പശുവിനെ കശാപ്പ് ചെയ്യുന്നതു നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാത്ത ദിവസം മാത്രമേ ഭൂമിക്ക് ക്ഷേമം ഉണ്ടാകൂ എന്നും താപി ജില്ലാ കോടതി അധ്യക്ഷനായ സെഷൻസ് ജഡ്ജി എസ്. വി. വ്യാസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ചാണകം കൊണ്ട് നിർമിച്ച വീടുകളെ ആറ്റോമിക് റേഡിയേഷൻ ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും മരുന്നു കണ്ടുപിടിക്കാത്ത പല രോഗങ്ങൾക്കും ഗോമൂത്രം മരുന്നായി ഉപയോഗിക്കാം എന്നും കോടതി പറഞ്ഞു. പശുവിന് വംശനാശം സംഭവിച്ചാൽ പ്രപഞ്ചമാകെ ഇല്ലാതാകുമെന്നും സംസ്കൃത ശ്ലോകം ഉദ്ധരിച്ച് കോടതി പറഞ്ഞു. വേദങ്ങളുടെ ഉത്ഭവം പശുക്കൾ മൂലമാണെന്നും കോടതി കൂട്ടിച്ചേർത്തു.
പശുക്കളെ കൊല്ലുന്നത് അനുവദിക്കാൻ ആകില്ലെന്നും പശുവിനെ കൊല്ലുന്നതും അനധികൃതമായി കൊണ്ടുപോകുന്നതും ഒരു പരിഷ്കൃത സമൂഹത്തിന് നാണക്കേടു തോന്നേണ്ട പ്രവൃത്തി ആണെന്നും കോടതി വ്യക്തമാക്കി. 24 പേജ് നീളുന്നതായിരുന്നു ഉത്തരവ്.
”പശു ഒരു മൃഗം മാത്രമല്ല, അത് അമ്മ കൂടിയാണ്. അതിനാലാണ് പശുവിന് അമ്മയുടെ പേര് നൽകിയിരിക്കുന്നത്. പശുവിന്റെ അത്രയും നന്ദിയുള്ളവരല്ല മറ്റാരും തന്നെ. 68 കോടി പുണ്യസ്ഥലങ്ങളുടെയും കോടാനുകോടി ദേവന്മാരുടെയും ജീവനുള്ള ഗ്രഹമാണ് പശു. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാത്ത ദിവസം ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ഭൂമിയുടെ ക്ഷേമം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യും. പശു സംരക്ഷണത്തെക്കുറിച്ചും പശുവളർത്തലിനെക്കുറിച്ചും ധാരാളം ചർച്ചകൾ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അവയൊന്നും പ്രാവർത്തികമാകുന്നില്ല”, എന്നും കോടതി പറഞ്ഞു.
രാജ്യത്തെ പശുക്കളുടെ 75 ശതമാനവും നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അതിന്റെ 25 ശതമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ജഡ്ജി എസ് വി വ്യാസിന്റെ ഉത്തരവിൽ പറയുന്നു.
”നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതു വർഷം കഴിഞ്ഞു. എന്നാൽ ഗോവധം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, അത് വർദ്ധിക്കുകയും ചെയ്തു. മനുഷ്യന്റെ കോപം വർധിച്ചതാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം. ഗോവധം പൂർണമായും നിരോധിക്കുന്നതുവരെ, ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകില്ല”, കോടതി കൂട്ടിച്ചേർത്തു.
പതിനാറോളം പശുക്കളെ മഹാരാഷ്ട്രയിലേക്ക് അനധികൃതമായി കടത്തിയതിനാണ് 2020 ജൂലൈയിൽ മുഹമ്മദ് ആമീൻ ആരിഫ് അൻജൂം എന്നയാൾ അറസ്റ്റിലായത്. കേസിൽ വിധി പറയുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
Summary: End cow slaughter to stop problems in the world, says Gujarat court
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.