ഹരിയാന മുൻ കായിക മന്ത്രി സന്ദീപ് സിംഗ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച വനിതാ കോച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. രാജ്യം വിടാന്‍ സന്ദീപ് സിംഗ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് വനിത കോച്ചിന്റെ പുതിയ വെളിപ്പെടുത്തൽ. കേസ് അന്വേഷിക്കാന്‍ ചണ്ഡിഗഡ് പോലീസ് രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വനിത കോച്ചിനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തണമെന്ന് അഭിഭാഷകന് ദീപാന്‍ഷു ബന്‍സാല്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയോടെ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. ഇരയായ യുവതി അഭിഭാഷകര്‍ക്കൊപ്പം രാവിലെ 11 മണിയോടെ സെക്ടര്‍ 26 പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. യുവതിയുടെ സെല്‍ഫോണുകളും ചില രേഖകളും അവര്‍ എസ്ഐടിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍മന്ത്രി രാജ്യം വിടാനായി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോച്ച് പറഞ്ഞു. എന്നാല്‍ ഇരയെ നാല് തവണ ചോദ്യം ചെയ്തിട്ടും ബിജെപി നേതാവിനെതിരെ ഇതുവരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ പോലും വിളിച്ചിട്ടില്ലെന്നും ഇരയുടെ അഭിഭാഷകന് ബന്‍സാല്‍ പറഞ്ഞു.
ആദ്യം ജിമ്മില്‍ വച്ചാണ് സിംഗ് തന്നെ കണ്ടെതെന്നും പിന്നീട് ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും കോച്ച് പരാതിയില്‍ പറഞ്ഞു. ”പിന്നീട് ഇന്‍സ്റ്റഗ്രാമിലും സ്നാപ്ചാറ്റിലും സിംഗ് സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 1 ന്, സ്നാപ്ചാറ്റ് കോളില്‍ വിളിക്കുകയും ചില ഔദ്യോഗിക ജോലികള്‍ക്കായി ചണ്ഡീഗഡിലെ സെക്ടര്‍ 7 ലെ തന്റെ ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ വൈകിട്ട് 6.50 ഓടെ ഓഫീസിലെത്തി തന്നെ അയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അയാള്‍ എന്റെ ടീ ഷര്‍ട്ട് വലിച്ച് കീറി. വാതില്‍ തുറന്നു കിടന്നതിനാൽ ഞാന്‍ അയാളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും” യുവതി പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354, 354 എ (ലൈംഗിക പീഡനം), 354 ബി , 342, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ചണ്ഡീഗഡ് പോലീസ് വ്യക്തമാക്കി.
ഛണ്ഡിഗഢ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് കായിക വകുപ്പ് മന്ത്രി സ്ഥാനം സിംഗ് രാജിവെച്ചിരുന്നു.
2019 ഒക്ടോബറില്‍ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറക്കിയ മൂന്ന് കായികതാരങ്ങളില്‍ വിജയിച്ച ഒരേയൊരു വ്യക്തിയാണ് ‘ഫ്ളിക്കര്‍ സിംഗ്’ എന്ന് വിളിപ്പേരുള്ള സിംഗ്. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിംഗ് പ്രതികരിച്ചു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുണ്ടെന്നും സിംഗ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.