ഡൽഹി: നാഷ്ണൽ ഹെറാൾഡ് കേസിൽ യങ് ഇന്ത്യൻ ഓഫീസ് ബുധനാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് താൽക്കാലികമായി സീൽ ചെയ്തു. നാഷ്ണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഈ ഓഫീസ് പരിസരവും മറ്റും വിശദമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഇഡി. മുൻകൂട്ടിയുള്ള അനുമതി കൂടാതെ ഓഫീസും പരിസരവും തുറക്കുവാൻ പാടില്ലെന്ന് ഇഡി ഉദ്ദ്യോഗസ്ഥർ അനുശാസിച്ചു. ഹെറാൾഡ് ഹൗസ് ബിൽഡിംഗിലെ മറ്റ് കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നതാണ്. പത്രത്തിന്റെ ഐടിഒ യ്ക്ക് സമീപത്തുള്ള ബഹദൂർഷ സഫർ മാര്ഗ് ഓഫീസ് അടക്കം 11 ഇടങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഇഡിയുടെ അന്വേഷണ പരിധിക്കുള്ളിൽ വന്നിട്ടുള്ളത്. കോൺഗ്രസ്സിന്റെ താൽക്കാലിക പ്രസിഡന്റ് സോണിയ ഗാന്ധിയെ ചോദ്യംചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ നീക്കം. അന്വേഷണ ഏജൻസി സോണിയാ ഗാന്ധിയുടെ മകനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയേയും ചോദ്യം ചെയ്തിരുന്നു.
യങ് ഇന്ത്യൻ ഓഫീസ്സ് താൽക്കാലികമായി സീൽ ചെയ്തിട്ടു മാത്രമേയൊള്ളു സേർച്ചോ മറ്റോ തങ്ങളുടെ ഭാഗത്തു നിന്നും നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രിൻസിപ്പൽ ഓഫീസർ മല്ലികാർജ്ജുൻ ഗാർഗെ സ്ഥലത്തേക്ക് എത്തിയെങ്കിലും സെർച്ച് നടക്കും മുൻപ് അവിടെ നിന്നും പോയി. റെയ്ഡ് സമാപിക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രിൻസിപ്പൽ ഓഫീസർക്ക് (മല്ലികാർജ്ജുൻ ഗാർഗെ) സമൻസ് അയച്ചിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക അധികാരിയായ വ്യക്തി നേരിട്ടെത്തി സേർച്ച് തീരുന്നത് വരെ സ്ഥാപനത്തിലുള്ള സീൽ തുടരുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധ സാഹചര്യങ്ങളുണ്ടായാൽ തടയുവാൻ സർവ്വ സജ്ജമായിരുന്നു ഡൽഹി പോലീസ്. കോൺഗ്രസ്സ് ആസ്ഥാനത്തിന് അടുത്തുള്ള 24 അക്ബർ റോഡ് പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. സോണിയാ ഗാന്ധിയുടെ വീടിനു പുറത്തും പോലീസ് നിലയുറപ്പിച്ചിരുന്നു.
പാർട്ടി ആസ്ഥാനത്തിനു പുറത്തെ പോലീസ് വിന്യാസത്തിലും യങ് ഇന്ത്യ ഓഫീസ് സീൽ ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കോണ്ഗ്രസ്സ് ട്വിറ്ററിൽ കേന്ദ്ര ഏജൻസിയെ കടന്നാക്രമിച്ചു. "സത്യത്തിന്റെ ശബ്ദം പോലീസിനെ കണ്ട് ഭയപ്പെടില്ല, നാണ്യപ്പെരുപ്പത്തേക്കുറിച്ചും തൊഴിലില്ലായ്മയേക്കുറിച്ചും ചോദിച്ചുകൊണ്ടിരിക്കും"- കോൺഗ്രസ്സ് ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ കുറിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഇഡിയുടെ നടപടികളോട് പാർട്ടി നിയമപരമായ വഴികളിലൂടെ പ്രതികരിക്കുമെന്ന് പറഞ്ഞു. "ഇതിനു പിന്നിൽ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് പുറത്തു വരും. നിങ്ങൾക്ക് ആർക്കെങ്കിലും എതിരെ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾ മുൻകൂട്ടി അറിയിക്കണം" അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച നടന്ന സേർച്ചിൽ ഹെറാൾഡ് ഹൗസ് ബിൽഡിംഗിന് പുറത്ത് നിരവധിയായ കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നത്.
യങ് ഇന്ത്യയുടെ ഓഫീസ് താൽക്കാലികമായി സീൽ ചെയ്ത ഇഡിയുടെ നടപടിയോട് ജയറാം രമേശിന്റെ പ്രതികരണം "ഇന്ന് രാജ്യം മുഴുവൻ ഇത് കാണുന്നുണ്ട്. അക്ബർ റോഡിൽ, ജൻപഥിൽ, തുഗ്ലഗ്ഗ് ലെയ്നിൽ ബാരിക്കേഡ് വെച്ചിരിക്കുന്നത്." എന്നായിരുന്നു. നാണ്യപ്പെരുപ്പത്തിനെതിരെയുള്ള പ്രതിഷേധം കോണ്ഗ്രസ്സ് ആഗസ്റ്റ് 5 ന് തുടരുമെന്ന് അജയ് മാക്കൻ അറിയിച്ചു. പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും വസതികളിലേക്ക് പ്രതിഷേധം നടത്തുവാനാണ് തിരുമാനിച്ചിരിക്കുന്നത്. എന്നാൽ ഡിസിപി ഈ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.