പുരോഹിതന്റെ (cleric) വിവാദ പരാമർശത്തെ തുടർന്ന്, ബക്രീദ് (Bakrid) വിപണിയിൽ തങ്ങൾ വൻ തിരിച്ചടി നേരിട്ടെന്ന് അജ്മീർ ദർഗയിലെ (Ajmer Dargah) വ്യാപാരികൾ. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ നൂപുർ ശർമക്ക് (Nupur Sharma) എതിരെയായിരുന്നു അജ്മീർ ദർഗയിലെ പുരോഹിതന്റെ പ്രസ്താവന. നൂപുർ ശർമയുടെ തലയറുത്തു കൊണ്ടു വരുന്നവർക്ക് തന്റെ വീട്ടിൽ ഇടം നൽകും എന്നായിരുന്നു പുരോഹിതൻ പറഞ്ഞത്. വിവാദ പ്രസ്താവനക്കു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ബക്രീദ് ദിനമായ ഞായറാഴ്ചത്തെ തിരക്ക് മറ്റു വർഷങ്ങളെക്കാൾ വളരെ കുറവായിരുന്നു എന്ന് വ്യാപാരികൾ പറഞ്ഞു.
''ഈ വർഷത്തെക്കാൾ വളരെ കൂടുതലായിരുന്നു മുൻ വർഷങ്ങളിലെ വ്യാപാരം. ഇവിടെയുള്ള എല്ലാ വിൽപനക്കാരും മാന്ദ്യം നേരിട്ടു. ആളുകൾ ഭയന്ന് പുറത്തിറങ്ങുന്നു പോലുമില്ല'', സ്ഥലത്തെ വിൽപനക്കാരിൽ ഒരാളായ ദിനേഷ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എല്ലാ കച്ചവടക്കാരും വെറുതെ ഇരിക്കുകയാണ്. ആ വിവാദ പ്രസ്താവനകളാണ് ഇതിന് കാരണമായത്. കുറഞ്ഞത് 50 കോടിയുടെ നഷ്ടമാണ് ഞങ്ങൾ കണക്കാക്കുന്നത്. സ്വകാര്യ വാഹനങ്ങളെ കുറിച്ച് മറക്കൂ, ഇവിടേക്കിപ്പോൾ ബസുകൾ പോലും കാലിയായാണ് വരുന്നത്", ഒരു പ്രാദേശിക കച്ചവടക്കാരൻ എഎൻഐയോട് പറഞ്ഞു.
ഹോട്ടലുകളിൽ പല ബുക്കിംഗുകളും റദ്ദാക്കപ്പെട്ടെന്നും റെസ്റ്റോറന്റുകൾക്കും ഗതാഗത കമ്പനികൾക്കും 10% കച്ചവടം മാത്രമേ ലഭിച്ചുള്ളൂ എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
''അജ്മീറിൽ സാധാരണ വെള്ളിയാഴ്ചകളിൽ നല്ല തിരക്കായിരിക്കും. എന്നാൽ ഈ സംഭവത്തിനു ശേഷം തിരക്ക് കുറഞ്ഞു. ദിവസേന 15,000 മുതൽ 20,000 വരെ വിശ്വാസികൾ ഇവിടെ എത്തിയിരുന്നു. ഈ പട്ടണത്തിന്റെ സമ്പദ്വ്യവസ്ഥ പോലും അവരെ ആശ്രയിച്ചാണിരുന്നത്'', ഖാദിം സയ്യിദ് ഐനുദ്ദീൻ ചിഷ്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Also Read-
'മൂന്ന് നടിമാരെ പൾസർ സുനി മുമ്പ് ആക്രമിച്ചിട്ടുണ്ട്'; മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ
വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനാൽ, ദർഗ ബസാർ, ഡൽഹി ഗേറ്റ്, ഡിഗ്ഗി ബസാർ, ഖാദിം മൊഹല്ല, കമ്മാനി ഗേറ്റ്, ആൻഡർ കോട്ട്, ലഖൻ കോത്രി എന്നിവിടങ്ങളിലെ ഹോട്ടലുകളിലെ വരുമാനം ഗണ്യമായി കുറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇത്തരം പ്രസ്താവനകളെ താൻ അപലപിക്കുന്നുവെന്ന് ചിഷ്തി ഫൗണ്ടേഷൻ (Chishty Foundation) ചെയർമാൻ സയ്യിദ് സൽമാൻ ചിഷ്തി പറഞ്ഞു. ''ഇസ്ലാമിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ മുദ്രാവാക്യങ്ങളെ ഞങ്ങൾ പൂർണ്ണമായും അപലപിക്കുന്നു. അക്രമവും കൊലപാതകവും പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ കൊണ്ടുവരുന്നത് ആരാണോ, അവരാണ് യഥാർത്ഥ കുറ്റവാളികൾ. ഇത്തരം മുദ്രാവാക്യങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ഇസ്ലാമികമല്ല. അവ ഇസ്ലാം വിരുദ്ധവും മനുഷ്യത്വ വിരുദ്ധവും സമൂഹത്തിനെതിരെ ഉള്ളതുമാണ്. അത്തരം വ്യക്തികളെ അധികാരികൾ നിരീക്ഷിക്കുകയും അവർക്ക് മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ഇത് തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ പ്രശ്നമാണ്'', സയ്യിദ് സൽമാൻ ചിഷ്തി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.