ചെന്നൈ: തമിഴ്നാട് മന്ത്രിയുടെ മകന്റെ വിവാഹം കൊഴുപ്പിക്കാൻ കേരളത്തിൽ നിന്ന് ആനകളെ എത്തിച്ചത് വിവാദത്തിൽ. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി പി മൂർത്തിയുടെ മകന്റെ കല്യാണത്തിനായാണ് കോട്ടയത്ത് നിന്ന് ആനകളെ എത്തിച്ചത്. നരായണൻകുട്ടി, സാധു എന്നീ ആനകളെ ഗജപൂജയ്ക്കെന്ന പേരില്‍ മധുരയിലെത്തിക്കുകയായിരുന്നു.
സെപ്റ്റംബർ 30നു നടന്ന മന്ത്രിയുടെ മകന്റെ കല്യാണത്തിന് മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ സ്വീകരിക്കാനാണ് ആനകളെ ഉപയോഗിച്ചത്. വിവാഹത്തിനായി കോടിക്കണക്കിനു രൂപ ചെലവിട്ടെന്ന ആരോപണം നിലനിൽക്കേയാണു പുതിയ വിവാദം. വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങൾ വഴിയാണു സംഭവം പുറത്തായത്.
Also Read-ഇൻസ്റ്റഗ്രാം റീൽ പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ; മൂന്നുപേർ ട്രെയിനിടിച്ച് മരിച്ചു
വനം വകുപ്പു നൽകിയ മറുപടിയിൽ കേരളത്തിൽ നിന്ന് ആനകളെ കൊണ്ടു വരാൻ അനുമതി നൽകിയിരുന്നതായി പറയുന്നു. എന്നാൽ ഗജപൂജയ്ക്ക് പങ്കെടുപ്പിക്കാനായിരുന്നു അനുമതി നൽകിയിരുന്നത്. വിവാഹ ചടങ്ങുകളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിൽ നിരോധനമുള്ളതിനാൽ ഗജപൂജയ്ക്കെന്ന പേരിലാണ് മധുരയിലെത്തിച്ചത്.
വിവാഹത്തിന്റെ ആഘോഷത്തോടനുബന്ധിച്ചുള്ള ഗജപൂജയ്ക്കാണ് ആനകളെ കൊണ്ടുപോയതെന്നാണ് ആനകളുടെ ഉടമകൾ പറയുന്നത്. കേരളത്തിൽ നിന്നു പുറത്തേക്ക് കൊണ്ടു പോകുന്നതിനു മുൻപ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനകളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതായും ഇവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.