ഇരുപത് വർഷത്തിലേറെ ത്രിപുരയെ നയിച്ച സിപിഎം നേതാവാണ് മണിക് സർക്കാർ. പക്ഷെ ഫെബ്രുവരി 16ന് നടക്കാൻ പോകുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി രംഗത്തിറങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.
ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ, കോൺഗ്രസും സിപിഎമ്മും ഒരു തിരഞ്ഞെടുപ്പ് ധാരണ മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും, ബിജെപി യെ പരാജയപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മണിക് സർക്കാർ വ്യക്തമാക്കി.
ബിജെപിയെ സഹായിക്കാനാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലുകളിൽ (എഡിസി) അധികാരത്തിലുള്ള പാർട്ടിയായ ടിപ്ര മോതയ്ക്ക് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ല എന്ന സൂചനയും മണിക് സർക്കാർ നൽകുന്നു.
എന്തുകൊണ്ടാണ് താങ്കൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് ?
1979 മുതൽ ഞാൻ മൽസരിക്കുന്നു. ആദ്യം എന്റെ പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു, പിന്നീട് 20 വർഷം മുഖ്യമന്ത്രിയും അഞ്ച് വർഷം പ്രതിപക്ഷ നേതാവുമായിരുന്നു. യുവതലമുറയ്ക്ക് അവസരം നൽകണമെന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല പാർട്ടി സംസ്ഥാന സെക്രട്ടറി മത്സരിക്കുന്നുണ്ട്, അപ്പോൾ സ്വാഭാവികമായും പാർട്ടി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കേണ്ട സാഹചര്യവുമുണ്ട്. ത്രിപുരയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സെക്രട്ടറിയ്ക്ക് ആവശ്യമായ പിന്തുണ നൽകാനും കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അതീവഗൗരവമുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു.
താങ്കളെ മത്സരിപ്പിക്കാൻ അവസാന നിമിഷം വരെ സിപിഎം ശ്രമിച്ചിരുന്നുവെന്ന് പാർട്ടി സെക്രട്ടറി പറയുകയുണ്ടായി. മത്സരിക്കേണ്ട എന്ന തീരുമാനം പൂർണമായും താങ്കളുടേത് ആണെന്നും പാർട്ടിയുടേതല്ലെന്നും പറഞ്ഞാൽ അതിൽ തെറ്റുണ്ടോ ? എന്താണ് വസ്തുത ?
അത് ഒരു പരിധിവരെ ശരിയാണ്. പലവട്ടം നടന്ന ചർച്ചകൾക്കൊടുവിലാണ് പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യം ശരിയായി ബോധ്യപ്പെട്ടത്. പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതായി ഞാൻ കരുതുന്നതുമില്ല. ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.
സിപിഎമ്മിന്റെ ബദ്ധവൈരികളായ കോൺഗ്രസുമായി ത്രിപുരയിൽ കൈകോർത്തതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
ത്രിപുരയിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതൃത്വത്തിലുള്ള ബിജെപിയുടെ സർക്കാരാണ് ഭരിക്കുന്നത്. ത്രിപുരയിലെ ജനങ്ങൾക്ക് ഇപ്പോൾ ഇത് അറിയാം, ഞങ്ങൾ മറ്റുള്ളവരെയും അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്തിന്റെയാകെ നന്മയെ കരുതി ബിജെപിയെ പരാജയപ്പെടുത്തുക എന്നതിനാണ് മുൻതൂക്കം.
ത്രിപുരയിൽ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമാകുന്ന കാലമാണ് ഇത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സമ്പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നു. ജനങ്ങൾക്ക് ഇവിടെ വോട്ടുചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു പാർട്ടി അതിന്റെ സ്വേച്ഛാധിപത്യ ഭരണം സ്ഥാപിച്ച് ഇന്ത്യൻ ഭരണഘടനയെ പോലും അവഹേളിക്കും വിധമുള്ള ഭരണമാണ് നടത്തുന്നത്.
