• HOME
  • »
  • NEWS
  • »
  • india
  • »
  • അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച CPM ലക്ഷദ്വീപ് സെക്രട്ടറിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI ലക്ഷദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച CPM ലക്ഷദ്വീപ് സെക്രട്ടറിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI ലക്ഷദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ കൈക്കൊണ്ട നടപടിയെയാണ് ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്

Dyfi

Dyfi

  • Share this:
കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ കെ. പ​ട്ടേലിനെ ന്യായീകരിച്ച് മാധ്യമത്തോട് സംസാരിച്ച സി. പി. എം ലക്ഷദ്വീപ്​ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ഡി. വൈ. എഫ്​. ഐ ലക്ഷദ്വീപ് പ്രസിഡന്‍റ്​ രാജിവെച്ചു. സി. പി. എം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി. വൈ. എഫ്​. ഐ​ ലക്ഷദ്വീപ് പ്രസിഡന്‍റ്​ കെ. കെ. നസീര്‍ രാജിവെച്ചത്. രാജിക്കത്ത്​ ഡി. വൈ. എഫ്​. ഐ കേരള പ്രസിഡന്‍റിനും സെക്രട്ടറിക്കും കൈമാറി.

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ കൈക്കൊണ്ട നടപടിയെയാണ് ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്​. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ചാനലിന്​ നല്‍കിയ പ്രതികരണം. ​ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം പറഞ്ഞിരുന്നു. ഇവിടുത്തെ പ്രശ്നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളിൽ അവർ ഒന്നും ചെയ്തിട്ടില്ലെന്നും സിപിഎം സെക്രട്ടറി സൂചന നൽകി. അഡ്മിനിസ്ട്രേറ്ററെയും കളക്ടറെയും ന്യായീകരിച്ച് ലുക്മാനുൽ ഹക്കിം നടത്തിയ അഭിപ്രായപ്രകടനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ലക്ഷദ്വീപിനു വേണ്ടി സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിവരുന്ന പ്രതിഷേധങ്ങൾക്കു കോട്ടം തട്ടുന്ന പ്രസ്താവനയാണ് പാർട്ടി സെക്രട്ടറിയിൽനിന്ന് ഉണ്ടായതെന്ന് രാജി കത്തിൽ കെ കെ നസീർ ചൂണ്ടിക്കാട്ടി. ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.കെ. നസീര്‍ പറഞ്ഞു. വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ്​ പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.അതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.


കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.
Published by:Anuraj GR
First published: