• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഇ.ഡി, 2004-2014 കുംഭകോണങ്ങളുടെ കാലം; ഇന്ത്യ ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം': പ്രധാനമന്ത്രി നരേന്ദ്ര മോദി

'പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഇ.ഡി, 2004-2014 കുംഭകോണങ്ങളുടെ കാലം; ഇന്ത്യ ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം': പ്രധാനമന്ത്രി നരേന്ദ്ര മോദി

നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായിട്ടുള്ള പകർച്ചവ്യാധികളും സംഘർഷങ്ങളും കാരണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ അസ്ഥിരതയ്‌ക്കിടയിൽ ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി

  • Share this:

    ന്യൂഡൽഹി: പാർലമെന്‍റിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികളെ ആകെ ഒന്നിപ്പിച്ചത്, അവർക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2004 മുതൽ 2014 വരെ രാജ്യത്ത് കുംഭകോണങ്ങളുടെ കാലമായിരുന്നുവെന്നും എന്നാൽ ഇന്ന് ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമായി മാറിയിരിക്കുകകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെയാണ്, പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി കോൺഗ്രസിനെ കീറിമുറിച്ചപ്പോൾ, പ്രതിപക്ഷ അംഗങ്ങൾ “അദാനി, അദാനി” മുദ്രാവാക്യങ്ങൾ ഉയർത്തുകയും അവരിൽ ചിലർ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

    ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ, ഇന്ന് ഇന്ത്യക്ക് ജി20 അധ്യക്ഷനാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇത് ചിലരെ വേദനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇത് രാജ്യത്തിന്, 140 കോടി ഇന്ത്യക്കാർക്ക് അഭിമാന നിമിഷമാണ്. എന്നാൽ ഇതും ചിലരെ വേദനിപ്പിക്കുന്നുവെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.

    പണപ്പെരുപ്പം ഇരട്ട അക്കത്തിൽ എത്തിയതും 2ജി, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അഴിമതികളും നിരവധി ഭീകരാക്രമണങ്ങളും യുപിഎ ഭരണത്തിന്റെ പത്തുവർഷത്തിനിടെ രാജ്യത്തുടനീളം നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുപിഎ സർക്കാരിന്റെ പത്തുവർഷത്തെ കുംഭകോണങ്ങളുടെ ദശകമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

    യുപിഎ സർക്കാരിന്റെ 10 വർഷക്കാലത്ത് പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു, അതിനാൽ എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ അവരുടെ സങ്കടം വർദ്ധിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തിൽ 2004-2014 അഴിമതികൾ നിറഞ്ഞതായിരുന്നു. ആ 10 വർഷത്തിനിടെ രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾ നടന്നു, ”അദ്ദേഹം പറഞ്ഞു.

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു വേദിയിൽ കൊണ്ടുവന്നു, വോട്ടർമാർക്ക് ചെയ്യാൻ കഴിയാത്തത് അവർ ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടൽ ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

    നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായിട്ടുള്ള പകർച്ചവ്യാധികളും സംഘർഷങ്ങളും കാരണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ അസ്ഥിരതയ്‌ക്കിടയിൽ ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ ഒരു ഉൽപ്പാദന കേന്ദ്രമായി വളർന്നു വരികയാണെന്നും രാജ്യത്തിന്റെ വളർച്ചയിലാണ് ലോകം ഇപ്പോൾ അതിന്റെ അഭിവൃദ്ധി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിരാശയിൽ ആഴ്ന്നിറങ്ങുന്ന ചിലർ ഇന്ത്യയുടെ വളർച്ചയുടെ കഥ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങൾ അവർക്ക് കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- ‘മോദിയിൽ വിശ്വാസം ഉണ്ടായത് പത്രത്തിലെ തലക്കെട്ടുകളില്‍ നിന്നല്ല;ഒരോ നിമിഷവും സമര്‍പ്പിച്ചത് രാജ്യത്തിന് വേണ്ടി’; പ്രധാനമന്ത്രി

    ചിലർ ജമ്മു കശ്മീർ സന്ദർശിച്ചുവെന്നും അവർക്ക് ഒരു പ്രശ്‌നവുമില്ലാതെ പോകാൻ കഴിയുമെന്ന് കണ്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ പ്രധാനമന്ത്രി മോദി പറഞ്ഞു. കേന്ദ്രഭരണപ്രദേശമായ കശ്മീരിൽ സമാധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ചെന്നപ്പോൾ തീവ്രവാദികൾ ഭീഷണിപ്പെടുത്തിയ കഥയും പ്രധാനമന്ത്രി പങ്കുവച്ചു. കശ്മീരിലെ സിനിമാ തീയേറ്ററുകൾ ഇപ്പോൾ ഹൌസ് ഫുള്ളാണെന്നും മോദി പറഞ്ഞു.

    കേന്ദ്ര അന്വേഷണ ഏജൻസികളെയും സുപ്രീം കോടതിയെയും റിസർവ് ബാങ്കിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പ്രതിപക്ഷം തുടർച്ചയായി പഴി ചാരുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴെല്ലാം അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ പഴി ചാരുന്നു, കോടതിയിൽ തോൽക്കുമ്പോൾ അവർ കോടതിയെ പഴി ചാരുന്നു…,” അദ്ദേഹം പറഞ്ഞു.

    മോദിയിൽ ജനങ്ങൾക്ക് വിശ്വാസം ജനിക്കുന്നത് പത്ര തലക്കെട്ടുകളിൽ നിന്നല്ല, ടിവിയിലെ മുഖങ്ങളിലൂടെയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്റെ ജീവിതം, എന്റെ ഓരോ നിമിഷവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി, രാജ്യത്തിന്റെ മഹത്തായ ഭാവിക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായതിൽ ആരാണ് അഭിമാനിക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിക്കുന്നു
    മഹാമാരിയും യുദ്ധം മൂലമുള്ള നാശവും പല രാജ്യങ്ങളിലും അസ്ഥിരതയ്ക്ക് കാരണമായെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “പല രാജ്യങ്ങളിലും രൂക്ഷമായ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഭക്ഷ്യ പ്രതിസന്ധിയും ഉണ്ട്. അത്തരം സമയങ്ങളിൽ പോലും രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നതിൽ ഏത് ഇന്ത്യക്കാരനാണ് അഭിമാനിക്കാത്തത്? ”അദ്ദേഹം ചോദിച്ചു.

    ‘ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയും പതനവും’ എന്ന വിഷയത്തിൽ ഹാർവാർഡ് സർവകലാശാലയിൽ നടത്തിയ പഠനത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞത് ഇങ്ങനെ, ‘കോൺഗ്രസ് പാർട്ടിയുടെ തകർച്ചയെക്കുറിച്ചും അതിന്‍റെ കാരണക്കാരെക്കുറിച്ചും കൂടുതൽ സർവകലാശാലകൾ പഠിക്കും’.

    Published by:Anuraj GR
    First published: