-ന് 3,778 മെഗാവാട്ടിലെത്തി. ഇത് കേരളത്തിന്റെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ അടുത്താണെന്ന് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി) ചെയർമാൻ രാജേഷ് ലഖാനി പറഞ്ഞു.
Also read: ഹംദു ക്യൂട്ട് ആണ്; ആദ്യമായി മകന്റെ മുഖം തെളിയുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഷംന കാസിം
കോർപറേഷൻ പരിധിയിൽ വരുന്ന കോർ സിറ്റി ഏരിയകളിൽ നിന്ന് വളരെ ദൂരെയാണ് ഇപ്പോൾ പല വലിയ കടകളും തുറക്കുന്നതെന്നും വാണിജ്യ ആവശ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ ചെയർമാൻ ചൂണ്ടിക്കാട്ടി. “നേരത്തെ വലിയ കടകൾ അണ്ണാശാലയിലും പാരിസ് കോർണറിലുമായിരുന്നു ആരംഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ടി നഗർ എന്നത് ഒരു ഷോപ്പിംഗ് ജില്ലയായി തന്നെ മാറിയിരിക്കുകയാണ്. പല കടകളും അതിരാവിലെ തന്നെ തുറക്കുന്നു, എല്ലാ ലൈറ്റുകളും എയർ കണ്ടീഷണറുകളും ഉപയോഗിക്കുന്നുമുണ്ട്. ഇപ്പോൾ ടി നഗറിന് അപ്പുറത്തേക്ക് നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലും വലിയ വലിയ കടകൾ തുറന്നിരിക്കുന്നു. ഈ കടകൾക്കെല്ലാം ത്രീഫേസ് വൈദ്യുതിയും തുടർച്ചയായ വിതരണവും ആവശ്യമാണ്. ഓരോ വർഷവും നഗരത്തിലെ ആഭ്യന്തര ആവശ്യത്തോടൊപ്പം തന്നെ വാണിജ്യ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നും ചെയർമാൻ പറഞ്ഞു.
നിരവധി വലിയ കമ്പനികളുടെ ഓഫീസുകൾ തുറന്നിട്ടുണ്ടെന്നും ഈ ഓഫീസുകളും വാണിജ്യ വിഭാഗത്തിന് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നഗരത്തിന് പുറത്ത് കാഞ്ചീപുരത്തും തിരുവള്ളൂരിലും വൻകിട നിർമ്മാണ വ്യവസായങ്ങൾ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവയുടെ ഹെഡ് ഓഫീസുകളോ കോർപ്പറേറ്റ് ഓഫീസുകളോ ഉള്ളത് ചെന്നൈ നഗരത്തിലാണ്.
ഡിമാൻഡ് കൂടുന്നതിനനുസരിച്ച് ട്രാൻസ്ഫോർമറുകളിലും ഫീഡർ ലൈനുകളിലും ലോഡ് കൂടുന്നത് വൈദ്യുതി മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വൈദ്യുതി നൽകുന്നതിന് ട്രാൻസ്ഫോർമറുകൾ തുടർച്ചയായി മാറ്റുകയോ ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുകയോ ചെയ്യുന്നുണ്ട്. നഗരത്തിൽ പുതിയ പ്രദേശങ്ങളിലുൾപ്പെടെ ആയിരക്കണക്കിന് ട്രാൻസ്ഫോർമറുകൾ മാറിയിട്ടുണ്ട്. നഗരത്തിലുടനീളം മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഭൂഗർഭ കേബിളുകൾ വഴി ഉടൻ വൈദ്യുതി വിതരണം ആരംഭിക്കും. അതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ് എന്നും ചെയർമാൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Electricity, Electricity bill, Electricity Board, Electricity charge in Kerala