• HOME
 • »
 • NEWS
 • »
 • india
 • »
 • എന്താണ് രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭത്തിന് കാരണമായ ശാരദാ ചിട്ടിതട്ടിപ്പ്?

എന്താണ് രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭത്തിന് കാരണമായ ശാരദാ ചിട്ടിതട്ടിപ്പ്?

200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് ശാരദയിൽ നടന്നത്.

malayalamnews18.com

malayalamnews18.com

 • Last Updated :
 • Share this:
  കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പശ്ചിമ ബംഗളില്‍ അസാധാരണ സംഭവങ്ങളാണ് ഞായറാഴ്ച വൈകിട്ടു മുതല്‍ അരങ്ങേറുന്നത്. റോസ് വാലി, ശാരദ തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ സി.ബി.ഐ സംഘമെത്തിയത്. ഇതാണ് മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങളിലേക്കും രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭത്തിലേക്ക് വഴിവച്ചത്.

  ശാരദാ ചിട്ടി തട്ടിപ്പ്

  വന്‍തുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചതാണ് ശാരദാ ചിട്ടി തട്ടിപ്പ്. 200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് 2014 വരെ അരങ്ങേറിയത്.

  ഇരുനൂറോളം കമ്പനികളുടെ കൺസോർഷ്യമെന്ന നിലയിലാണ് ബംഗാളിൽ  ശാരദാ ഗ്രൂപ്പ് എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ പ്രമുഖരായിരുന്നു കമ്പനിക്ക് പിന്നിൽ. ഇവരുടെ സാന്നിധ്യം കമ്പനിയുടെ വിശ്വാസ്യത വര്‍ധിക്കുകയും നിരവധി പേര്‍ പണം നിക്ഷേപിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. എന്നാല്‍ കമ്പനി പൊളിഞ്ഞതോടെ സാധാരണാക്കാർ ഉൾപ്പെടെ ആയിരക്കണക്കിന്  നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം നഷ്ടമായി.

  മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്നതും ദുര്‍ഗാ പൂജയുടെ നടത്തിപ്പുമൊക്കെ ശാരദാ ഗ്രൂപ്പായിരുന്നു. ഇതൊക്കെ ജനങ്ങൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത ഇരട്ടിയാക്കി.

  സുപ്രീംകോടതിയാണ് തട്ടിപ്പു കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ നേതാക്കളുടെ ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

  തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ സാമ്പത്തികമായി സഹായിച്ചിരുന്നതും ശാരദാ ഗ്രൂപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കള്‍ക്കും ഈ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്. പശ്ചിമബംഗളിനു പുറമെ ഒഡീഷ, അസാം, ജാര്‍ഖണ്ഡ്, തൃപുര സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്.

  റോസ് വാലി തട്ടിപ്പ്

  ശാരദാ ചിട്ടി തട്ടിപ്പിനേക്കാള്‍ വലിയ കുംഭകോണമായിരുന്നു റോസ് വാലി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 15000 കോടി രൂപയുടെ തട്ടിപ്പാണ്  നടന്നത്. പശ്ചിമബംഗാള്‍, അസാം, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് റോസ് വാലി തട്ടിപ്പിന് ഇരയായവരിലേറെയും.

  തട്ടിപ്പിന്റെ വിഹിതം രാഷ്ട്രീയക്കാര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.  രാഷ്ട്രീയക്കാരുമായുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് സഹായകമായത്. വന്‍തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ച് ലക്ഷക്കണക്കിനു പേരാണ് അവരുടെ സമ്പാദ്യം റോസ് വാലിയില്‍ നിക്ഷേപിച്ചത്.

  CBI കമ്മീഷണറുടെ വീട്ടില്‍ എത്തിയത് എന്തിന്?

  തട്ടിപ്പ് പുറത്തായതോടെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോഴത്തെ കമ്മീഷണറായ രാജീവ് കുമാര്‍. പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.

  എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളും തെളിവുകളും കമ്മീഷണര്‍ കൈമാറിയില്ലെന്നാണ് സി.ബിഐ ആരോപിക്കുന്നത്. ഈ തെളിവുകള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിബി.ഐ കമ്മീഷണറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.

  Also Read പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്

  First published: