• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | മോദി സർക്കാർ എട്ടാം വർഷത്തിലേക്ക്; 8 പ്രധാന പദ്ധതികളും അവയുടെ നേട്ടങ്ങളും

Modi@8 | മോദി സർക്കാർ എട്ടാം വർഷത്തിലേക്ക്; 8 പ്രധാന പദ്ധതികളും അവയുടെ നേട്ടങ്ങളും

എട്ട് വർഷത്തിനിടയിൽ സാമ്പത്തികം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

 • Share this:
  നരേന്ദ്രമോദിയുടെ (Narendra Modi) നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ (NDA government) എട്ടാം വാർഷികാഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ്. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്.

  കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ സാമ്പത്തികം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ വിവിധ വിഭാഗങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

  ആയുഷ്മാൻ ഭാരത് (AYUSHMAN BHARAT)

  2018 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ആയുഷ്മാൻ ഭാരത് പദ്ധതി (Pradhan Mantri Jan Arogya Yojana (PM-JAY) Ayushman Bharat scheme) മോദി പ്രഖ്യാപിച്ചത്. ഒരു സർക്കാർ സ്‌പോൺസർ ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ പദ്ധതിയായി ഇത് കണക്കാക്കപ്പെടുന്നു. 10.74 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 40 ശതമാനം ജനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.

  കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന പദ്ധതി ആണെങ്കിലും ഇത് നടപ്പാക്കുന്നതിനുള്ള ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചാണ് വഹിക്കുന്നത്. ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷന് (cashless hospitalisation) പുറമേ, ഹോസ്പിറ്റലൈസേഷനു മുമ്പുള്ള 3 ദിവസത്തെ ചെലവുകളും, ഹോസ്പിറ്റലൈസേഷനു ശേഷമുള്ള 15 ദിവസത്തെ ചെലവുകളും ടെസ്റ്റുകളുടെയും മരുന്നുകളുടെയും ചെലവുകളും ഉൾപ്പെടെയുള്ളവ ഈ പദ്ധതിയുടെ കീഴിൽ പെടും.

  ആയുഷ്മാൻ ഭാരതിന്റെ മൂന്നാം വാർഷികത്തിൽ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആളുകൾക്ക് അവരുടെ ആരോഗ്യ രേഖകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി നൽകുന്ന പദ്ധതിയാണിത്.

  ഒരു ഗുണഭോക്താവിനും ഫണ്ടിന്റെ അഭാവം മൂലം ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആവശ്യകത കുറവാണെന്നും അതിനാൽ പദ്ധതിയുടെ പുതുക്കിയ ബജറ്റ് വെട്ടിക്കുറച്ചതായും സർക്കാർ ഈ വർഷം മാർച്ചിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.
  പ്രതിവർഷം 6,400 കോടി രൂപയായിരുന്നു 2019-20, 2020-21, 2021-22 വർഷങ്ങളിൽ പദ്ധതിക്ക് നീക്കിവെച്ച തുകയായി ആദ്യം അറിയിച്ചിരുന്നത്. യഥാക്രമം 3,200 കോടി, 3,100 കോടി, 3,199 കോടി എന്നിങ്ങനെയാണ് പുതുക്കിയ ബജറ്റ്.

  ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ സർക്കാരുകളോട് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരിക്കൽ കൂടി അഭ്യർഥിച്ചിരുന്നു.

  ഉജ്ജ്വല യോജന (UJJWALA YOJANA)

  മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് സൗജന്യ പാചക വാതക കണക്ഷൻ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana). 2016 ലാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ചില്ലറ വ്യാപാരികൾക്ക് പണം നൽകാതെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പാചക വാതക സിലിണ്ടറുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി രൂപീകരിച്ചത്. 80 ദശലക്ഷം ഇന്ത്യൻ സ്ത്രീകൾ പദ്ധതിയുടെ ​ഗുണഭോക്താക്കളാണ്.

