ന്യൂഡല്‍ഹി: പാരീസ്-ഡല്‍ഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ 10 ലക്ഷം രൂപ പിഴ ചുമത്തി. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്റെ പേരിലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് ആവശ്യപ്പെടുംവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപന് സഹയാത്രികയുടെ പുറത്തേക്ക് മൂത്രമൊഴിച്ചതിന് പിന്നാലെയാണ് പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം നടന്നത്. പാരീസ്- ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരിയുടെ പുതപ്പിലാണ് മദ്യപന് മൂത്രമൊഴിച്ചത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ് എഴുതി നല്കിയതിനാല് നടപടിയൊന്നും ഉണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read- സഹയാത്രികയ്ക്ക് മേൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ
ഡിസംബര്‍ ആറിന് രാവിലെ 9.40ന് പാരീസില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റടക്കം ഈ വിമാനത്തില്‍ 143 ആളുകളായിരുന്നു ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവം പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോളില് അറിയിച്ചിരുന്നു.
മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സിആര്‍പിഎഫ് പിടികൂടിയിരുന്നു. എന്നാല്‍ ഈ യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരനില്‍ നിന്ന് രേഖാമൂലം മാപ്പ് എഴുതി വാങ്ങിയതായും അധികൃതർ വ്യക്തമാക്കി.
യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് കേസെടുക്കുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എയര്‍പോര്‍ട്ട് സെക്യൂരിറ്റി വഴി യാത്രക്കാരനെ പോകാന്‍ അനുവദിക്കുകയായിരുന്നു.
നവംബർ 26 ന് ന്യൂയോർക്ക് -ഡൽഹി വിമാനത്തിലുണ്ടായ സമാനസംഭവത്തിലും എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ന്യൂയോർക്ക്- ഡൽഹി വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന പൈലറ്റിനെ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.