റായ്പുർ: ലോക്ക്ഡൗൺ നിയമം ലംഘിച്ചു എന്നാരോപിച്ച് യുവാവിന്‍റെ കരണത്തടിച്ച ജില്ലാ കളക്ടർക്കെതിരെ വിമർശനം. ഛത്തീസ്ഗഗ് സുരജ്പുർ ജില്ലാ കളക്ടർ രൺബീർ ശർമ്മയാണ് വിവാദങ്ങൾക്ക് നടുവിലായിരിക്കുന്നത്. കളക്ടർ ഒരു യുവാവിന്‍റെ കരണത്തടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും കളക്ടർക്കെതിരെ രംഗത്തെത്തുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു യുവാവിനെ കളക്ടർ മർദ്ദിച്ചതെന്നാണ് ആരോപണം. യുവാവ് മരുന്നുകൾ വാങ്ങുന്നതിനായാണ് പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കളക്ടറുടെ ചോദ്യത്തിന് മറുപടിയായി കയ്യിലുള്ള ഒരു പേപ്പർ കാണിച്ച് യുവാവ് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കേൾക്കാതെ കരണത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇയാളുടെ മൊബൈലും വാങ്ങി നിലത്തേക്കെറിയുന്നുണ്ട്. ഇതിന് പിന്നാലെ അടുത്ത് നിന്ന പൊലീസുകാരോടും യുവാവിനെ മർദ്ദിക്കാൻ കളക്ടർ നിർദേശിക്കുന്നുണ്ട്. അയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.
This brute is District Collector of @SurajpurDist, Chhattisgarh Ranbir Sharma. Has been suspended. Deserves far worse, of course. The IAS officer was reportedly transferred in 2015 on bribery charges. Should be made an example of and serve prison time. pic.twitter.com/qmV9YnVy6y
— Shiv Aroor (@ShivAroor) May 22, 2021
ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍റെ നിന്ദ്യമായ പെരുമാറ്റം ആണിതെന്നായിരുന്നു വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്‍റർസ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പ്രതികരിച്ചത്. സംഭവം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സൂരജ്പുർ കളക്ടറുടെ പെരുമാറ്റത്തെ ഐഎഎസ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. ഇത് അസ്വീകാര്യവും സേവനത്തിൻറെയും നാഗരികതയുടെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണ്. സിവിൽ സർവീസുകാർക്ക് എല്ലായ്പ്പോഴും വേണ്ടത് സഹാനുഭൂതിയാണ് പ്രത്യേകിച്ചും ഈ വിഷമഘട്ടങ്ങളിൽ' ഐഎഎസ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
വീഡിയോ വൈറലായി വിമർശനം ശക്തമായതോടെ ഖേദപ്രകടനവുമായി കളക്ടര്‍ രൺബീർ ശർമ്മ രംഗത്തെത്തിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് തല്ലിയതെന്നാണ് ക്ഷമാപണം നടത്തി കളക്ടർ പ്രതികരിച്ചത്. ' വാക്സിനേഷന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നാണ് യുവാവ് പറഞ്ഞത് എന്നാൽ അതിന് മതിയായ രേഖകളില്ലായിരുന്നു. പിന്നീട് പറഞ്ഞത് മുത്തശ്ശിയെ സന്ദർശിക്കാൻ പോകുന്നുവെന്നാണ് പിന്നീട് പറഞ്ഞത്. അപമര്യാദയായി പെരുമാറിയതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അടിക്കുകയായിരുന്നു. എന്‍റെ പെരുമാറ്റത്തിന് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു' കളക്ടർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: District Collector, Viral video