കൊൽക്കത്ത: ബംഗാളിൽ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡോക്ടർമാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മമത ചർച്ചയിൽ അറിയിച്ചു. ബംഗാളിൽ ഡോക്ടർമാരുടെ സമരം എട്ടാം ദിവസവും തുടരുന്നതിനിടെയാണ് ചർച്ചയ്ക്ക് മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
ഡോക്ടർമാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന നിലപാടിലായിരുന്നു മമതാ ബാനർജി ചർച്ചയ്ക്ക് തയ്യാറായത്. എൻആർഎസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ആക്രമിച്ച അഞ്ച് പേർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പു വരുത്താൻ നോഡൽ ഓഫീസർമാരെ നിയമിക്കും. അത്യാഹിത വിഭാഗത്തിൽ രോഗിയ്ക്കൊപ്പം രണ്ടു ബന്ധുക്കളെ മാത്രമേ അനുവദിക്കൂവെന്നും ചർച്ചയിൽ മമത അറിയിച്ചു.
എൻആർഎസ് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചിരുന്നു. ഇതിനെതിരെ ബംഗാളിലെ ഡോക്ടർമാർ നടത്തിയ സമരത്തിന് രാജ്യവ്യാപകമായി ഡോക്ടർമാർ പിന്തുണ നൽകി. കേന്ദ്രവും വിഷയത്തിൽ ഇടപെട്ടതോടെയാണ് മമത നിലപാടിൽ അയവ് വരുത്താൻ തയ്യാറായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.