മുംബൈ: 'ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എംഎൽഎയും എംപിയുമാക്കി, ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്'- ഇന്നലെ ഗവര്‍ണർക്ക് രാജി സമർപ്പിച്ചശേഷം ഉദ്ധവ് താക്കറെ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ പേരുപരാമർശിക്കാതെ ആക്രമിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ, ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട ഒരു സംസ്ഥാനത്ത് ഒരു ഓട്ടോ ഡ്രൈവർ മുഖ്യമന്ത്രിയുടെ കസേരയിലെത്തുകയാണ്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഒരു ഓട്ടോക്കാരനെ, താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന സാധാരണക്കാരനെ മുഖ്യമന്ത്രിയാക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂവെന്ന ശക്തമായ സന്ദേശം കൂടിയാണ് ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി ഉദ്ധവ് താക്കറെയ്ക്കും ശിവസൈനികർക്കും നൽകുന്നത്. ഒപ്പം കുടുംബാധിപത്യത്തിനെതിരായ ശക്തമായ സന്ദേശം കൂടിയാണിതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു.
1964 ഫെബ്രുവരി 9 നാണ് ഷിൻഡെയുടെ ജനനം. താനെയിലെ മംഗള ഹൈസ്കൂളിലും ജൂനിയര്‍ കോളജിലും 11-ാം ക്ലാസ് വരെ പഠിച്ചു. ലത ഏകനാഥ് ഷിന്‍ഡെയാണ് ഭാര്യ. ശ്രീകാന്ത് ഷിന്‍ഡെ മകനാണ്. ബാല്‍താക്കറെയുടെ അരുമ ശിഷ്യനായ ആനന്ദ് ദിഘെയുടെ ശിഷ്യനാണ് ഏക് നാഥ് ഷിന്‍ഡെ
ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയ ഏക്നാഥ് ഷിന്‍ഡേ കഠിനാധ്വാനവും കരുത്തും ഉപയോഗിച്ചാണ് ശിവസേനയുടെ ഉയര്‍ന്ന പടവുകളില്‍ എത്തിയത്. താനെയിലെ കോപ്രി - പച്ച്പഖാഡി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ഷിന്‍ഡെ 1980 കളില്‍ കിസാന്‍ നഗറിലെ ശാഖാ പ്രമുഖനായി ചേര്‍ന്നപ്പോള്‍ മുതല്‍ ശിവസേനയുടെ ഭാഗമായിരുന്നു. 1997 ല്‍ താനെ മുനിസിപ്പല്‍ കോര്പ്പറേഷൻ അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പൊടുന്നനെയായിരുന്നു രാഷ്ട്രീയത്തിലും ശിവസേനയിലും ഏക്നാഥ് ഷിന്‍ഡെയുടെ വളര്‍ച്ച. തീവ്ര ഹിന്ദുത്വ നിലപാടാണ് എപ്പോഴും ഏക്നാഥ് ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.
Also Read-
Maharashtra| മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് രാത്രി; അപ്രതീക്ഷിത പ്രഖ്യാപനം ഫഡ്നാവിസിന്റേത്
ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ താനെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കൂടിയായ ഏക്നാഥ് ഷിന്‍ഡെ 2004, 2009, 2014, 2019 വര്‍ഷങ്ങളില്‍ നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് തവണ അംഗമായിരുന്നു
സേന നേതൃത്വവുമായി കുറച്ചുനാളുകളായി ഏക്നാഥ് ഷിന്‍ഡെ അസംതൃപ്തനാണ്. തന്നേക്കാള്‍ പ്രായവും അനുഭവപരിചയവും കുറഞ്ഞവര്‍ ശിവസേനയിലും ഭരണത്തിലും തീരുമാനമെടുക്കുമ്പോഴുള്ള വേദനയാണ് ഷിന്‍ഡെയെ ഉദ്ധവിൽ നിന്നും അകറ്റിയത്. ഇളമുറക്കാരായ ആദിത്യ താക്കറെയും അനില്‍ പരബും നല്ല മന്ത്രിസ്ഥാനങ്ങള്‍ കയ്യാളിയത് ഷിന്‍ഡെയെ അസംതൃപ്തനാക്കിയിരുന്നു. ആദിത്യ താക്കറെ പരിസ്ഥിതി, ടൂറിസം മന്ത്രിയായി. അനില്‍ പരബ് ഗതാഗത മന്ത്രിയും. ഏക്നാഥ് ഷിന്‍ഡെയ്ക്ക് ലഭിച്ചത് നഗരവികസന വകുപ്പാണ്. ഇതിനപ്പുറം സര്‍ക്കാരില്‍ തീരുമാനമെടുക്കുന്നതില്‍ ഷിന്‍ഡെയ്ക്ക് ഒരു പ്രധാന്യവും ഇല്ലാതായതും അദ്ദേഹത്തില്‍ അസംതൃപ്തി നിറച്ചു. ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ സർവാധിപത്യവും ഷിൻഡെയെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു.
ബിജെപിയുമായി ഉദ്ധവ് താക്കറെ ബന്ധം അറുത്തുമാറ്റിയതില് ഏക്നാഥ് ഷിന്‍ഡെ അസംതൃപ്തനായിരുന്നു. ശിവസേന ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ ബലി കഴിച്ച് കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് ഭരിക്കുന്നതിലും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു.
“ഞങ്ങൾ ശിവസൈനികരാണ്, ബാലാസാഹേബ് ഞങ്ങളെ ഹിന്ദുത്വം പഠിപ്പിച്ചു. അധികാരത്തിനുവേണ്ടി, ബാലാസാഹെബ് താക്കറെയും ആനന്ദ് ദിഗെയും ഞങ്ങളെ പഠിപ്പിച്ചതിന് വിരുദ്ധമായി ഞങ്ങൾ പോകില്ല, ” മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി നിന്നപ്പോഴും ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
താനെയില്‍ വലിയ സ്വാധീനമാണ് ഏക്നാഥ് ഷിന്‍ഡെയ്ക്കുള്ളത്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ബി ജെ പിയും ഒന്നിച്ചപ്പോള്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന് കീഴില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. 2019 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച എക്സ്പ്രസ് വേ, ഷിന്‍ഡെയുടെ കീഴില്‍ വന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് വികസിപ്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 9 നാണ് ഷിന്‍ഡെയ്ക്ക് 58 വയസ് തികഞ്ഞത്. ഈ സമയം താനെയില്‍ ചിലയിടത്ത് ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞ് ഏക്നാഥ് ഷിന്‍ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും താനെയിലെ ശിവസൈനികര്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതും ശ്രദ്ധേയമായിരുന്നു. അതിന്റെയെല്ലാം ക്ലൈാമാക്സാണ് ഇന്ന് 7.30ന് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പൂര്‍ത്തിയാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.