• HOME
 • »
 • NEWS
 • »
 • india
 • »
 • Maharashtra Crisis | ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

Maharashtra Crisis | ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു

 • Last Updated :
 • Share this:
  മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.  നാടകീയതകള്‍ക്കും വിമത നീക്കങ്ങള്‍ക്കും ശേഷം മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്തിയായാണ് ഷിന്‍ഡെ അധികാരമേറ്റത്.

  രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ വിമതനീക്കത്തിലൂടെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം ഏക്നാഥ് ഷിന്‍ഡെ പിടിച്ചെടുത്തത്. വിമത എംഎല്‍എമാര്‍ക്കൊപ്പം ഗോവയിലായിരുന്ന ഷിന്‍ഡെ, ഫഡ്‌നാവിസിനൊപ്പം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുംബൈയിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചത്. ഫഡ്‌നവിസ് മുഖ്യമന്ത്രിയും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

  എന്നാല്‍ അപ്രതീക്ഷിതമായി ഫഡ്‌നവിസ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കും. താന്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നവിസ് ആദ്യം അറിയിച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ ഫഡ്നാവിസിന് നിര്‍ദേശം നല്‍കിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അറിയിച്ചിരുന്നു.

  Also Read- ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയാകും

  രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഘാഡി സഖ്യസർക്കാർ ഇന്നലെയാണ് രാജിവെച്ചത്. സുപ്രീംകോടതി കൈവിട്ടതോടെ വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ധവ് താക്കറെ രാജി വച്ചത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസും ഷിൻ‌ഡെയും ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

  ''2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്’’- ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘‘ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർ‌ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി’’- ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.

   Also Read- ഏക്നാഥ് ഷിൻഡെ: താനെയിലെ ഓട്ടോക്കാരനിൽ നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക്

  ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ നേരത്തേ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്‌നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ അറിയിച്ചു.

  ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

  ബിജെപിക്ക് 106 എംഎൽഎമാരാണ് ഉളളത്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണയുമുണ്ട്. കോൺഗ്രസിന് 44 അംഗങ്ങളും എൻസിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎൽഎമാരും ഉണ്ട്.
  Published by:Arun krishna
  First published: