ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവ് ജ്യോത് സിംഗ് സിദ്ധുവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. ബിഹാറിലെ കത്തിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നടത്തിയ വർഗീയ പരാമർശത്തിലാണ് സിദ്ധുവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്. പ്രചാരണത്തിൽ നിന്ന് 72 മണിക്കൂർ വിലക്കാണ് ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.
also read: ഇടിച്ചിടാൻ വിജേന്ദർ സിംഗും? ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചന
പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ നവ് ജ്യോത് സിംഗ് സിദ്ധുവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് പ്രചാരണത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.
പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ മുസ്ലിംകൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്ന് സിദ്ധു പറഞ്ഞിരുന്നു. മുസ്ലിം വോട്ട് ഭിന്നിച്ച് ബിജെപിയെ വിജയിക്കാൻ അനുവദിക്കരുതെന്നും സിദ്ധുവിന്റെ പരാമർശത്തിൽ ഉണ്ടായിരുന്നു.
പ്രഥമദൃഷ്ട്യ സിദ്ധു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രീയ പ്രചരണത്തിനായി മതങ്ങളെ ഉപയോഗിക്കരുതെന്ന സുപ്രീംകോടതി നിർദേശവും സിദ്ധു ലംഘിച്ചു. ഇതുമായി ബന്ധപ്പെട്ട് സിദ്ധുവിനെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധുവിനും വിലക്ക് ഏർപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.