ന്യൂഡല്‍ഹി: വാഡിയ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ലൈനായ ഗോ ഫസ്റ്റിന് (ഗോ എയര്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു) ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം പിഴ ചുമത്തി. ജനുവരി 9ന് ബെംഗളുരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിലാണ് നടപടി.
ബോർഡിംഗ് പാസെടുത്ത യാത്രക്കാർ വിമാനത്തിലേയ്ക്ക് എത്താനുള്ള ബസിലാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരെ വിമാനത്തിൽ കയറ്റാൻ എയർലൈൻ അധികൃതർ മറന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് മറ്റൊരു ഫ്‌ളൈറ്റിലാണ് യാത്ര നടത്തിയത്. യാത്രയ്ക്ക് മുമ്പുള്ള ഗ്രൗണ്ട് ഹാന്‍ഡിലിംഗില്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്.
”ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ എയര്‍ലൈന്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഫ്‌ളൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍ കാര്‍ഗോ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി,’ ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരെ കയറ്റാതെ പോയ സംഭവത്തിൽ ജനുവരി 10ന് തന്നെ ഡിജിസിഎ ഗോഫസ്റ്റ് എയര്‍ലൈനിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് തങ്ങള്‍ കാരണം ബുദ്ധിമുട്ടിയ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഗോ ഫസ്റ്റ് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ യാത്രക്കാര്‍ക്ക് അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം യാത്രക്കാരെ അന്ന് ബുദ്ധിമുട്ടിലാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. ജനുവരി 25നാണ് കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി ഗോഫസ്റ്റ് അധികൃതര്‍ നല്‍കിയത്.
Also read- ബംഗാളി പഠിക്കാന്‍ ഗവര്‍ണറുടെ എഴുത്തിനിരുത്തല്‍; ആനന്ദബോസിനെതിരെ ബിജെപി ബംഗാള്‍ ഘടകം
തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ”ജി-8 116 ഫ്‌ളൈറ്റിലുണ്ടായ ബുദ്ധിമുട്ടില്‍ യാത്രക്കാരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു വിമാനത്തിലാണ് അവരുടെ യാത്ര ക്രമീകരിച്ചത്,” ഗോ ഫസ്റ്റ് അധികൃതര്‍ പറഞ്ഞു. അതേസമയം വിമാന കമ്പനിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിജിസിഎ ഉന്നയിക്കുന്നത്. ചില യാത്രക്കാരും ഗോ ഫസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
”ജി-എട്ട് 116 എന്ന ഫ്‌ളൈറ്റ് 50 ലധികം യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നു. അമ്പതിലധികം യാത്രക്കാരുമായി എത്തിയ ഒരു ബസ് അവര്‍ കണ്ടില്ല. മറ്റൊരു ബസിലെത്തിയ യാത്രക്കാരുമായിട്ടാണ് വിമാനം യാത്ര തിരിച്ചത്. ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഉറങ്ങിപ്പോയോ? യാത്രയ്ക്ക് മുമ്പ് ആവശ്യമായ പരിശോധനകള്‍ പോലുമില്ല,’ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.