നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kashi Vishwanath Dham | കാശി വിശ്വനാഥ് ധാം ഉദ്‌ഘാടനം; ഡ്രോണുകളും 200ലധികം ജീവനക്കാരുമായി വിപുലമായ കവറേജിനൊരുങ്ങി ദൂരദർശൻ

  Kashi Vishwanath Dham | കാശി വിശ്വനാഥ് ധാം ഉദ്‌ഘാടനം; ഡ്രോണുകളും 200ലധികം ജീവനക്കാരുമായി വിപുലമായ കവറേജിനൊരുങ്ങി ദൂരദർശൻ

  പ്രധാനമന്ത്രി മോദിയുടെ കാശി വിശ്വനാഥ് ധാം സന്ദര്‍ശനത്തിന്റെ തത്സമയ കവറേജിനായി ഡിഡി വിപുലമായ തയ്യാറെടുപ്പ് നടത്തിയതായി പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി

  കാശി വിശ്വനാഥ ക്ഷേത്രം

  കാശി വിശ്വനാഥ ക്ഷേത്രം

  • Share this:
   കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയുടെ (Kashi Vishwanath Dham) ഉദ്ഘാടനത്തിനും അനുബന്ധ പരിപാടികള്‍ക്കും വിപുലമായ കവേറേജ് ഒരുക്കി ദൂരദര്‍ശന്‍ (Doordarshan). കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (PM Narendra Modi) നിര്‍വഹിക്കുക. പരിപാടികള്‍ കവര്‍ ചെയ്യുന്നതിനായി വിവിധ നഗരങ്ങളില്‍ നിന്നുള്ള കറസ്പോണ്ടന്റുമാർ, ക്യാമറാമാന്മാർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി 200ലധികം സ്റ്റാഫ് അംഗങ്ങളെ ദൂരദർശൻ വിന്യസിച്ചിട്ടുണ്ട്.

   ഡിസംബര്‍ 13 ന് ഡിഡി ന്യൂസും ഡിഡി ഇന്ത്യയും പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഉള്‍പ്പടെയുള്ള പരിപാടികള്‍ രാവിലെ 11 മുതല്‍ 3.30 വരെയും വൈകിട്ട് 5 മുതല്‍ 8.45 വരെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ''കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം ഡിഡി നാഷണല്‍, ആര്‍എല്‍എസ്എസ് (പ്രാദേശിക ഭാഷാ സാറ്റലൈറ്റ് സ്റ്റേഷനുകള്‍) ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും'' എന്ന്സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

   Also read: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിൽ; കാശി വിശ്വനാഥ് ഇടനാഴി ഉദ്‌ഘാടനം ചെയ്യും

   55 ക്യാമറകള്‍, ഏഴ് സാറ്റലൈറ്റ് അപ്ലിങ്ക് വാനുകള്‍, ഏറ്റവും പുതിയ ഡ്രോണുകള്‍, റേഡിയോ ഫ്രീക്വന്‍സി ക്യാമറകള്‍ എന്നിവയുമായി തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയുടെ കാശി വിശ്വനാഥ് ധാം സന്ദര്‍ശനത്തിന്റെ തത്സമയ കവറേജിനായി ഡിഡി വിപുലമായ തയ്യാറെടുപ്പ് നടത്തിയതായി പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി ട്വീറ്റ് ചെയ്തിരുന്നു. മികച്ച കവറേജിനായി വാരാണസിയില്‍ ഏറ്റവും പുതിയ രണ്ട് ഡ്രോണുകളും ആര്‍എഫ് ക്യാമറകളും വിന്യസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

   പരിപാടിയുടെ കവറേജിനായി എത്ര നഗരങ്ങളില്‍ നിന്ന് എത്ര സംഘങ്ങൾ വാരണാസിയിൽ എത്തിയിട്ടുണ്ട് എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ നിന്നും വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. വാരണാസിയിലെ പ്രാദേശിക ഓള്‍ ഇന്ത്യ റേഡിയോ (എഐആര്‍) ടീമുകള്‍ നെറ്റ്വര്‍ക്കിലുടനീളം സംപ്രേക്ഷണം ചെയ്യുന്നതിനായി ഇവന്റ് കവര്‍ ചെയ്യുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് വെളിപ്പെടുത്തി.

   Also read: കാശി വിശ്വനാഥ് ധാം മുതൽ രുദ്രാക്ഷ് കേന്ദ്രം വരെ; പൗരാണികത നിലനിർത്തി പ്രധാനമന്ത്രി മോദി വാരാണസിയുടെ മുഖഛായ മാറ്റിയതിങ്ങനെ

   ഡിസംബര്‍ 12 ന് രാത്രി 8 മുതല്‍ 10 വരെ, ഗംഗാതീരത്ത് തയ്യാറാക്കിയ പ്രത്യേക ബോട്ടില്‍ വെച്ച് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക ന്യൂസ്നൈറ്റും, 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക പരിപാടിയും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നു. 'കാശി: എ ന്യൂ ഐഡന്റിറ്റി' എന്ന തലക്കെട്ടിലായിരുന്നു ഡിസംബര്‍ 12ന് വാരണാസിയില്‍ നിന്ന് ഡിഡി ഇന്ത്യ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്. കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതിയുടെ ആര്‍ക്കിടെക്റ്റും ആസൂത്രകനുമായ ഡോ. ബിമല്‍ പട്ടേലുമായുള്ള അഭിമുഖവും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ദൂരദര്‍ശന്‍ വിപുലമായ കവറേജ് നല്‍കുന്നതില്‍ വിമര്‍ശിക്കുകയും നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ പക്ഷപാതപരമായ സമീപനം പുലർത്തുന്നുവെന്നും ഒരു നിര്‍ദ്ദിഷ്ട പാര്‍ട്ടിക്ക് ആനുപാതികമല്ലാത്ത സമയം നല്‍കുന്നുവെന്നുമുള്ള ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കുന്ന എല്ലാ പരിപാടികളും ദേശീയ പ്രാധാന്യമുള്ളവയാണെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് ഡിഡിയിലും എഐആറിലും പ്രക്ഷേപണത്തിന് മതിയായ സമയം ലഭിക്കുമെന്നും ഡിഡിയുടെ കവറേജിനെ ന്യായീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന ദൂരദര്‍ശന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
   Published by:user_57
   First published: