രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായത്തിന് പ്രധാന ഉപാധിയായി ഇ-വാലറ്റുകള്‍ മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരവധി അന്വേഷണ ഏജന്‍സികള്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.
പരിശോധിച്ച നിരവധി ഭീകാരാക്രമണ കേസുകളിലും പ്രതികള്‍ക്ക് പണം ലഭിച്ചത് വിവിധ ഇ-വാലറ്റുകൾ വഴിയായിരുന്നുവെന്നാണ് വിവിധ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെറിയ തുകകളായിട്ടാണ് പ്രതികള്‍ക്ക് പണം ലഭിച്ചിരുന്നത്.
എന്‍ഐഎ അന്വേഷിച്ച ഒരു കേസില്‍ പ്രതിയായ മുഹ്സില്‍ അഹമ്മദ് വിദേശത്തുള്ളവരില്‍ നിന്നും മറ്റ് അനുഭാവികളില്‍ നിന്നും പണം സ്വരൂപിച്ചത് ഇ-വാലറ്റിലൂടെയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ജാമിയ മിലിയ സര്‍വകാലശാലയിലെ ഒരു വിദ്യാര്‍ത്ഥിയും ഇത്തരത്തില്‍ നിരവധി വാലറ്റുകളിലൂടെ പണം വാങ്ങിയിട്ടുണ്ട്. നിരവധി കമ്പനികളും പണം നല്കിയവരില് പെടുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. തുടര്‍ന്ന് ഇ-വാലറ്റ് അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് അന്വേഷണ ഏജന്‍സികള്‍.
സാധാരണയായി നടത്തുന്ന പണകൈമാറ്റം എന്ന നിലയിലാണ് ഈ കൈമാറ്റങ്ങള്‍ ഒക്കെ നടക്കുന്നത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
അതേസമയം കോയമ്പത്തൂര്‍ സ്ഫോടന കേസിലും പ്രതി ഇ-വാലറ്റിലൂടെയാണ് പണം വാങ്ങിയിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇയാള്‍ ഐഇഡി പോലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്നത്.
ഭീകരവാദത്തിനായുള്ള പണത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട് മറ്റ് ചില കേസുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ഈ സംഘടനയിലെ അംഗങ്ങള്‍ ഇ-വാലറ്റിലൂടെയാണ് ഫണ്ട് സമാഹരണം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. പണം കണ്ടെത്തിയ ശേഷം അവ ചില അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജമ്മുകശ്മീരിലും സ്ഥിതി ഇതുതന്നെയാണ്. തീവ്രവാദികള്‍ ഇ-വാലറ്റാണ് പണം സ്വരൂപിക്കാനായി ഇവിടെയും ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
‘നിരവധി കേസുകളിലാണ് പ്രതികൾ ഇ-വാലറ്റ് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. നിരവധി തവണയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. ഇ വാലറ്റ് കമ്പനികളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രതികള്‍ പണം കൈമാറുന്നത് എന്നാണ്. അതുകൊണ്ട് തന്നെ അവരോട് പണത്തിന്റെ ഉറവിടം എന്താണെന്ന് ചോദിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു കമ്പനികളുടെ മറുപടി. മിക്കവാറും കേസുകളില്‍ ഇ-വാലറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിച്ച് അതിലൂടെയാണ് പണം കൈമാറുന്നത്. കുറച്ചധികം മാസം കാത്തിരുന്നാണ് പ്രതികള്‍ക്ക് ഒരു വലിയ തുക ഇ-വാലറ്റിലൂടെ ശേഖരിക്കാന്‍ കഴിയുന്നത്. ഇത് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ തന്ത്രമായിരുന്നു,’ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന് പറയുന്നു.
ഇ-വാലറ്റുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ അവ അവര്‍ ധാരാളമായി ഉപയോഗിക്കുന്നു. ആര്‍ക്കുവേണമെങ്കിലും ഇ-വാലറ്റിലൂടെ പണം അയയ്ക്കാനും ആവശ്യത്തിലധികം ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനും സാധിക്കും. ചെറിയ തുകകളായി ട്രാന്‍സ്ഫര്‍ ചെയ്യുന്നത് കൊണ്ട് ആര്‍ക്കും സംശയവുമുണ്ടാകില്ല. കേഡറുകള്‍ക്ക് വാലറ്റുകള്‍ ഉപയോഗിച്ച് ഫണ്ട് സ്വരൂപിക്കുന്നതിനും ചില അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നതിനും അത് ആഗ്രഹിക്കുന്ന തരത്തിലുള്ള കറന്‍സിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.
അമിത് ഷാ ഈ പ്രശ്നം ഉന്നയിച്ചിരുന്നു
മൂന്നാമത് നോ മണി ഫോര്‍ ടെറര്‍ കോണ്‍ഫറന്‍സിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഈ വിഷയം ഉന്നയിച്ചത്. സാങ്കേതിക വിദ്യയിലെ മുന്നേറ്റം ഭീകരവാദത്തെ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഭീകരവാദ ധനസഹായത്തിന് വളര്‍ന്നുവരുന്ന സാമ്പത്തിക സാങ്കേതികവിദ്യകളുടെ ദുരുപയോഗം, തീവ്രവാദത്തിന് ധനസഹായം നല്കുന്ന മേഖലയിലെ അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ച് ഈ സമ്മേളനത്തില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പ്രശ്നങ്ങള്‍ പരിഹാരക്കാനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു. തുടര്‍ന്ന് മുന്‍ഗണനയോടെ കൈകാര്യം ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയും അദ്ദേഹം വിശദമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കായുള്ള വരുമാനം നിയന്ത്രിക്കുക, പുതിയ സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, ക്രിപ്റ്റോ കറന്‍സി പോലുള്ള വിര്‍ച്വല്‍ ആസ്തികളുടെ വിഷയവും വിശദമായി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.