രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയ്ക്ക് വിരുദ്ധമാണ് നിയമമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 1985ലെ അസം ഉടമ്പടിക്കും 2019 ജനുവരി ഏഴിലെ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിനും വിരുദ്ധമാണ് നിയമമെന്നും ഹർജികളിൽ പറയുന്നു.
Also Read- പൗരത്വ നിയമം: തീരുമാനം പാറപോലെ ഉറച്ചത്; പിന്നോട്ടില്ലെന്ന് അമിത് ഷാ
സമത്വം സംബന്ധിച്ച എല്ലാ ഭരണഘടനാ തത്വങ്ങളുടേയും ഉറപ്പുകളുടേയും ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്. കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, ഡി.എം.കെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹർജി സമർപ്പിച്ചിട്ടുണ്ട്. എൻ.ആർ.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാർത്ഥി സംഘടനകൾ അടക്കം എതിർക്കുന്നത്. ഇതിന് പുറമേ വിവിധ മുസ്ലിം സംഘടനകൾ നൽകിയ ഹർജികളും കോടതി പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.