കർണ്ണാടക തിരഞ്ഞെടുപ്പ് ഗോദയിൽ പോരാടാനുറച്ച് തന്നെയാണ് ഇത്തവണ കോൺഗ്രസ്സ് രംഗത്തുള്ളത്. വിജയത്തിൽ കുറഞ്ഞൊന്നും കോൺഗ്രസ്സ് ക്യാമ്പ് ചിന്തിക്കുന്നില്ല. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക കോൺഗ്രസ് 124 സീറ്റുകളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. വരുണ സീറ്റിൽ സിദ്ധരാമയ്യ മത്സരിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഏറ്റവും ശ്രദ്ധേയമെങ്കിലും, നിലവിലെ കർണ്ണാടകയിലെ രാഷ്ട്രീയ സ്ഥിതിഗതിയിൽ ആദ്യ പട്ടികയിൽ ഇടം നേടിയ എട്ട് മുസ്ലീം സ്ഥാനാർത്ഥികളാണ് പ്രധാന ചർച്ചാവിഷയമായത്.
സംസ്ഥാനത്തെ ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ്, വിജയം ഉറപ്പുള്ള സീറ്റുകളിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിജയത്തേക്കാൾ ഉപരി ‘സാമൂഹിക നീതി’ക്ക് മുൻഗണന നൽകുന്നതിനായാണ് കോൺഗ്രസ് ന്യൂനപക്ഷ സമുദായങ്ങളിലുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത്. ഇത്തവണ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് നേതൃത്വം.
Also read-99th Mann Ki Baat| കോവിഡിനെതിരെ ജാഗ്രത തുടരണം; 99ാം മൻ കീ ബാത്തിൽ പ്രധാനമന്ത്രി
റഹീം ഖാൻ (ബീദാർ), യു ടി ഖാദർ (ഉള്ളാൽ), ബി ഇസഡ് സമീർ അഹമ്മദ് ഖാൻ (ചാമരാജ്പേട്ട്), കനീസ് ഫാത്തിമ (ഗുൽബർഗ നോർത്ത്), റിസ്വാൻ അർഷാദ് (ശിവാജിനഗർ), ഇഖ്ബാൽ എന്നിവരാണ് കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ ടിക്കറ്റ് നൽകിയത്. ഹുസൈൻ (രാമനഗര), തൻവീർ സെയ്ത് (നരസിംഹരാജ), എൻ.എ.ഹാരിസ് (ശാന്തി നഗർ) എന്നിവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ. അതേസമയം താൻ വിരമിക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്ന തൻവീർ സെയ്തിനെ വീണ്ടും മൈസൂരിലെ നരസിംഹരാജ മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയിരിക്കുകയാണ്.
കണക്കിലെ കളികൾ
കഴിഞ്ഞയാഴ്ച പാർട്ടിയിലെ മുസ്ലീം നേതാക്കൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയെ കണ്ടിരുന്നു. ജനസംഖ്യാനുപാതികമായി സമുദായാംഗങ്ങൾക്ക് സീറ്റ് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ന്യൂനപക്ഷസമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളുടെ പട്ടികയും വിശദമായ വോട്ട് കണക്കും നേതാക്കൾ ജനറൽ സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു എന്നാണ് വിവരം.
Also read- ‘ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്ര മോദി
മാത്രമല്ല കർണാടകയിലും രാജ്യത്ത് പൊതുവിലും ന്യൂനപക്ഷ സമുദായങ്ങൾക്ക് ഉണ്ടാകുന്ന വിവേചനവും ആക്രമണവും ചെറുക്കാനും അതിനെതിരായ പോരാട്ടവും പ്രതിരോധവും സംഘടിപ്പിക്കാനും കോൺഗ്രസിന് സാധിക്കണം എന്ന ആവശ്യവും നേതാക്കൾ മുന്നോട്ട് വച്ചിട്ടുണ്ട്. മാർച്ച് 17 ന് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് ഓരോ സീറ്റിനെ കുറിച്ചും വിശദമായി ചർച്ച ചെയ്തു. കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ കർണാടകയിൽ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള 32 പേർക്ക് സീറ്റ് നൽകിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 22 സ്ഥാനാർത്ഥികളും ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള അഞ്ച് സ്ഥാനാർത്ഥികളുമാണ് ഉള്ളത്. നിലവിൽ 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 68 എംഎൽഎമാരാണുള്ളത്. ഭൂരിഭാഗം മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തി സംസ്ഥാന സ്‌ക്രീനിംഗ് കമ്മിറ്റി ഒരു പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 224 സീറ്റുകളിലേക്ക് 1300-ലധികം അപേക്ഷകളാണ് പാർട്ടിക്ക് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2023, Congress, Karnataka