ഭിന്നശേഷിക്കാരനായ കുട്ടിക്ക് വിമാനത്തിൽ യാത്രാനുമതി നിഷേധിച്ചതായി ആരോപണം. ഇൻഡിഗോ എയർലൈൻസാണ് കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്. കുട്ടി പരിഭ്രാന്തി പ്രകടിപ്പിച്ചതിനാലാണ് മറ്റ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ വിശദീകരിച്ചു. റാഞ്ചി വിമാനത്താവളത്തിലാണ് സംഭവം.
മനീഷ ഗുപ്ത എന്ന യാത്രക്കാരി സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് കാര്യം ചർച്ചയായി മാറിയത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിക്കുകയും ഇൻഡിഗോയോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ‘‘വിവേചനപരമായ ഇത്തരം നടപടികളോട് അൽപ്പം പോലും സഹിഷ്‌ണുത പുലർത്താനാവില്ല. ഒരു വ്യക്തിയും ഇങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോവാൻ പാടില്ല’- മന്ത്രി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ചയതോടെ ട്വിറ്റർ ഉപഭോക്താക്കളിൽ ഒരാൾ മന്ത്രിയെ മെൻഷൻ ചെയ്തുകൊണ്ട് ഇട്ട പോസ്റ്റിന് മറുപടി നൽകവെയാണ് അദ്ദേഹം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ശേഷം ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ അമ്മയും അച്ഛനും ചേർന്ന് പരിപാലിക്കുകയായിരുന്നു. ഇതിനിടെ അവിടെയുണ്ടായിരുന്ന യാത്രക്കാർ കുട്ടിക്ക് എന്തെങ്കിലും സഹായം ആവശ്യമായുണ്ടോയെന്ന് ചോദിച്ച് അടുത്തെത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ എയർലൈൻസ് അധികൃതർ കുട്ടി സാധാരണ സ്ഥിയിലാകുന്നത് വരെ ബോർഡിങ് യാത്രാനുമതി നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഭക്ഷണ൦ കഴിക്കുകയും ജ്യൂസ് കുടിക്കുകയും ചെയ്തതോടെ ബോർഡിങ് സമയമായപ്പോഴേക്കും കുട്ടി ഉഷാറായെന്ന് പോസ്റ്റിൽ പറയുന്നു.
കുട്ടിയുടെ പരിഭ്രാന്തി മാറുന്നത് വരെ എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് കാത്തുനിന്നതായും കുട്ടിക്കും രക്ഷിതാക്കൾക്കും ഹോട്ടലിൽ താമസം ഒരുക്കി നൽകിയതായും അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് അടുത്ത ദിവസം രാവിലെ തിരിച്ചതായും ഇൻഡിഗോ തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.