  കൂടുതലും ഗ്രാമ കേന്ദ്രീകൃത മേഖലകളിലെ 5 കോടി ബി പി എൽ കുടുംബങ്ങളായിരുന്നു പദ്ധതിയുടെ ആദ്യത്തെ ലക്ഷ്യം. പിന്നീട് എസ് സി, എസ്ടി വിഭാഗങ്ങളെ കൂടി ഇതിൽ ഉൾപ്പെടുത്തി. 2018 പാവപ്പെട്ട എല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് ലക്ഷ്യം എട്ട് കോടിയിലേക്ക് ഉയർത്തി. മുൻകൂട്ടി വിഭാവനം ചെയ്തതിനേക്കാൾ ഏഴ് മാസം മുൻപേ ആ ലക്ഷ്യത്തിലേക്കെത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടർച്ചയായ രണ്ടാം വിജയത്തിന് പ്രധാനമായും കാരണമായത് ഉജ്ജ്വല പദ്ധതിയാണെന്നാണ് വിലയിരുത്തൽ. ഈ വർഷം ഉത്തർപ്രദേശിൽ ഉണ്ടായ നേട്ടത്തിനു പിന്നിലും അതേ കാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

  കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, തെരഞ്ഞെടുപ്പു നടന്ന ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ഉജ്ജ്വല 2.0 ആരംഭിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് 10 സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ സൗജന്യ കണക്ഷൻ ലഭിക്കാത്ത, താഴ്ന്ന വരുമാനമുള്ള 1 കോടി കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനും രണ്ടാം ഘട്ടത്തിൽ വാ​ഗ്ദാനം ചെയ്തു. ആവശ്യക്കാർക്ക് സൗജന്യമായും എളുപ്പത്തിലും ​ഗ്യാസ് ലഭ്യമാക്കുന്നതിനായി ചില നിബന്ധനകളിലും സർക്കാർ ഇളവ് വരുത്തിയിരുന്നു. കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ കണക്ഷൻ ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.

  ജൻ ധൻ യോജന (JAN DHAN YOJANA)

  ഓരോ പൗരനും സേവിംഗ്സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റ്, പണമയയ്ക്കൽ, വായ്പകൾ, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാന മന്ത്രി ജൻ ധൻ യോജന (Pradhan Mantri Jan Dhan Yojana (PMJDY)). 2014 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വെച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.

  സ്കോളർഷിപ്പുകൾ, സബ്‌സിഡികൾ, പെൻഷനുകൾ, കോവിഡ് ദുരിതാശ്വാസ ഫണ്ടുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഓവർ ഡ്രാഫ്റ്റുകൾ, റുപേ ഡെബിറ്റ് കാർഡുകൾ തുടങ്ങിയ പ്രത്യേക സൗകര്യങ്ങളും ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും.

  ഈ വർഷം ജനുവരി 9 വരെയുള്ള കണക്കനുസരിച്ച് ജൻധൻ പദ്ധതി പ്രകാരം ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.5 ലക്ഷം കോടി രൂപ കഴിഞ്ഞു.

  കിസാൻ സമ്മാൻ നിധി (KISAN SAMMAN NIDHI)

  നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ പദ്ധതി. സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി 2018 ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. പദ്ധതിയുടെ ഭാ​ഗമായി ഈ വർഷം ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലുടനീളമുള്ള 10.09 കോടിയിലധികം കർഷകർക്കായി 20,900 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് കീഴിൽ നൽകിയ ആകെ തുക ഏകദേശം 1.8 ലക്ഷം കോടി രൂപയാണ്.

  പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന ((Pradhan Mantri Jeevan Jyoti Bima Yojana, Pradhan Mantri Suraksha Bima Yojana, Atal Pension Yojana )

  രാജ്യത്ത് ഇൻഷുറൻസ് പരിരക്ഷ വ്യാപിപ്പിക്കുന്നതിനും സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും 2015-ലാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (Pradhan Mantri Jeevan Jyoti Bima Yojana (PMJJBY) , പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന Pradhan Mantri Suraksha Bima Yojana (PMSBY)) എന്നീ പദ്ധതികൾ ആരംഭിച്ചത്.

