ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓൺലൈന്‍ ആയോ പകരക്കാരെ കൊണ്ടോ വോട്ട് ചെയ്യിക്കാന്‍ ആകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസികള്‍ക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്യാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാന്‍ കമ്മീഷന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് ഓൺലൈനിലൂടെ വോട്ട് ചെയ്യാമെന്ന സന്ദേശം വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത് കണ്ടു വിശ്വസിക്കേണ്ട. ഈ തിരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് വോട്ട് ചെയ്യാന്‍ ആകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് എംബ്ലം സഹിതമുള്ള പ്രചാരണം കണ്ടു പ്രവാസികള്‍ അടക്കമുള്ളവര്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. മാത്രമല്ല വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കമ്മീഷന് ഡല്‍ഹി പൊലീസിന് പരാതിയും നല്കി.
പൊതു ക്രമം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വ്യാജ പ്രചാരണം നടത്തിയതിന് ഐപിസി 405, 463, 471 എന്നീ വകുപ്പുകളും ഔദ്യോഗിക ചിഹ്ന ദുരുപയോഗത്തിനുള്ള വകുപ്പും പ്രകാരം കേസ് എടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. സന്ദേശം ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും കുടുക്കി ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ തടയുകയാണ് കമ്മീഷന് ലക്ഷ്യം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിനായി ഓൺലൈന്‍ സൗകര്യമല്ല കമ്മീഷന് പരിഗണനയില്‍. വോട്ട് ചെയ്യുന്നതിനായി പ്രവാസികള്‍ക്ക് നാട്ടിലുള്ള പകരക്കാരെ നിര്‍ദ്ദേശിക്കാനുള്ള സൗകര്യമാണ് പരിഗണനയില്‍. ഇതിനായുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ ആയില്ല. ഇനി ബില്ലിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കേണ്ടത് പുതിയ സര്‍ക്കാരാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.