കാൺപുർ: മുലായം സിങാണ് യഥാർത്ഥ പിന്നോക്കക്കാരനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ പിന്നോക്കക്കാരനാണെന്നും ബി.എസ്.പി അധ്യക്ഷ മായാവതി. മുലായം സിങ് യാദവ് മത്സരിക്കുന്ന മെയ്ന്‍പുരിയിൽ സംയുക്ത തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മായാവതി. മെയിൻപുരിയിൽ മുലായം ചരിത്ര വിജയം നേടുമെന്ന് മായാവതി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ മുലായം സിങ് വിജയിക്കും. മുലായവുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ മറന്ന് ദേശീയ താൽപര്യം മുൻനിർത്തിയാണ് തങ്ങൾ ഒന്നിച്ചത്. ഗസ്റ്റ് ഹൌസ് സംഭവം മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും ഇരു പാർട്ടി പ്രവർത്തകരോടും മായാവതി പറഞ്ഞു.
വർഷങ്ങൾക്കുശേഷം മായാവതിയും ഒരുമിച്ച് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മുലായം സിങ് യാദവ് പറഞ്ഞു. 'നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത് അവസാനമായിട്ടായിരിക്കും. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. നിങ്ങളുടെ സ്നേഹവും ആദരവും ഒരിക്കൽക്കൂടി എനിക്ക് നൽകുക. അതുപോലെ മായാവതിയെപ്പോലെ ശക്തയായ നേതാവിനെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണം'- മുലായം ആഹ്വാനം ചെയ്തു. നമുക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനെത്തിയ മായാവതിയോട് വലിയ കടപ്പാട് ഉണ്ടെന്നും മുലായം പറഞ്ഞു.
മുലായവും മായാവതിയും വേദി പങ്കിട്ടു; ചരിത്രം കുറിച്ചത് കാൽ നൂറ്റാണ്ട് അടുക്കുമ്പോൾഉത്തര്പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവും മായാവതിയും കാൽ നൂറ്റാണ്ട് അടുക്കുമ്പോഴാണ് വേദി പങ്കിട്ടത്. മുലായത്തിന്റെ മണ്ഡലമായ മെയ്ന്‍പുരിയിലാണ് ശത്രുത മറന്നു മായാവതി പ്രചാരണത്തിനായി എത്തിയത്. ഒരിക്കൽ ബദ്ധവൈരികളായിരുന്ന ഇരുവരും ഒരേ വേദിയിൽ എത്തിയത് ചരിത്രപരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഇരുപത്തിനാലു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും വേദി പങ്കിടുന്നത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർ.എൽ.ഡി അധ്യക്ഷൻ അജിത് സിങ് എന്നിവരും സന്നിഹിതരായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.