‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നോട്ടീസ് അയച്ച് സിനിമയുടെ സംവിധായകന് വിവേക് അഗ്നിഹോത്രി. വിവേക് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ”ഞങ്ങളെയും ഞങ്ങളുടെ സിനിമകളെയും അപകീര്‍ത്തിപ്പെടുത്താന്‍ ദുരുദ്ദേശ്യത്തോടെ നടത്തിയ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നോട്ടീസ് അയച്ചു”, എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റില്‍ കുറിച്ചത്.
സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കുന്ന തരത്തിലാണ് ചിത്രം നിര്‍മ്മിച്ചതെന്ന് ആരോപണം ഉന്നയിച്ച മമത ബാനര്‍ജിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.
”ബംഗാളിലെ വംശഹത്യയെ ആസ്പദമാക്കിയുള്ളതാണ് ദി കശ്മീര്‍ ഫയല്‍സും എന്റെ വരാനിരിക്കുന്ന സിനിമകളുമെന്നാണ് ഇന്നലെ മമത ബാനര്‍ജി പറഞ്ഞത്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ക്ക് ബിജെപി ഫണ്ട് നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഞങ്ങള്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്”, വിവേക് അഗ്നിഹോത്രി പറഞ്ഞു.
BREAKING:
I have, alongwith @AbhishekOfficl & Pallavi Joshi, sent a LEGAL NOTICE to the Chief Minister, Bengal @MamataOfficial for her false & highly defamatory statements made with malafide intention to defame us & our films #TheKashmirFiles & upcoming 2024 film #TheDelhiFiles. pic.twitter.com/G2SjX67UOB
— Vivek Ranjan Agnihotri (@vivekagnihotri) May 9, 2023
കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വളച്ചൊടിക്കപ്പെട്ട കഥയാണ് ‘ദി കേരള സ്റ്റോറി’ എന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനുന്നതിനായി വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അടിയന്തരമായി നിരോധിക്കാന്‍ മമത ബാനര്‍ജി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
നേരത്തെ, വിവേക് അഗ്നിഹോത്രി വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അഭിനന്ദനത്തോടൊപ്പം വിചിത്രമായ ഒരു ഉപദേശം കൂടിയാണ് ചിത്രത്തിന്റെ ടീമിന് അദ്ദേഹം നല്‍കിയത്. ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍മ്മാതാവായ വിപുല്‍ ഷായേയും മറ്റ് പ്രവര്‍ത്തകരെയും ഇദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ഇവരുടെ ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ലെന്നും വിവേക് അഗ്നിഹോത്രി മുന്നറിയിപ്പ് നല്കി. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം.
”പ്രിയപ്പെട്ട വിപുല്‍ ഷായ്ക്കും സുദീപ്തോ സെന്നിനും ദി കേരള സ്റ്റോറിയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. എന്നാല്‍ അശുഭമായ മറ്റൊരു കാര്യം കൂടി നിങ്ങളെ ഈ നിമിഷത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. നിങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാകില്ല. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിദ്വേഷത്തിന് നിങ്ങള്‍ പാത്രമാകും. പല സമയത്തും നിങ്ങള്‍ക്ക് ആശങ്ക തോന്നിയേക്കാം. എന്നാല്‍ ഓര്‍ക്കുക ഭാരം താങ്ങാന്‍ നിങ്ങളുടെ ചുമലുകള്‍ക്ക് ശക്തിയുണ്ടോയെന്ന് ദൈവം പരീക്ഷിക്കുന്നതാണിത്”, എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
”ധര്‍മ്മത്തെ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുത്ത മാധ്യമമാണ് സിനിമ എങ്കില്‍ ആ തീരുമാനത്തില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകരുത്. ഇന്ത്യയിലെ കഥാകൃത്തുക്കളെ വളര്‍ത്താന്‍ പരിശ്രമിക്കൂ. കഴിവുള്ള യുവാക്കളെ ഈ മേഖലയിലേക്ക് കടന്നുവരാന്‍ സഹായിക്കൂ. ഈ ഇന്‍ഡിക് നവോത്ഥാനം ഭാരതത്തിന്റെ വഴികാട്ടിയായി മാറട്ടേ”, വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.