കൊൽക്കത്ത: ട്രെയിൻ യാത്രക്കിടെ ഐഫോൺ തട്ടിയെടുത്തോടിയ കള്ളനെ പിടിക്കാൻ പുറത്തേക്ക് ചാടിയ യുവ എഞ്ചിനീയർ മരിച്ചു. ശനിയാഴ്ച രാത്രി സാമ്പൽപൂർ എക്സപ്രസിലായിരുന്നു സംഭവം. ഇലക്ട്രിക്കൽ എഞ്ചിനീയറായ സൗരഭ് ഘോഷ് (27) ആണ് മരിച്ചത്. ദേഹമാസകലം പരിക്കേറ്റ യുവാവ് ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.
ജംഷഡ്പൂരിലെ വീട്ടില്ലേക്കുള്ള യാത്രയിലായിരുന്നു സൗരഭ് ഘോഷ്. വിൻഡോ സീറ്റിലായിരുന്നു യാത്ര. രാത്രി 11ന് ഉലുബേരിയ സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ പുതുതായി വാങ്ങിയ ഐഫോണിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവാവ്. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ട്രെയിനിനകത്തുണ്ടായിരുന്ന ഒരാൾ ഫോൺ തട്ടിപ്പറിച്ചശേഷം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. പെട്ടെന്നുണ്ടായ സംഭവത്തിൽ സ്തംഭിച്ചുനിന്ന ഘോഷ് ഏതാനും നിമിഷങ്ങൾക്ക് ശേഷം കള്ളനെ പിടികൂടാൻ പിന്നാലെ ചാടി. വീഴ്ചയിൽ തല കല്ലിൽ ഇടിച്ച യുവാവ് അബോധാവസ്ഥയിലായി.
സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തിയവരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഗാഡ്ജറ്റുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സൗരഭ് ഘോഷ് 15 ദിവസം മുൻപാണ് പുതിയ ഐഫോൺ വാങ്ങിയത്. മകൻ ഏറെ സമയവും ഫോണിൽ ചെലവഴിക്കുമായിരുന്നുവെന്ന് പിതാവ് സഞ്ജയ് ഘോഷ് പറഞ്ഞു. മകൻ ഏറെ ഇഷ്ടപ്പെട്ട ഐഫോണ്‍ അവന്റെ ഓർമക്കായി വീണ്ടെടുത്ത് നൽകണമെന്ന് ഹൗറ റൂറൽ പൊലീസ് അധികാരികളോട് പിതാവ് ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങൾ കാരണം ഫോണ്‍ കണ്ടെത്താൻ എളുപ്പമാണെന്നും ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.