ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്നതോടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമാകും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ടാകും.
അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് വൻ ജനാവലിയെ അഭിസംബോധന ചെയ്യും. അന്നുതന്നെ ആഗ്രയിലെ താജ്മഹലും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. ചൊവ്വാഴ്ച ദില്ലി സന്ദർശന വേളയിൽ ട്രംപ് പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും കാണും.
അതേസമയം ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇപ്പോൾ ഒപ്പിടില്ലെന്ന സൂചനയാണ് ഡൊണാൾഡ് ട്രംപ് നൽകുന്നത്. ഇന്ത്യയുമായി സുപ്രധാന കരാർ പിന്നീട് ഒപ്പിടും. എന്നാൽ അത് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് ഇന്ത്യയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്ന സംഘത്തിൽ വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ഊർജ സെക്രട്ടറി ഡാനി ബ്രൌലെറ്റ്, ആക്ടിംഗ് വൈറ്റ് ഹൌസ് ചീഫ് സ്റ്റാഫ് മിക്ക് മുൽവാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ എന്നിവരും ഉൾപ്പെടുന്നു.
ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന പരിപാടി ഇങ്ങനെ...
2020 ഫെബ്രുവരി 24 തിങ്കളാഴ്ച11.40 AMഅഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നു
12.15 PMസബർമതി ആശ്രമം സന്ദർശിക്കും
1.05 PMനമസ്തെ ട്രംപ് പരിപാടി
പുതിയതായി പണികഴിപ്പിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ട്രംപ് വൻ ജനാവലിയ അഭിസംബോധന ചെയ്യും
3.30 PMആഗ്രയിലേക്ക് തിരിക്കും
4.45 PMആഗ്ര എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങും
5.15 PMതാജ്മഹൽ സന്ദർശനം
6.45 PMഡൽഹിക്ക് തിരിക്കും
7.30 PMഡൽഹി പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങും.
2020 ഫെബ്രുവരി 25 ചൊവ്വാഴ്ച10.00 AMരാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം
10.30 PMരാജ്ഘട്ടിൽ മഹാത്മാഗാന്ധി സ്മൃതിമണ്ഡപത്തിൽ ആദരമർപ്പിക്കൽ
11.00 AMഹൈദരാബാദ് ഹൌസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
12.40 PMപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുപ്രധാന കരാറുകൾ ഒപ്പിടും. അതിനുശേഷം ഇരു നേതാക്കളും ചേർന്ന് സംയുക്ത പ്രസ്താവന നടത്തും
7.30 PMരാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച
10.00 PMഅമേരിക്കയിലേക്ക് തിരിക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.