ചെന്നൈ: തമിഴ്നാട്ടില്‍ ഒ പനീര്‍സെല്‍വത്തിന് കനത്ത തിരിച്ചടി. എഐഎഡിഎംകെയുടെ (AIADMK) ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ (Edappadi Palaniswami) പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി.
രാവിലെ 9.15 ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി 9 മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ നേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
പാര്‍ട്ടിയിലെ കോ-ഓര്‍ഡിനേറ്റര്‍, ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ പദവികളും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനം ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ടു. മാത്രമല്ല, പെരിയാറിനും എം ജി രാമചന്ദ്രനും ജയലളിതയ്ക്കും ഭാരതരത്ന നല്‍കണമെന്ന പ്രമേയവും യോഗം പാസാക്കി.
Also Read-
'യേശുദാസ് പാടിയ ഭക്തിഗാനങ്ങൾ ഹിന്ദു ആരാധനാലയങ്ങളിൽ കേൾപ്പിക്കുന്നു'; അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരുള്‍പ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതില്‍ മാറ്റംവരുത്താനാണ് എടപ്പാടി വിഭാഗം ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ പനീര്‍സെല്‍വം-എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റു. കൈകളില്‍ വടികളും മുദ്രാവാക്യം വിളികളുമായി പനീര്‍സെല്‍വം അനുകൂലികള്‍ എഐഡിഎംകെ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് എഐഎഡിഎംകെ ആസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. നൂറ് കണക്കിനാളുകളാണ് എഐഎഡിഎംകെ ആസ്ഥാനത്ത് എത്തിയത്. ഒ പനീര്‍ശെല്‍വത്തിന്റെ കാര്‍ ഇപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്റെ പോസ്റ്ററുകള്‍ ഒ പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.