• HOME
 • »
 • NEWS
 • »
 • india
 • »
 • Colour Blindness | വർണാന്ധതയുള്ളവർക്ക് പ്രവേശനം നിഷേധിക്കരുത്; FTIIയോട് സുപ്രീംകോടതി

Colour Blindness | വർണാന്ധതയുള്ളവർക്ക് പ്രവേശനം നിഷേധിക്കരുത്; FTIIയോട് സുപ്രീംകോടതി

വർണ്ണാന്ധത ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2016-ൽ പൂനെയിലെ എഫ്‌ടിഐഐ ഒരു വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

സുപ്രീം കോടതി

സുപ്രീം കോടതി

 • Share this:
  വർണാന്ധതയുള്ള (Colour Blindness) വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോട് (Film and Television Institute of India) സുപ്രീം കോടതി. കല യാഥാസ്ഥികമാകരുതെന്നും അത് എല്ലാവരെയും ഉൾക്കൊള്ളുന്നതും പുരോ​ഗമനപരവുമായിരിക്കണമെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. സിനിമ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ഇത്തരം ശാരീരികാവസ്ഥകളുടെ പേരിൽ പ്രവേശനം നിഷേധിക്കരുതെന്നും എഫ്ടിഐഐയോടും (FTII) മറ്റ് കോളേജുകളോടും സുപ്രീംകോടതി നിർദേശിച്ചു. കോടതി നിയോഗിച്ച ഏഴംഗ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

  വർണ്ണാന്ധത ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2016-ൽ പൂനെയിലെ എഫ്‌ടിഐഐ ഒരു വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ വിദ്യാർഥിയുടെ അപേക്ഷയിലാണ് വർണ്ണാന്ധതയുള്ളവർക്കായി ഫിലിം, ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വാതിലുകൾ തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്. പട്ന സ്വദേശിയായ അശുതോഷ് കുമാർ ആണ് ഹർജി നൽകിയത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടും വർണാന്ധത ഉണ്ടെന്ന കാരണത്താലാണ് 3 വർഷത്തെ ഫിലിം എഡിറ്റിങ് കോഴ്സിലേക്ക് അശുതോഷിന് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇൻസ്റ്റിറ്റ്യൂട്ടിലെ 6 കോഴ്സുകളിൽ വർണാന്ധത ഉള്ളവർക്ക് പ്രവേശനം നൽകിയിരുന്നില്ല.

  ഏതു പരിമിതിയെയും സഹായവും പിന്തുണയും കൊണ്ട് മറികടക്കാം. വർണാന്ധതയുടെ അടിസ്ഥാനത്തിൽ പ്രവേശനത്തിൽ വിവേചനം പാടില്ലെന്നും കോടതി പറഞ്ഞു. സിനിമ കോഴ്‌സുകളിലേക്ക് വർണ്ണാന്ധതയുള്ള ഉദ്യോഗാർത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്തുന്നത് സർഗ്ഗാത്മക പ്രതിഭകളെ ബലികഴിക്കുന്നതിന് തുല്യമാണെന്നും അത് കലയുടെ വളർച്ച തടയുമെന്നും കോടതി നിയോ​ഗിച്ച സമിതി വാദിച്ചു. വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള കൂട്ടിച്ചേർക്കലുകളാണ് കലയെ സമ്പന്നമാക്കുന്നുതെന്നും അവർ നിരീക്ഷിച്ചു.

  സിനിമാ മേഖലയിൽ നിന്നുള്ളവരും നേത്രരോഗ വിദഗ്ധരും അടങ്ങുന്ന സമിതിയെ ആണ് സുപ്രീം കോടതി നിയോ​ഗിച്ചത്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ കോഴ്‌സുകളും പഠിക്കാൻ വർണ്ണാന്ധതയുള്ളവരെ അനുവദിക്കണമെന്ന നിഗമനത്തിലാണ് തങ്ങൾ എത്തിച്ചേർന്നതെന്ന് സമിതിയുടെ ഭാഗമായ അഭിഭാഷകൻ ഷൂബ് ആലം ​​വാദം കേൾക്കലിന്റെ തുടക്കത്തിൽ ബെഞ്ചിനെ അറിയിച്ചു. ഫിലിം എഡിറ്റിംഗ് കോഴ്‌സിന് കളർബ്ലൈൻഡ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത് സാങ്കേതികമായി സാധ്യമല്ലെന്ന് എഫ്‌ടിഐഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അമിത് ആനന്ദ് തിവാരി വാദിച്ചു.

  എന്താണ് വർണാന്ധത (Colour Blindness)?

  നിറങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയാണ് വര്‍ണാന്ധത എന്നു പറയുന്നത്. ഈ അവസ്ഥ ഉള്ളവരിൽ ഏതെങ്കിലും ഒരു നിറമോ അല്ലെങ്കില്‍ ഒന്നിലധികം നിറങ്ങളോടോ അന്ധത ഉണ്ടാകാം. ചുവപ്പ്-പച്ച വര്‍ണാന്ധതയാണ് ഏറ്റവും കൂടുതല്‍ ആളുകലിലും കാണപ്പെടുന്നത്. മിക്കവരിലും ജനിതകപരമായ കാരണംകൊണ്ടാണ് ആ അവസ്ഥ ഉണ്ടാകുന്നത്. കണ്ണിലെ ഞരമ്പുകളിലുണ്ടാകുന്ന എന്തെങ്കിലും മുറിവോ കേടുപാടുകളോ മൂലമോ ഇത് സംഭവിക്കാം. പ്രായമാകുമ്പോൾ നേത്രഗോളത്തിന് ഉള്ളിലെ ലെന്‍സിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ കൊണ്ടും ചിലരില്‍ വര്‍ണ്ണാന്ധത ഉണ്ടാകാറുണ്ട്. വർണ്ണാന്ധത ബാധിച്ചവർക്ക്, നിറങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് വച്ച ചില വസ്തുക്കളെ സാധാ‍രണ കാഴ്ചശക്തി ഉള്ളവരേക്കാൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
  Published by:Naveen
  First published: