എയർ ഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ വീണ്ടും സമാനമായ സംഭവം. ഇത്തവണ അമേരിക്കൻ എയർലൈൻസിലാണ് സംഭവമുണ്ടായിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരൻ സഹയാത്രക്കാരനു മേൽ മൂത്രമൊഴിച്ചത്.
ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി 9.16 ന് പുറപ്പെട്ട AA292 വിമാനത്തിലാണ് യാത്രക്കാരൻ മൂത്രമൊഴിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച്ച 10.12 നാണ് വിമാനമെത്തിയത്. യുഎസിലെ ഒരു സർവകലാശാലാ വിദ്യാർത്ഥിയാണ് യാത്രക്കാരനു മേൽ മൂത്രമൊഴിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മദ്യപിച്ചിരുന്ന വിദ്യാർത്ഥി ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കുകയായിരുന്നു. അടുത്തിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ആയതോടെ ഇയാൾ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. മദ്യലഹരിയിൽ ഉറക്കത്തിൽ അറിയാതെ സംഭവിച്ചതാണെന്നാണ് വിദ്യാർത്ഥിയുടെ വിശദീകരണം. മാപ്പ് പറഞ്ഞതോടെ യാത്രക്കാരൻ പൊലീസിൽ പരാതി നൽകുന്നില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിക്ക് ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. എങ്കിലും വിമാന അധികൃതർ വിവരം എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചു.
വിമാനത്തിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൈലറ്റലാണ് എടിസിയിൽ അറിയിപ്പ് നൽകിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം ഡൽഹി എയർപോട്ടിൽ എത്തിയ ഉടൻ തന്നെ ആരോപണവിധേയനായ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. പരാതി നൽകിയ യാത്രക്കാരനിൽ നിന്ന് പൊലീസ് മൊഴിയെടുത്തതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.
Also Read- അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു
സിവിൽ ഏവിയേഷൻ ചട്ടങ്ങൾ അനുസരിച്ച്, യാത്രക്കാരന്റെ ഭാഗത്തു നിന്ന് വിമാനത്തിൽ മോശം പെരുമാറ്റമുണ്ടായാൽ ഒരു നിശ്ചിത സമയത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കിയേക്കാം. അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ വർഷം നവംബർ 26 നായിരുന്നു സംഭവം. മദ്യപിച്ച് യാത്ര ചെയ്ത ശങ്കർ മിശ്ര എന്ന യാത്രക്കാരനാണ് വയോധികയായ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ചത്. ഇത് വലിയ വാർത്തയായിതു പിന്നാലെ മിശ്രയ്ക്കെതിരെ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനു ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി. ഇയാൾക്ക് നാല് മാസത്തേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിരുന്നു.
വിഷയം റിപ്പോർട്ട് ചെയ്യാതിരുന്ന എയർ ഇന്ത്യയ്ക്കെതിരേയും ഡിജിസിഎ നടപടിയെടുത്തിരുന്നു. മുപ്പത് ലക്ഷം രൂപയാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.