ഇവിടുത്തെ ന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ യഥാർത്ഥ വിവരമല്ല പോലീസ് രേഖകളിൽ ഉള്ളത്, അത് ദൈനം ദിനം വർദ്ധിച്ച് കൊണ്ടേയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശം അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ജനങ്ങൾക്ക് ജോലിയും വരുമാനവുമില്ല, അതിന്റെ ഫലമായി പട്ടിണി മരണങ്ങൾ ഉണ്ടാകുന്നു, കുട്ടികളെ വിൽക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. ഇതാണ് ത്രിപുരയിലെ യഥാർത്ഥ ചിത്രം.
ഇന്നത്തെ ഈ അവസ്ഥ വച്ച് പരിശോധിച്ചാൽ സംസ്ഥാനം പിന്നോട്ടേക്കാണ് പോകുന്നത്. ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ് പലതും മാറിയത്. ഇപ്പോൾ തകർന്ന സാമ്പത്തിക സ്ഥിതിയ്‌ക്കൊപ്പം അഴിമതിയും നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന ഒഴിവുകളും അധ്യാപകർക്ക് നൽകിയ വ്യാജ വാഗ്ദാനങ്ങളും എല്ലാം സംസ്ഥാനത്തെ പിന്നോട്ടടിപ്പിച്ചു. ഇതെല്ലാം പരിഗണിക്കുമ്പോൾ സ്വാഭാവികമായി ജനങ്ങൾ എത്തിച്ചേരുന്നത് ത്രിപുരയിലെ ബിജെപി സർക്കാരിനെ നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ്. അതിന് വേണ്ടിയാണ് ഞങ്ങൾ മതേതര ചിന്താഗതിയുള്ള പാർട്ടികളെയാകെ സമീപിച്ചത്, അതിന്റെ ഭാഗമായി കോൺഗ്രസുമായും ചർച്ച നടത്തി. ഞങ്ങളുടെ നിർദ്ദേശത്തോട് കോൺഗ്രസ്സ് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
ഇടതുമുന്നണി കോൺഗ്രസിന് 13 സീറ്റ് നൽകിയെങ്കിലും ഇപ്പോൾ അവർ 17 സീറ്റിൽ മത്സരിക്കുന്നു. സീറ്റ് വിഭജനത്തിൽ ആശയക്കുഴപ്പമുണ്ടോ?
കോൺഗ്രസുമായി നടത്തിയ ചർച്ചയിൽ സിപിഎം നേതാക്കൾ തങ്ങളുടെ വിയോജിപ്പ് ആ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഇത് ഈ രീതിയിൽ തുടരാൻ അനുവദിച്ചാൽ അത് പ്രശ്‌നമായേക്കാം. ഫെബ്രുവരി രണ്ടാണ് നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി. അതിന് മുൻപായി അക്കാര്യത്തിലൊക്കെ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾക്ക് അനുകൂലമായ ഒരു സമീപനമുണ്ട്, അതുപോലെ തന്നെ കോൺഗ്രസ് നേതാക്കളും കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.
അഞ്ച് അധിക സീറ്റുകളിൽ നിന്ന് അവർ പിന്മാറുമോ?
അക്കാര്യങ്ങൾ ഒക്കെ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കോൺഗ്രസുമായുള്ള ഈ സഹകരണം താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വിമർശകർ പറയുന്നത്. അത് എത്രത്തോളം ശരിയാണ്?
അത് തീരെ ശരിയല്ല. ചിലർ ബോധപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിലവർ വിജയിക്കുകയില്ല.
2016ല്‍ ബംഗാള്‍ കൂട്ടുകെട്ട് ഫലം കണ്ടില്ലെങ്കിലും സീറ്റ് വിഭജനവുമായി മുന്നോട്ട് പോകുകയാണല്ലോ
പശ്ചിമ ബംഗാള്‍ പരീക്ഷണത്തില്‍ നിന്ന് ഞങ്ങള്‍ മാത്രമല്ല, കോണ്‍ഗ്രസും പാഠം പഠിച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ തെറ്റുകള്‍ തിരുത്താന്‍ അവര്‍ പരമാവധി ശ്രമിക്കും. സിപിഎമ്മിനെ മാത്രമല്ല, കോണ്‍ഗ്രസുള്‍പ്പെടെ എല്ലാവരെയും ബിജെപി ആക്രമിക്കുകയാണ്. അവര്‍ എല്ലാവരെയും കബളിപ്പിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തി ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇവിടെ സീറ്റ് വിഭജനമാണ്, അല്ലാതെ രാഷ്ട്രീയ സഖ്യമില്ല.
നിങ്ങള്‍ ടിപ്ര മോതയെ സമീപിച്ചെങ്കിലും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലല്ലോ?..
അവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 30 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി രണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
ടിപ്ര മോതയെ എങ്ങനെയാണ് നിങ്ങള്‍ വിലയിരുത്തുന്നത്?
ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഞങ്ങള്‍ ടിപ്ര മോത്തയെ സമീപിച്ചിരുന്നു. ബാക്കി കാത്തിരുന്ന് കാണാം.
തിരഞ്ഞെടുപ്പിന് താരപ്രചാരകരെയാണ് ബിജെപി കൊണ്ടുവരുന്നത്. നിങ്ങളോ?
എട്ട് മാസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുര പ്രചാരണത്തിന് തുടക്കമിട്ടത്. ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് മിക്കപ്പോഴും വരാറുണ്ട്. ഇത് അവരുടെ തന്ത്രമാണ്, അവരുടെ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല.
ഐപിഎഫ്ടി തിപ്ര മോതക്കൊപ്പം ചേരാതെ ബിജെപിക്കൊപ്പം ചേര്‍ന്നു. അതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം?
അതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ഐപിഎഫ്ടി എപ്പോഴും ബിജെപിക്കൊപ്പമായിരുന്നു. ടിപ്ര മോതയുമായി ഐപിഎഫ്ടി ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ മാത്രമായിരുന്നു. ഐപിഎഫ്ടി ബിജെപിക്കൊപ്പം അഞ്ച് സീറ്റിലാണ് മത്സരിക്കുന്നത്, അവര്‍ ഒരു കുടുംബം പോലെയാണ്.
തൃണമൂൽ കോൺഗ്രസിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
ബംഗാളിൽ ജനാധിപത്യം ഇല്ലാതാക്കുന്നത് അവരാണ്. അവരുടെ മന്ത്രിമാരിൽ ചിലർ ജയിലിലാണ്. അവർ അഴിമതിക്കാരാണ്, ഈ സാഹചര്യത്തിലാണ് അവർ ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ത്രിപുരയിലെ ജനങ്ങൾ വിഡ്ഢികളല്ല. ബിജെപിയെ സഹായിക്കാനാണ് ടിഎംസി ഇവിടെ എത്തിയിരിക്കുന്നത് എന്ന് ത്രിപുരയിലെ ജനങ്ങൾ പോലും പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ടിഎംസി ശ്രമിക്കുന്നത്.
ഇടതുമുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?
ത്രിപുരയിലെ ഫാസിസ്റ്റ് സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ത്രിപുരയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കിയാൽ ബിജെപി പരാജയപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാർ മുഖ്യമന്ത്രിയെ തീരുമാനിക്കും.
തെരഞ്ഞെടുപ്പിനു ശേഷം ടിപ്ര മോതയെ പിന്തുണയ്ക്കുമോ?
നമുക്ക് നോക്കാം. ബിജെപി സർക്കാരിനെ പുറത്താക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അന്തിമ ഫലം വന്നതിനു ശേഷമാകും ഇത്തരം തീരുമാനങ്ങൾ എടുക്കുക. ഞാൻ നേരിട്ട് മത്സരിക്കുന്നില്ലായിരിക്കാം, പക്ഷേ മുന്നണിയിലെ എന്റെ സഹപ്രവർത്തകർക്കു വേണ്ടി ഞാൻ പ്രചാരണം നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.