ന്യൂഡൽഹി: റഫാല്‍ രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പെടുത്ത് കടത്തിയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പിയെടുത്ത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കടത്തിയതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. രേഖകള്‍ ചോര്‍ത്തിയത് ദേശീയ സുരക്ഷയെ ബാധിക്കും. രഹസ്യ സ്വഭാവം നഷ്ടമാകുന്നത് വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകും.
ഫെബ്രുവരി 28 മുതല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. ഈ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിയുടെ ഭാഗം ആക്കരുത്. ശത്രു രാജ്യങ്ങള്‍ക്ക് പോലും വിവരങ്ങള്‍ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നാളെ റാഫേല്‍ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷ്ടിച്ചതാണെന്ന അറ്റോര്‍ണി ജനറലിന്റെ വാദം നേരത്തെ വിവാദമായിരുന്നു. ഗുരുതരമായ അഴിമതി ആരോപണ വിഷയമായതിനാല്‍ മോഷ്ടിക്കപ്പെട്ട രേഖകളാണെങ്കിലും പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.ഇതിനിടെയാണ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കേന്ദ്രം അനുമതി തേടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.