സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂല പോസ്റ്റ് പങ്കുവെച്ച കർണാടകയിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനെതിരെ വ്യാപക വിമർശനം. കർണാടകയിലെ കൊപ്പലിലുള്ള സർക്കാർ സ്‌കൂൾ അധ്യാപകനായ സോമശേഖർ ഹർതി ആണ് തന്റെ രാഷ്ട്രീയാഭിപ്രായങ്ങൾ പരസ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൊപ്പൽ ജില്ലയിലെ കുക്‌നൂർ താലൂക്കിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനാണ് സോമശേഖർ ഹർതി.
കർണാടക സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് സോമശേഖർ ഹർതിയോട് ഡിഡിപിഐക്കു മുൻപാകെ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചട്ടങ്ങൾ അനുസരിച്ച്, സർക്കാർ ജീവനക്കാർ രാഷ്ട്രീയ സന്ദേശങ്ങളോ രാഷ്ട്രീയം വ്യക്തമാക്കുന്ന പോസ്റ്റുകളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ പാടില്ല. സോമശേഖർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത മെസേജും വീഡിയോ ലിങ്കും നാല് സർക്കാർ സ്‌കൂൾ അധ്യാപകർ ഉൾപ്പെടെ നിരവധി പേർ ഫോർവേഡ് ചെയ്തതായും കണ്ടെത്തി.
2024 ൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരുമെന്ന് 200 ശതമാനവും ഉറപ്പാണെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഹർതി ഷെയർ ചെയ്തത്. ”ഇക്കാര്യം അന്വേഷിക്കാൻ ഡിഡിപിഐയോട് കൊപ്പൽ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മെസേജിന്റെ സ്‌ക്രീൻ ഷോട്ടും വീഡിയോ ലിങ്കും വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇനി നടത്തില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങൾ പരസ്യമായി പ്രഖ്യാപിക്കരുതെന്ന് സർക്കാർ സ്കൂൾ അധ്യാപകരെയും മറ്റ് സർക്കാർ ജീവനക്കാരെയും അറിയിച്ചിട്ടുണ്ടെന്ന് ഒരു സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.