• HOME
  • »
  • NEWS
  • »
  • india
  • »
  • Caste | ഉപജാതി വേറെയെന്ന കാരണത്താൽ ഭ‍ർത്താവിനെ ഉപേക്ഷിച്ച് യുവതി; 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Caste | ഉപജാതി വേറെയെന്ന കാരണത്താൽ ഭ‍ർത്താവിനെ ഉപേക്ഷിച്ച് യുവതി; 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഭാര്യ എടുത്തിരിക്കുന്നത്.

Gujarat High Court

Gujarat High Court

  • Share this:
    ഭർത്താവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് യുവതി 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ (Gujarat High Court) ഉത്തരവ്. ഉപജാതി (Sub Caste) വേറെയായതിനാൽ ബന്ധം വേർപിരിയണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് യുവതി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. “നല്ല വിദ്യാഭ്യാസമുള്ള യുവതീ-യുവാക്കൾ ഇത്തരം കാരണങ്ങളാൽ വിവാഹം വേർപിരിയുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. “കുടുംബത്തിൻെറ സ്വാധീനം കൊണ്ടാണ് യുവതി ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. അനാവശ്യ ഇടപെടലുകളിൽ നിന്ന് കുടുംബാംഗങ്ങൾ മാറിനിൽക്കുന്നതാണ് ഉചിതം,” ജസ്റ്റിസ് സോണിയ ഗോകാനിയും ജസ്റ്റിസ് മൗന ഭട്ടും അടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ച് കൊണ്ട് അറിയിച്ചു.

    ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഹേബിയസ് കോർപസ് റിട്ടുമായാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. അന്യായമായി വീട്ടുകാർ തൻെറ ഭാര്യയെ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കാനുള്ള നടപടി ഉണ്ടാവണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതിയുടെ അറിയിപ്പ് ലഭിച്ചതോടെ യുവതി കോടതിയിൽ ഹാജരായി. ഏപ്രിൽ 27നാണ് യുവതി കോടതിയിലെത്തിയത്. പരാതിക്കാരൻ തൻെറ ഭർത്താവാണെന്ന് അവർ വ്യക്തമാക്കി. ഇരുവരും പട്ടേൽ സമുദായക്കാരാണ്. എന്നാൽ ഭർത്താവിൻെറ ഉപജാതി വേറെയായതിനാൽ തനിക്ക് ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.

    വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഭാര്യ എടുത്തിരിക്കുന്നത്. ബന്ധം വേർപിരിയുന്നതിന് അവർക്ക് മറ്റൊരു കാരണവും ബോധിപ്പിക്കാൻ ഉണ്ടായിരുന്നില്ല. ഇത് വളരെ നിർഭാഗ്യകരമാണെന്ന് കോടതി ആവർത്തിച്ചു. ഇത്തരത്തിലുള്ള പഴഞ്ചൻ ചിന്താഗതിയും അനാവശ്യമായ സ്വാധീനവും യുവതീ-യുവാക്കളുടെ ജീവിതം നശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല. മതത്തെയും ജാതിയെയും കുറിച്ച് അൽപ്പം കൂടി തുറന്ന ചിന്താഗതിയാണ് പുതുതലമുറയ്ക്ക് വേണ്ടതെന്നും കോടതി വ്യക്തമാക്കി. നാല് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഭർത്താവിൽ നിന്നും ബന്ധം വേർപെടുത്തുന്നതിന് മറ്റൊരു കാരണവും യുവതി കോടതിയെ ബോധിപ്പിച്ചിട്ടില്ല. ഉപജാതി വ്യത്യസ്തമാണ് എന്നതിലപ്പുറം എന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നറിയാൻ അഭിഭാഷകർ നിരവധി ചോദ്യങ്ങൾ യുവതിയോട് ചോദിച്ചിരുന്നു.

    വിവാഹജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കുമെന്ന എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഭർത്താവ് പരാതിയുമായി എത്തിയത്. എന്നാൽ, യുവതി തൻെറ തീരുമാനത്തിൽ നിന്ന് മാറാൻ തയ്യാറാല്ലാത്തതിനാൽ കോടതിക്കും ഒന്നും ചെയ്യാനാവില്ല. യുവതി അറിയിച്ചിരിക്കുന്ന കാരണം ഒട്ടും നീതിയുക്തമല്ലെന്നും ഇത്തരം കാരണങ്ങളാൽ ബന്ധം വേർപിരിയുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവിന് നാല് ആഴ്ചകൾക്കകം 10000 രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

    പെൺകുട്ടിയുടെ കുടുംബത്തിൻെറ നടപടികളെയും കോടതി വിമർശിച്ചു. മുതിർന്നവർ യുവാക്കൾക്ക് വഴി കാണിച്ച് നൽകേണ്ടവരാണ്. എന്നാൽ നിരുത്തരവാദിത്വപരമായി അവർ യുവാക്കളെ വഴിതെറ്റിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. യുവാക്കളുടെ ഭാവി തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന പിൻമാറണമെന്നും കോടതി അഭ്യർഥിച്ചു.
    Published by:Naveen
    First published: