ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന അക്രമങ്ങളിൽ കേരളം ആസ്ഥാനമായുള്ള പിഎഫ്ഐയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2018 മുതൽ പണമിടപാട് തടയൽ നിയമപ്രകാരം (പിഎംഎൽ) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കുറഞ്ഞത് 120 കോടി രൂപ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
യുപിയിലെ വിവിധ ഭാഗങ്ങളിൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിന് ഇന്ധനമായി ഈ ഫണ്ടുകൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവർ ഉപയോഗിച്ചുവെന്നാണ് ഇ.ഡി സംശയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംശയകരമായ ഈ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഇ.ഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറിയിട്ടുണ്ട്.
ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാനവ്യാപകമായി നടന്ന അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് അടുത്തിടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. ഉത്തർപ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ 20 ഓളം പേർ മരിച്ചു.
ബാങ്കിൽ നിക്ഷേപിച്ച ഫണ്ടുകൾ ചില വിദേശ അക്കൌ ണ്ടുകളിലേക്കും നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും മറിച്ചുനൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിനെതിരായ ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്ഐആറും കുറ്റപത്രവും പിഎംഎൽഎ കേസ് ഫയൽ ചെയ്യുന്നതിന് അടിസ്ഥാനമായെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) പിന്തുടർച്ചയെന്നോണമാണ് 2006 ൽ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.