ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ പാർട്ടി ഓഫിസിൽ എത്തി ഡെരക് ഒബ്രെയ്ൻ, സുദീപ് ബന്ദോപാധ്യായ്, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിൻഹ അംഗത്വം സ്വീകരിച്ചത്. 83കാരനായ യശ്വന്ത് സിൻഹ 2018ൽ ബിജെപി വിട്ടിരുന്നു. ''രാജ്യം മുൻപെങ്ങുമില്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ കരുത്താണ് ജനാധിപത്യത്തിന്റെയും കരുത്ത്. നീതിന്യായ വ്യവസ്ഥ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്ഷീണിച്ച അവസ്ഥയിലാണ്.''- തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നശേഷം യശ്വന്ത് സിൻഹ പറഞ്ഞു. പാർട്ടിയിൽ ചേരുന്നതിന് മുൻപ് അദ്ദേഹം മമതാ ബാനർജിയെ വീട്ടിലെത്തി കണ്ടു.
കർഷക സമരവും ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളും തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ യശ്വന്ത് സിൻഹ ഉയർത്തിക്കാട്ടി. വാജ്പേയി, മോദി സർക്കാരുകൾ തമ്മിലുള്ള താരതമ്യവും നടത്തി. ''സർക്കാരിന്റെ തെറ്റായ പോക്കിനെ തടയാൻ ആരും ഇല്ല. അടൽജിയുടെ കാലത്ത് സമവായത്തിലാണ വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് അടിച്ചമർത്തലിലും കീഴടക്കലിലുമാണ് നേതൃത്വം വിശ്വസിക്കുന്നത്. അകാലി ദളും ബിജെഡിയും ബിജെപി വിട്ടു. ഇപ്പോൾ ആരാണ് ബിജെപിക്ക് ഒപ്പമുള്ളത്?'' സിൻഹ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സ്ഥാപനം അല്ലാതെയായി എന്നും അദ്ദേഹം പറഞ്ഞു.
1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ 24 വര്‍ഷത്തെ സര്‍വീസിന് ശേഷം 1984ൽ ഐഎഎസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1986ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി.
1988ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1989ൽ ജനതാദൾ രൂപീകരിക്കപ്പെട്ടപ്പോൾ ബിജെപി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനമന്ത്രി(1990-91)യുമായിരുന്നു. പിന്നീട് ജനതാദളുമായുള്ള അസ്വാരസ്യത്തെത്തുടർന്നു പാർട്ടി വിട്ട യശ്വന്ത് വീണ്ടും ബിജെപിയിലെത്തി. 1996ൽ പാർട്ടിയുടെ ദേശീയ വക്താവായി. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 2014ൽ തെരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിച്ചു മകന് വഴിമാറിക്കൊടുത്തു. വാജ്പേയി മന്ത്രിസഭയിലെ പ്രമുഖന് നരേന്ദ്ര മോദി സ്ഥാനങ്ങളൊന്നും നല്‍കിയില്ല. ബിജെപിയുടെ തലമുറമാറ്റത്തിന് പിന്നാലെ മോദിയുടെ വിമർശകനായി മാറിയ യശ്വന്ത് സിൻഹ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018 ൽ ബിജെപി വിടുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.