കൊൽക്കത്ത: ദുർഗപൂജയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പന്തലുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി കൽക്കട്ട ഹൈക്കോടതി. സംഘാടകരെ മാത്രമേ പന്തലുകൾക്കുള്ളിൽ അനുവദിക്കൂവെന്നും കോടതി വ്യക്തമാക്കി. വലിയ പന്തലുകളിൽ 25 പേർക്കും ചെറിയ പന്തലുകളിൽ 15 പേർക്കും മാത്രമാണ് പ്രവേശനം. പന്തലുകളുടെ പ്രവേശനകവാടത്തിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ചെറിയ പന്തലുകൾക്ക് അഞ്ചുമീറ്റർ മുന്നിലും വലിയ പന്തലുകൾക്ക് പത്ത് മീറ്റർ മുന്നിലും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
നഗരത്തിലെ മൂവായിരത്തിലധികം വരുന്ന പന്തലുകളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ പൊലീസുകാരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണ വൈറസിനെ ലോക്ക്ഡൗണിലാക്കി ഇത്തവണ പൂജ നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ''തീർച്ചയായും ഞങ്ങൾ ഈ വർഷം ദുർഗ പൂജ സംഘടിപ്പിക്കും. പൂജ അനുവദിച്ചില്ലെങ്കിലോ പൂജയ്ക്ക് ശേഷം കൊറോണ കേസ് വർധിച്ചാലോ കഴുകന്മാർ ഞങ്ങളെ കുറ്റപ്പെടുത്താൻ കാത്തിരിക്കുകയാണ്. അതിനാൽ എന്ത് വിലകൊടുത്തും ജനക്കൂട്ടത്തെ ഒഴിവാക്കണം.'' - പ്രതിപക്ഷത്തിന്റെ പേരുപറയാതെ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനങ്ങൾ പൂജകൾക്കായി ഷോപ്പിംഗും മറ്റും തുടങ്ങിയതിനാൽ കൊറോണ വൈറസ് കണക്കുകൾ നഗരത്തിലുടനീളം വർധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം മറന്നുവെന്നു മാത്രമല്ല, പലരും മാസ്കുകൾപോലും ധരിക്കുന്നില്ല. ഇത് കേസുകളുടെ എണ്ണം ഉയരുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഞായറാഴ്ച സംസ്ഥാനത്ത് 64 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 3983 കേസുകൾ റിപ്പോർട്ട് ചെയ്തു.
"ഇത് ഞങ്ങൾക്ക് വലിയ തിരിച്ചടിയാണ്. നാല് മാസമായി സന്ദർശകർക്കായി കാര്യങ്ങൾ സുരക്ഷിതമാക്കാൻ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങൾ മാസ്കുകൾ നിർബന്ധമാക്കി, സാനിറ്റൈസിംഗ് ഗേറ്റുകൾ സ്ഥാപിച്ചു. തെർമൽ സ്ക്രീനിംഗിനായി മെഷീനുകൾ വാങ്ങി. ഞങ്ങളുടെ എക്സിറ്റ് ഗേറ്റുകൾ എൻട്രി ഗേറ്റുകളേക്കാൾ വലുതാണ്.പക്ഷെ ഇപ്പോൾ ... പന്തലിന് 10 മീറ്റർ മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നാണ് പറയുന്നത്. ഇതു കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും''-ഹൈക്കോടതി വിധിയെ കുറിച്ച് ദുർഗോത്സവ് ഫോറത്തിന്റെ തലവൻ സസ്വത് ബോസ് പ്രതികരിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.