  2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജ് ആണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന വാഗ്ദാനം ചെയ്യുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ​ദ്ധതി പ്രകാരം, അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.

  60 വയസ്സ് കഴിഞ്ഞ പാരൻമാർക്ക് പ്രതിമാസം 5,000 രൂപ വരെ പെൻഷൻ വാഗ്ദാനം ചെയ്യുന്ന അടൽ പെൻഷൻ യോജന (Atal Pension Yojana (APY)) എന്ന പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. എപിവൈയുടെ കീഴിൽ 2022 മാർച്ച് 31 വരെ മൊത്തം എൻറോൾ ചെയ്തവരിൽ ഏകദേശം 80 ശതമാനം വരിക്കാരും 1,000 രൂപ പെൻഷൻ പ്ലാനും 13 ശതമാനം പേർ 5,000 രൂപ പെൻഷൻ പ്ലാനും തിരഞ്ഞെടുത്തതായി ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും സേവിങ്സ് ബാങ്ക് അക്കൗണ്ടോ തപാലോ ഉപയോ​ഗിച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും. ആജീവനാന്ത പെൻഷനാണ് പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത്. വരിക്കാരന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും.

  എല്ലാവർക്കും വീട് (HOUSING FOR ALL)

  എല്ലാവർക്കും വീട് എല്ല ലക്ഷ്യത്തോടെ 2015 ജൂണിലാണ് പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana) കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും ഭവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 80 ലക്ഷം വീടുകൾ പൂർത്തീകരിക്കുന്നതിന് 48,000 കോടി രൂപ വകയിരുത്തുമെന്ന് ഇക്കഴിഞ്ഞ ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2020-21സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ കീഴിൽ രാജ്യത്തെ വിവിധ ​ഗ്രാമങ്ങളിലായി 33.99 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി 2022 ലെ സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു. ന​ഗര പ്രദേശങ്ങളിൽ 2020-21സാമ്പത്തിക വർഷത്തിൽ 14.56 ലക്ഷം വീടുകൾ നിർമിച്ചതായും സർവേ ചൂണ്ടിക്കാട്ടി.

  സ്വച്ഛ് ഭാരത് (SWACHH BHARAT)

  രാജ്യത്തെ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജനം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാൻ. ഈ പദ്ധതിയുടെ ഭാഗമായി 11.5 കോടി വീടുകളിൽ സർക്കാർ ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. 2022-23 ബജറ്റിൽ സ്വച്ഛ് ഭാരത് മിഷൻ (റൂറൽ) ആയി 7,192 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷൻ (അർബൻ) ആയി 2021-2026 കാലയളവിൽ 1,41,678 കോടി രൂപ ചെലവഴിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു. എല്ലാ നഗരങ്ങളെയും മാലിന്യ മുക്തമാക്കുക, എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലെയും തുറസ്സായ പ്രദേശങ്ങളെ മലമൂത്രവിസർജ്ജന വിമുക്തമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

  മുദ്ര യോജന (MUDRA YOJANA)

  ചെറുകിട സംരംഭകർക്ക് 10 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (PMMY). ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് വായ്പ നൽകുന്നത്. 34.42 കോടിയിലധികം ഗുണഭോക്താക്കൾക്ക് മുദ്ര യോജന വഴി 18.60 ലക്ഷം കോടി രൂപ വായ്പ ലഭിച്ചതായി ഈ വർഷം ഏപ്രിൽ 8ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഈ പദ്ധതി വഴിയുള്ള വായ്പകളിൽ 68 ശതമാനത്തിലധികവും സ്ത്രീകൾക്കാണ് അനുവദിച്ചിരിക്കുന്നതെന്നും ഇതുവരെ വായ്പയൊന്നും ലഭിക്കാത്ത പുതിയ സംരംഭകർക്ക് വായ്പയുടെ 22 ശതമാനം അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
  Published by:Jayashankar Av
  First published: