• HOME
 • »
 • NEWS
 • »
 • india
 • »
 • ക്ഷണിച്ചതാര് ? യൂറോപ്യൻ യൂണിയൻ പാർലമെന്റംഗങ്ങളുടെ കശ്മീർ സന്ദർശന വിവാദം പുകയുന്നു‌

ക്ഷണിച്ചതാര് ? യൂറോപ്യൻ യൂണിയൻ പാർലമെന്റംഗങ്ങളുടെ കശ്മീർ സന്ദർശന വിവാദം പുകയുന്നു‌

ഇവരുടെ സന്ദർശനം ഔദ്യോഗികമാണോ. ഇവരുടെ സന്ദർശനം കൊണ്ട് എന്താണ് പ്രയോജനം. അതീവ രഹസ്യമായി തയ്യാറാക്കിയ ഈ സന്ദർശനം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.

News18

News18

 • Share this:
  യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളായ 27 എംപിമാരാണ് കശ്മീർ സന്ദർശിക്കുന്നത്. ചീഫ് സെക്രട്ടറിയുമായും, സംസ്ഥാന പൊലീസ് ഡിജിപിയുമായും, സൈനിക ഉദ്യോഗസ്ഥരുമായും ഇവർ കൂടികാഴ്ച നടത്തി. സർപഞ്ചുമാരെയും കാണും. സംസ്ഥാനത്തെ ആഭ്യന്തരസ്ഥിതി സംബന്ധിച്ചുളള വിശദീകരണമാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും സൈനിക ഉദ്യോഗസ്ഥരും നൽകിയത്. പ്രത്യേക പദവി എടുത്തകളഞ്ഞ ശേഷമുള്ള ജീവിതത്തെ കുറിച്ച് സർപഞ്ചുമാരും സംസാരിക്കും. പക്ഷെ എന്തിനാണ് ഇപ്പോൾ രാജ്യന്തര സംഘം കശ്മീർ സന്ദർശിക്കുന്നത്. ആരാണ് ഇവരെ ക്ഷണിച്ചു വരുത്തിയത്. ഇവരുടെ സന്ദർശനം ഔദ്യോഗികമാണോ. ഇവരുടെ സന്ദർശനം കൊണ്ട് എന്താണ് പ്രയോജനം. അതീവ രഹസ്യമായി തയ്യാറാക്കിയ ഈ സന്ദർശനം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.

  ആരാണ് ക്ഷണിച്ചത് ?

  കേന്ദ്രസർക്കാരല്ല ഇവരെ ക്ഷണിച്ചത്. വിമൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ തിങ്ക് ടാങ്ക് (WESTT)എന്ന സംഘടനയാണ് യൂറോപ്യൻ എംപിമാരെ കശ്മീർ സന്ദർശിക്കാൻ ക്ഷണിച്ചത്. 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച. തുടർന്ന് കശ്മീർ സന്ദർശനം. 30ന് കണ്ടത് വാർത്ത സമ്മേളനം നടത്തി പറയാന്‍ അവസരം. യാത്ര സൗകര്യം, ഭക്ഷണം, താമസം എന്നിവ ഒരുക്കികൊടുക്കും.. കശ്മീർ സന്ദർശിക്കാൻ വിദേശ സംഘത്തെ ക്ഷണിച്ചത് ഇന്ത്യൻ സർക്കാരോ സംഘടനയോ അല്ല. ഇതിനായിപണം ചെലവഴിക്കുന്നതും ഇന്ത്യൻ അധികാരികളല്ല. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈഡ് സ്റ്റഡീസാണ് പണം ചിലവഴിക്കുന്നത്. കശ്മീരിലെ സ്ഥിതി കണ്ടു ബോധ്യപ്പെടാൻ വിദേശ എംപിമാരെ എന്തിനാണ് ഒരു വിദേശ സംഘടന പണം ചെലവാക്കി കൊണ്ടു വരുന്നത്.  ഒന്നുകിൽ സത്യം നേരിട്ട് കണ്ട് മനസിലാക്കാൻ. അല്ലെങ്കിൽ കേന്ദ്രസർക്കാരിന് പറയാനുള്ളത് ഏറ്റു പറയാൻ. രണ്ടിൽ ഏതിനാണെങ്കിലും ഇപ്പോൾ എന്താണ് ഇതിന്റെ ആവശ്യം. രാജ്യാന്തരതലത്തിൽ പാകിസ്ഥാന്റെ ദുഷ്പ്രചാരണത്തിന് തടയിടാനുള്ള പുതിയ നയതന്ത്രനീക്കം. അങ്ങനെയാണ് ഈ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്. അതാണ് ലക്ഷ്യമെങ്കിൽ എന്തിനാണ് വിദേശ സംഘടനകൾ ഇതിനായി പണം ചിലവഴിക്കുന്നത്.

  ചിലർ ക്ഷണം നിരസിച്ചു

  കശ്മീർ സന്ദർശിക്കാൻ എത്ര യൂറോപ്യൻ യൂണിയൻ എംപിമാരെയാണ് ക്ഷണിച്ചത്. ഇതെഴുതുന്ന സമയം വരെ ഇക്കാര്യം WESTT സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ WESTT ക്ഷണിച്ചതായും ചില നിബന്ധനകൾ വച്ചപ്പോൾ ക്ഷണം പിൻവലിച്ചതായും നോർത്ത് വെസ്റ്റ് ഇംഗ്ളണ്ടിൽ നിന്നുള്ള ഒരു എംപി വ്യക്തമാക്കിയിട്ടുണ്ട്. ലിബറൽ ഡമോക്രാറ്റ് എംപി ക്രിസ് ഡേവിസാണ് ഇക്കാര്യം പരസ്യമാക്കിയത്. ഈ മാസം 8 നാണ് ക്രിസ് ഡേവിസിന് WESTT ന്റെ ക്ഷണം ലഭിച്ചത്. അദ്ദേഹം ക്ഷണം സ്വീകരിച്ചു. പക്ഷെ ചില ഉപാധികൾ വച്ചു. അതിൽ പ്രധാനം കശ്മീരിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കണമെന്നതായിരുന്നു. സൈന്യത്തിനൊപ്പമോ മറ്റ് സുരക്ഷ ഏജൻസികൾക്കൊപ്പമോ യാത്ര ചെയ്യില്ല. മാധ്യമ പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യാം. ഈ നിബന്ധനവച്ചതോടെ ക്ഷണം പിൻവലിക്കപ്പെട്ടു എന്നാണ് ക്രിസ് ഡേവിസ് അറിയിച്ചത്. യാത്രയുടേയും ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചെലവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈഡ് സ്റ്റഡീസ് നൽകുമെന്ന് ക്ഷണകത്തിലുണ്ടെന്നതും പരസ്യപ്പെടുത്തിയത് ക്രിസ് ഡേവിസ് തന്നെ. WESTT സമീപിച്ച ചില എംപിമാർ കശ്മീർ സന്ദർശിക്കാനുള്ള ക്ഷണം നിരസിച്ചതായും സൂചനയുണ്ട്.

  പ്രതിഷേധിച്ച് പ്രതിപക്ഷം

  ആഗസ്ത് 5നാണ് കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും സംസ്ഥാനത്തെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും. പാർലമെന്റിൽ നടത്തിയ നാടകീയ നീക്കങ്ങളിലൂടെയാണ് സർക്കാർ ഇത് ചെയ്തത്. അതിന് മുമ്പ് തന്നെ കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുൻമുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയേയും ഒമർ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും വീട്ടു തടങ്കലിലാക്കി. വിഘടനവാദി നേതാക്കളെ അറസ്റ്റു ചെയ്തു. മൊബൈൽ ലാൻറ്ഫോൺ ഇന്റർ നെറ്റ് സൗകര്യങ്ങൾ റദ്ദാക്കി. ഇങ്ങനെ നീണ്ടു നിയന്ത്രണങ്ങളുടെ നിര. മറ്റോരു മുൻമുഖ്യമന്ത്രി ഗുലാം നബി ആസാദ് കശ്മീരിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. രാഹുൽ ഗാന്ധിക്കും സീതാറായം യെച്ചൂരിക്കുമെല്ലാം ഇതു തന്നെയായിരുന്നു ഗതി. ഒടുവിൽ സുപ്രീംകോടതി ഇടപെട്ട ശേഷമാണ് ചില നേതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്വന്തം വീട്ടിലേക്ക് പോകാനും ബന്ധുക്കളെ കാണാനും കഴിഞ്ഞത്. അപ്പോഴും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇങ്ങനെ സ്വന്തം പാർലമെന്റ് അംഗങ്ങൾക്ക് പോലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരാണ് ഇപ്പോൾ വിദേശ എംപിമാർക്ക് വിദേശ സംഘടന ഒരുക്കുന്ന യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതു തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനവും. വിദേശ എംപി സംഘം കശ്മീർ സന്ദർശിക്കുമ്പോൾ ഇന്ത്യയിലെ എംപിമാർ ഇത്തരം വിമർശനം ഉന്നയിക്കുന്നത് എങ്ങനെയാണ് മോദി സർക്കാരിന്റെ കശ്മീർ നയം സംബന്ധിച്ച ആശയകുഴപ്പം നീക്കാൻ സഹായിക്കുക. സ്വന്തം എംപിമാരേയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുത്ത ശേഷം വേണ്ടിയിരുന്നില്ലെ സർക്കാരിന്റെ ഈ വളഞ്ഞ നയതന്ത്രം.

  എന്തുകൊണ്ട് ഇന്ത്യൻ സർവ്വകക്ഷി സംഘത്തെ അനുവദിച്ചില്ല

  കശ്മീർ വിഭജന ബില്ല് ലോകസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ശശി തരൂർ എംപിയാണ് കശ്മീരിലേക്ക് സർവ്വകക്ഷി സംഘത്തെ അയക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്.ഈ ആവശ്യം ഇന്ത്യൻ പാർലമെന്റിൽ ഉയർന്നിട്ട് മാസങ്ങൾ പിന്നിട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ആലോചന പോലും ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു നിർദ്ദേശം പാർലമെന്റിൽ ഉയർന്നതായി പോലും സർക്കാർ ഭാവിച്ചില്ല. പക്ഷെ യൂറോപ്യൻ യൂണിയന്റെ എംപിമാരെ ആനയിച്ച് കശ്മീരിലേക്ക് കൊണ്ടു പോയി. കൂടികാഴ്ചകൾക്ക് സൗകര്യമൊരുക്കി. സർക്കാർ നിശ്ചയിച്ചവരുമായിട്ടാണെങ്കിലും. എന്ത് ജനാധിപത്യമാണ് കേന്ദ്രസർക്കാർ രാജ്യാന്തര സമൂഹത്തിന് മുന്നിൽ വയ്ക്കാൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് സ്വന്തം എംപിമാരെ അനുവദിക്കുന്നില്ല എന്ന ഒറ്റ ചോദ്യം കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വഴിയുള്ള ഈ നയതന്ത്ര നീക്കം പൊളിഞ്ഞ് അടുങ്ങില്ലെ. ഇതിനൊക്കെ അപ്പുറം ഈ എംപിമാരുടെ യാത്ര ഔദ്യോഗികമല്ലെന്നാണ് യൂറോപ്യൻ പാർലമെന്റിന്റെ വിശദീകരണം. യൂറോപ്യൻ പാലമെന്റിലെ ബ്രിട്ടീഷ് എംപി തെരേസ ഗ്രിഫിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവർ യൂറോപ്യൻ പാർലമെന്റിനെ പ്രതിനിധീകരിച്ചല്ല എത്തിയതെന്നാണ് തെരേസ ഗ്രിഫിന്റെ വിശദീകരണം..

  മുൻമുഖ്യമന്ത്രിമാരേയും കാണില്ല

  ചീഫ് സെക്രട്ടറി അടക്കമുള്ള സർക്കാർ ഉദ്ദ്യോഗസ്ഥരുമായും സൈനിക മേധാവികളുമായും സർപഞ്ചുമാരുമായും കൂടികാഴ്ച അനുവദിച്ച് സർക്കാർ എന്തുകൊണ്ടാണ് മുൻമുഖ്യമന്ത്രിമാരെ കാണാൻ അനുവദിക്കാത്തത്. മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടേതാണ് ചോദ്യം. സർപഞ്ചുമാർ പറയുന്നതിനെക്കാൾ ആധികാരികതയുണ്ടാകില്ലെ മുൻമുഖ്യമന്ത്രിമാർക്ക്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ദിവസം മുതൽ മൂന്ന് മുൻമുഖ്യമന്ത്രിമാരും വീട്ടു തടങ്കലിലാണ്. ഇതിനെതിരെയും സർക്കാരിന്റെ കശ്മീർ നയത്തിന് എതിരേയും രൂക്ഷവിമർശനം നടത്തുന്ന ഇവർ സർക്കാർ ഉദ്ദേശിക്കുന്നകാര്യങ്ങൾ പറയില്ല എന്നത് തന്നെയാണ് ഈ കൂടിക്കാഴ്ച  ഉണ്ടാകാത്തതിന് കാരണം. കടുത്ത വലതുപക്ഷ വികാരമുള്ള എംപിമാരെയാണ് സർക്കാർ തിരഞ്ഞു പിടിച്ച് കശ്മർ നിയതന്ത്രത്തിന് എത്തിച്ചിരിക്കുന്നതെന്ന് മെഹബൂബ മുഫ്തി ഇതിനോടകം തന്നെ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

  പിൻവാതിൽ നയതന്ത്രം ഗുണം ചെയ്യുമോ

  കശ്മീർ വിഷയമുയർത്തി രാജ്യാന്തരതലത്തിൽ പാകിസ്ഥാൻ നടത്തുന്ന ദുഷ്പ്രചാരണം തടയേണ്ടത് തന്നെയാണ്. അതിന് ചില നയതന്ത്ര നീക്കങ്ങൾ അനിവാര്യവുമാണ്. യൂറോപ്യൻ പാലമെന്റിന്റെ ജനപ്രതിനിധികളെ തന്നെ കശ്മീർ സന്ദർശിക്കാൻ അനുവദിച്ചതും നല്ലതു തന്നെ. പക്ഷെ ഇത്തരം നയതന്ത്രം സ്വന്തം എംപിമാരെ അകറ്റി നിറുത്തിയിട്ടാകരുത്. സ്വന്തം എംപിമാരെ ഇതുവരെ കശ്മീരിലേക്ക് കടത്തിയിട്ടില്ല. പ്രതിപക്ഷ നേതാക്കളെ സന്ദർശിക്കാൻ അനുവദിച്ചിട്ടില്ല. സർവ്വകക്ഷി സംഘം എന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. മുൻമുഖ്യമന്ത്രിമാരെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചിട്ടില്ല. ഇതിനൊക്കെ മുമ്പ് ഈ വിദേശ ജനപ്രതിനിധകളെ കശ്മീരിൽ എത്തിച്ചിട്ട് എന്തുകാര്യം. ഈ സന്ദർശനം തന്നെ പ്രഹസനമാണെന്ന ആക്ഷേപത്തിനല്ലെ അത് വഴിവയ്ക്കു. വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നല്ലാതെ എന്തു ഗുണം. ഒരു ജനതയെ ഇരുട്ടിൽ നിറുത്തിയുള്ള പരീക്ഷണങ്ങൾ തൽക്കാലം ഗുണം ചെയ്തേക്കാം. പക്ഷെ അതല്ല ശാശ്വത പരിഹാരം. ആ ജനതയേയും അവരുടെ ജനപ്രതിനിധികളേയും വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടത്. ​

  Also Read- 'ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്താണ് സൗദി'; സൽമാൻ രാജാവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

  First published: