ചൈനയിലെ ചോങ്കിംഗിലേക്ക് പോവുകയായിരുന്ന തങ്ങളുടെ ചരക്ക് വിമാനം (Freighter Aircraft) സാങ്കേതിക തകരാർ മൂലം ചൊവ്വാഴ്ച കൊൽക്കത്തയിലേക്ക് തിരികെ എത്തിയതായി സ്‌പൈസ് ജെറ്റ് (SpiceJet) അറിയിച്ചിരുന്നു. വിമാനത്തിന്റെ കാലാവസ്ഥാ റഡാറിന് തകരാറുണ്ടെന്ന് ടേക്ക് ഓഫിന് ശേഷമാണ് പൈലറ്റിന് മനസ്സിലായത്. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ സ്‌പൈസ് ജെറ്റിന്റെ വിമാനങ്ങൾക്ക് സാങ്കേതിക തകരാർ ഉണ്ടാവുന്നത് ഇത് എട്ടാം തവണയാണ്.
“2022 ജൂലൈ 5ന്, സ്‌പൈസ് ജെറ്റ് ബോയിംഗ് 737 ചരക്ക് വിമാനം കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ചോങ്കിംഗിലേക്ക് സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. കാലാവസ്ഥ റഡാറിൽ കാലാവസ്ഥ കാണിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് (PIC) കൊൽക്കത്തയിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറക്കി,” സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
അതേസമയം, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സുരക്ഷാ തകരാറുകളുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തകരാറിലായ സ്‌പൈസ് ജെറ്റിന്റെ മൂന്നാമത്തെ വിമാനമാണ് കൊൽക്കത്തയിലേക്ക് തിരിച്ചയച്ചത്. നേരത്തെ, സ്‌പൈസ്‌ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനത്തിന്റെ ഇന്ധന സൂചകത്തിൽ മിഡ്-എയർ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ബജറ്റ് കാരിയറിന്റെ വിൻഡ്‌ഷീൽഡിൽ വിള്ളൽ ഉണ്ടായതിനാൽ മറ്റൊരു സ്‌പൈസ് ജെറ്റ് വിമാനം മുംബൈയിൽ തിരിച്ചിറക്കേണ്ടിയും വന്നിരുന്നു.
Also Read-
യാത്രാമധ്യേ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ വിൻഡോ ഗ്ലാസ് പൊട്ടി; ഇന്ന് തകരാർ കണ്ടെത്തിയ രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനംഡിജിസിഎ നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” എയർലൈൻ വ്യക്തമാക്കി. IATA-IOSA സർട്ടിഫൈഡ് എയർലൈൻ ആണ് സ്പൈസ് ജെറ്റ്. 2021 ഒക്‌ടോബറിൽ റീസർട്ടിഫിക്കേഷനായുള്ള സൂക്ഷ്മമായ ഓഡിറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഡിജിസിഎ ഞങ്ങളെ പതിവായി ഓഡിറ്റ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ എല്ലാ വിമാനങ്ങളും ഒരു മാസം മുമ്പ് റെഗുലേറ്റർ ഓഡിറ്റ് ചെയ്യുകയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തതാണ്. ഡിജിസിഎ സിവിൽ ഏവിയേഷൻ റെഗുലേഷൻസിന്റെ നിയന്ത്രണങ്ങൾ പാലിച്ചാണ് സ്‌പൈസ് ജെറ്റിന്റെ എല്ലാ വിമാനങ്ങളും പ്രവർത്തിക്കുന്നത്,” സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
Also Read-
ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായി; ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കിജൂൺ 19ന് ശേഷം സ്‌പൈസ് ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂൺ 19 ന്, 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിന് പട്‌ന വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിക്കുകയുണ്ടായി. മിനിറ്റുകൾക്ക് ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. പക്ഷി ഇടിച്ചതിനാലാണ് എഞ്ചിൻ തകരാറിലായിലായത്. അതേദിവസം തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, ക്യാബിൻ പ്രഷറൈസേഷൻ പ്രശ്‌നങ്ങൾ കാരണം ജബൽപൂരിലേക്കുള്ള വിമാനത്തിന് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നു. ജൂൺ 24 നും ജൂൺ 25 നും ടേക്ക് ഓഫ് ചെയ്യുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് രണ്ട് വിമാനങ്ങൾ യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.