• HOME
  • »
  • NEWS
  • »
  • india
  • »
  • തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിന് തൂക്കം കുറവെന്ന് ഭക്തൻ; അത് മെഷീൻ തകരാറു മൂലമെന്ന് ക്ഷേത്രം

തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിന് തൂക്കം കുറവെന്ന് ഭക്തൻ; അത് മെഷീൻ തകരാറു മൂലമെന്ന് ക്ഷേത്രം

നൂറ്റാണ്ടുകളായി പ്രസാദത്തിന്റെ ഗുണത്തിലും ഭാരത്തിലും തിരുപ്പതി ക്ഷേത്രം വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് ഭാരവാഹികൾ

  • Share this:
    തിരുപ്പതി ക്ഷേത്രത്തിൽ നിന്നും പ്രസാദമായി ലഭിക്കുന്ന ലഡുവിന് തൂക്കം കുറവാണെന്ന് കാണിച്ച് ഭക്തരിലൊരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ. എന്നാൽ ഇക്കാര്യം തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ നിഷേധിച്ചു. ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുതെന്നും ക്ഷേത്രം ഭാരവാഹികൾ വിശ്വാസികളോട് അഭ്യർത്ഥിച്ചു.

    സുനിൽ കുമാർ എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ക്ഷേത്രദർശനത്തിനു ശേഷം ലഡു കൗണ്ടറിലെത്തി ലഡു വാങ്ങിയതായി ഇയാൾ വീഡിയോയിൽ പറയുന്നു. ലഡുവിന്റെ ഭാരത്തിൽ സംശയം തോന്നിയതു കൊണ്ട് കൗണ്ടറിൽ പോയി പ്രസാദം തൂക്കുന്ന യന്ത്രത്തിൽ വെച്ചു. അതിൽ ലഡുവിന്റെ ഭാരം 98 ഗ്രാമിനും 108 ഗ്രാമിനും ഇടയിൽ ആയിരുന്നു എന്നും എന്നാൽ യഥാർത്ഥത്തിൽ തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിന്റെ ഭാരം165 ഗ്രാം മുതൽ 180 ഗ്രാം വരെയാണ് ഉണ്ടാകേണ്ടതെന്നും സുനിൽ കുമാർ വീഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം വൈറലാകുകയായിരുന്നു.

    വീഡിയോ ക്ഷേത്രം ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതേക്കുറിച്ച് ഒരു അന്വേഷണം നടത്തി. ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയതായും ക്ഷേത്രം അറിയിച്ചു. മെഷീനിലെ സാങ്കേതിക തകരാർ മൂലമാണ് ലഡുവിന്റെ ഭാരം കുറച്ചു കാണിച്ചതെന്നും ഇവർ പറഞ്ഞു. നൂറ്റാണ്ടുകളായി പ്രസാദത്തിന്റെ ഗുണത്തിലും ഭാരത്തിലും തിരുപ്പതി ക്ഷേത്രം വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

    Also Read-മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് പ്രതിവർഷവരുമാനം 150 കോടി; പ്രതിഫലം തുച്ഛമെന്ന് ബാർബർമാർ

    അടുത്തിടെ തിരുപ്പതി ദേവസ്ഥാനത്ത് ബാർബർമാർക്കിടയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെതിരെ തിരുപ്പതിയിൽ പ്രതിഷേധം നടന്നിരുന്നത് വാർ‌ത്തകളിൽ നിറഞ്ഞിരുന്നു. ബാർബർമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകളോളം ഭക്തർക്ക് തല മുണ്ഡനംചെയ്യാനായില്ല. ഭക്തരുടെ തല മുണ്ഡനം ചെയ്തു ലഭിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാർഷിക വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവിടുത്തെ ബാർബർമാരുടെ ജീവിതം ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മുടി ലേലം ചെയ്ത് ക്ഷേത്രത്തിന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സേവനങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്നെത്തി റെയ്ഡ് നടത്തുകയായിരുന്നെന്ന് ബാർബർമാർ പറഞ്ഞു. സ്ത്രീകളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരെ പരിശോധിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും തിരിച്ചറിയൽ കാർഡുകളും ബലം പ്രയോഗിച്ച് പിടിച്ചെടുത്തതായും ബാർബർമാർ ആരോപിച്ചു. ജീവനക്കാർ തങ്ങളെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അധിക്ഷേപിച്ചതായും അവർ പറഞ്ഞു. സ്വകാര്യ ലോക്കറിന്റെ താക്കോൽ നൽകിയാൽ ഫോൺ ലഭിക്കുമെന്ന് വിജിലൻസ് ജീവനക്കാർ അറിയിച്ചതായും ബാർബർമാർ കൂട്ടിച്ചേർത്തു.

    വിജിലൻസ് ജീവനക്കാരുടെ നടപടിയെത്തുടർന്ന് ബാർബർമാർ ജോലി നിർത്തി പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം പ്രതിഷേധം തുടർന്നു. ബാർബർമാരുടെ സേവനം നിലച്ചതോടെ തല മുണ്ഡനം ചെയ്യാനെത്തുന്ന ഭക്തരുടെ വലിയ ക്യൂ ആണ് ക്ഷേത്രപരിസരത്ത് ഉണ്ടായത്. എംപ്ലോയീസ് യൂണിയൻ ഭാരവാഹികളും നേതാക്കളും സ്ഥലത്തെത്തി ബാർബർമാരുമായി സംസാരിച്ച ശേഷമാണ് ഇവർ സേവനം തുടർന്നത്.
    Published by:Jayesh Krishnan
    First published: