• HOME
  • »
  • NEWS
  • »
  • india
  • »
  • ജാതിവെറി ഇങ്ങനെയും; ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിച്ച് തമിഴ്നാട്ടിലെ ഒരു ഗ്രാമം

ജാതിവെറി ഇങ്ങനെയും; ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിച്ച് തമിഴ്നാട്ടിലെ ഒരു ഗ്രാമം

ആകെയുള്ള 785 വോട്ടർമാരിൽ വോട്ട് ചെയ്യാനെത്തിയത് ദളിതരായ ആറുപേർ മാത്രം

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    പൂർണിമ മുരളി

    ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് ജാതിവെറിയുടെ തീക്ഷ്ണത വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി. ദളിത് സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ഗ്രാമം മുഴുവൻ വെള്ളിയാഴ്ച നടന്ന തദ്ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ആകെയുള്ള 785 വോട്ടർമാരിൽ, വെറും ആറ് പേർ മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പിച്ചവിലായ് ഗ്രാമത്തിലെ ദളിതരാണ് ഈ ആറുപേരും. നാടാർ സമുദായത്തിലെ മറ്റ് 779 വോട്ടർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മാത്രമല്ല, പ്രതിഷേധക സൂചകമായി ഇവർ വീടുകൾക്ക് പുറത്ത് കറുത്ത കൊടി കെട്ടുകയും ചെയ്തു.

    ഗ്രാമത്തിലെ നാല് പോളിംഗ് ബൂത്തുകൾ വോട്ടെടുപ്പ് ദിനത്തിൽ വിജനമായിരുന്നു. താലൂക്ക് ഉദ്യോഗസ്ഥർ പ്രബല ജാതിയിൽ നിന്നുള്ളവരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ചുവെങ്കിലും ആരും വോട്ട് ചെയ്യാൻ തയാറായില്ല.

    Also Read- 'ജാതി മതിൽ' തകർന്ന് 17 പേർ മരിച്ച സംഭവം: വിവേചനത്തിൽ പ്രതിഷേധിച്ച് 3000 ദളിതർ ഇസ്ലാം മതത്തിലേക്ക്

    ''സീറ്റ് അനുവദിച്ചത് ശരിയായ രീതിയിലല്ല. ഞങ്ങൾ‌ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായിട്ടും ഞങ്ങൾ‌ക്ക് ഇഷ്ടമുള്ള ഒരു സ്ഥാനാർത്ഥിയെ ഉൾപ്പെടുത്താൻ‌ അനുവദിച്ചില്ല. അതുകൊണ്ടാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ട് ചെയ്യാത്തത് ”- പ്രദേശവാസിയായ മഡിസുഡു പെരുമാൾ ന്യൂസ് 18 നോട് പറഞ്ഞു.

    ''ഞങ്ങൾക്ക് ഇവിടെ 785 വോട്ടുകളുണ്ട്. ഞങ്ങൾക്ക് ഒരു സീറ്റ് അനുവദിച്ചിട്ടില്ല. അതിനാലാണ് ഞങ്ങൾ വോട്ട് ചെയ്യാത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ ഞങ്ങൾ വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. എന്തിനാണ് ഞങ്ങൾ അവർക്ക് വോട്ട് ചെയ്യേണ്ടത്? ”- മറ്റൊരു പ്രദേശവാസിയായ അജിത് കുമാർ പറയുന്നു.

    നാടാർ സമുദായത്തിലെ ചില യുവ വോട്ടർമാർ വോട്ട് ചെയ്യാൻ സന്നദ്ധരായിരുന്നു. എന്നാൽ പോളിംഗ് ബൂത്തിൽ പോകുന്നതിൽ നിന്ന് സമുദായ നേതാക്കൾ അവരെ തടയുകയായിരുന്നുവെന്നും പ്രദേശവാസികൾ ന്യൂസ് 18 നോട് പറഞ്ഞു.

    തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെ കുറിച്ച് പ്രതികരിക്കാൻ ദളിതരായ ആറു വോട്ടർമാരും തയാറായില്ല. നാടാർ സമുദായ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിലാണ് അവർ ജോലി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ തസ്തിക കൂടാതെ, പഞ്ചായത്ത് വാർഡ് അംഗം, പഞ്ചായത്ത് യൂണിയൻ കൗൺസിലർ, പഞ്ചായത്ത് ജില്ലാ കൗൺസിലർ എന്നീ ഒഴിവുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.


    Published by:Rajesh V
    First published: