#അമൻ ശർമ്മ
വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ (Uttar Pradesh Election) ബിജെപി (BJP) 350-ലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) ന്യൂസ് 18 ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. തന്റെ സർക്കാർ സംസ്ഥാനത്തിന് വേണ്ടിയും ആത്മവിശ്വാസം നൽകിയ ജനങ്ങൾക്ക് വേണ്ടിയും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അതിനാൽ ആരെയും വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്പ് മുഹമ്മദ് അലി ജിന്നയെ ഉയർത്തിക്കാട്ടി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ടൂറിസം കോൺഗ്രസിനെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖിംപൂർ ഖേരി കേസിൽ ആരെയും സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ബിജെപി നേരിടുന്ന വെല്ലുവിളി എത്ര വലുതാണ്? പാർട്ടി വീണ്ടും 300 സീറ്റുകൾ കടക്കുമെന്ന് അവകാശപ്പെടുന്നു. ഒരു പാർട്ടിക്കും തുടർച്ചയായി രണ്ടാം തവണ സംസ്ഥാനത്ത് അധികാരത്തിൽ വരാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ ഈ ആത്മവിശ്വാസത്തിന് കാരണം എന്താണ്?
ബിജെപി 350ലധികം സീറ്റുകൾ (403 സീറ്റുകളിൽ) നേടും. 2017ൽ ലോക് കല്യാൺ സങ്കൽപ് പത്രയിൽ പരാമർശിച്ച എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റിയതിനാൽ ഇതിൽ സംശയം വേണ്ട. 2017ന് മുമ്പ് ഉത്തർപ്രദേശ് ഒരു 'ബിമാരു' (BIMARU) സംസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചേർന്നതാണ് ബിമാരു സംസ്ഥാനങ്ങൾ. എന്നാൽ ഇപ്പോൾ വിവിധ മേഖലകളിലുടനീളമുള്ള വികസനത്തിന് പേരുകേട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. കഴിഞ്ഞ നാലര വർഷമായി സർക്കാർ സംസ്ഥാനത്തിന്റെയും 24 കോടി പൗരന്മാരുടെയും പുരോഗതിക്കായി പ്രവർത്തിച്ചു വരികയാണ്. സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്. സംസ്ഥാനത്തെ കർഷകരുടെയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ക്ഷേമം ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. 2017ൽ തന്നെ 36,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി. ഇത് ഏകദേശം 21 മില്യൺ കർഷകർക്ക് പ്രയോജനം ചെയ്തു. ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ യുപി നിർണായക പങ്ക് വഹിക്കും.
ആരാണ് നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി? സമാജ്‌വാദി പാർട്ടിയോ ബഹുജൻ സമാജ് പാർട്ടിയോ കോൺഗ്രസോ?
ഞങ്ങൾ ആരെയും വെല്ലുവിളിയായി കണക്കാക്കുന്നില്ല.
നിങ്ങളുടെ വോട്ടെടുപ്പ് തന്ത്രം എന്തായിരിക്കും? വികസനമാണോ ക്രമസമാധാനമാണോ നിക്ഷേപമാണോ? ഈ കണക്കുകളിൽ നിങ്ങളുടെ കാലയളവിൽ യുപിയുടെ പ്രതിച്ഛായ മെച്ചപ്പെട്ടതായി നിങ്ങൾ കരുതുന്നുണ്ടോ?
2017 മുതൽ, ദേശീയതലത്തിലും ആഗോളതലത്തിലും സംസ്ഥാനത്തെക്കുറിച്ചുള്ള ധാരണയിൽ മാറ്റം വരുത്താൻ കാരണമായ ‘പരിഷ്കരണം, പ്രകടനം, പരിവർത്തനം’ എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാനത്തെ സുസ്ഥിരമായ ക്രമസമാധാനം വ്യവസായികളുടെയും നിക്ഷേപകരുടെയും വിശ്വാസം നേടാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിസിനസുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുകയും അത് ഉറപ്പാക്കുകയും ചെയ്തു. സാംസങ്, റിലയൻസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ബ്രാൻഡുകൾ സംസ്ഥാനത്ത് വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള കാരണവും ഇതാണ്. വിവിധ മേഖലകളിലായി 11 ലക്ഷം കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം സംസ്ഥാനം ഇക്കാലയളവിൽ ആകർഷിച്ചിട്ടുണ്ട്. അതിൽ ഏകദേശം 5 ലക്ഷം കോടി രൂപ ഘനവ്യവസായ മേഖലയിലും 5 ലക്ഷം കോടി രൂപ എംഎസ്എംഇ (MSME) മേഖലയിലുമാണ്. ഈ പദ്ധതികൾ 30 ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നു.
അഖിലേഷ് യാദവ് നിങ്ങളുടെ ബുൾഡോസർ നയത്തെ വിമർശിക്കുകയും നിങ്ങൾക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.
അഴിമതിക്കാർക്കും ക്രിമിനലുകൾക്കും ഗുണ്ടാസംഘങ്ങൾക്കുമെതിരെ ഞങ്ങൾ ബുൾഡോസർ ഉപയോഗിച്ചു. അഖിലേഷ് യാദവിന് ബുൾഡോസർ പ്രയോഗത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് വർഷങ്ങളായി പാവപ്പെട്ടവരെ ഉപദ്രവിക്കുന്ന കുറ്റവാളികളോടും ഗുണ്ടാസംഘങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ താൽപ്പര്യത്തെയും സഹതാപത്തെയും സൂചിപ്പിക്കുന്നു. മുൻ ഗവൺമെന്റിന് വ്യത്യസ്ത മുൻഗണനകളാണ് ഉണ്ടായിരുന്നത്. അവരുടെ കസേര നിലനിർത്താൻ അവർ മാഫിയകളെ പിന്തുണച്ചു. ഇത് പാവപ്പെട്ടവരെയും വ്യവസായികളെയും ബിസിനസുകാരെയും ദ്രോഹിക്കുന്നതിന് കാരണമായി. പുതിയ നിക്ഷേപങ്ങളൊന്നും സംസ്ഥാനത്ത് വന്നിരുന്നില്ല. പ്രതിശീർഷ വരുമാനം ഏറ്റവും താഴ്ന്ന നിലയിലെത്തി. വളർച്ചാ നിരക്ക് വളരെ മോശമായിരുന്നു. കൂടാതെ തൊഴിലില്ലായ്മ നിരക്ക് വളരെ ഉയർന്ന നിലയിലുമായിരുന്നു.
ഞങ്ങൾ സ്ഥിതിഗതികൾക്ക് സമ്പൂർണമായ മാറ്റം വരുത്തി. മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും 'സീറോ ടോളറൻസ്' നയം പിന്തുടരുകയും ചെയ്തതിനാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. സമാജ്‌വാദി പാർട്ടി ഇതൊന്നും ചെയ്യാത്തതിനാൽ, അവർ പിന്തുണ നേടുന്നതിനായി മാഫിയകളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ ഭൂരിപക്ഷം ഇതിനെ എതിർക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.
നിങ്ങളുടെ സർക്കാരിന് സ്വന്തമായി ഒരു പുതിയ പദ്ധതിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുൻ സർക്കാർ തുടക്കം കുറിച്ച പദ്ധതികൾ മാത്രമാണ് മുന്നോട്ടുകൊണ്ടുപോയതെന്നും യാദവ് പറയുന്നു. പൂർവാഞ്ചൽ എക്‌സ്പ്രസ് വേയെയാണ് അദ്ദേഹം ഉദാഹരണമായി വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ഒരു പ്രോജക്ടിന് ടോക്കൺ തുക അനുവദിക്കുകയും ടെൻഡറിന് അംഗീകാരം നൽകാതിരിക്കുകയും പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അവകാശവാദത്തിന് അർഹമായ നടപടികളല്ല. അതൊരു പ്രഹസനമായിരുന്നു. ഞങ്ങൾ പദ്ധതികൾ പുനഃപരിശോധിക്കുകയും പുതിയ ടെൻഡർ വഴി ചെലവ് കുറയ്ക്കുകയും സമയത്തിനുള്ളിൽ അത് നടപ്പിലാക്കുകയും ചെയ്തു. ഇത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രവികസനത്തിൽ ഞങ്ങൾ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. മുമ്പ് ഏറ്റവും മോശം അടിസ്ഥാന സൗകര്യങ്ങൾക്ക് പേരുകേട്ട ഉത്തർപ്രദേശ്, ഏകദേശം 1,321 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ് വേ ശൃംഖല നിർമ്മിച്ചുകൊണ്ട് അതിവേഗ പാതയുടെ വിജയത്തിലേക്ക് കുതിക്കുകയാണ്.
'കബ്രിസ്ഥാന്റെ അതിർത്തി മതിലുകൾ', 'അനുമോദന രാഷ്ട്രീയം' എന്നിങ്ങനെ മുൻ സർക്കാരിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പിന് ഹിന്ദു-മുസ്ലിം വീക്ഷണം നൽകുന്നതായി തോന്നുന്നു. തിരഞ്ഞെടുപ്പ് ധ്രുവീകരിക്കപ്പെടുകയാണോ?
തിരഞ്ഞെടുപ്പ് ധ്രുവീകരിക്കപ്പെടുകയാണ്, എന്നാൽ വികസനം, സുസ്ഥിരമായ ക്രമസമാധാനം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്ക് അനുകൂലമായിരിക്കും ഇത്. ഞങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, യുവാക്കൾക്ക് റെക്കോർഡ് തൊഴിൽ സാധ്യതകളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
മുഖ്താർ അൻസാരിയെപ്പോലുള്ള മാഫിയകൾക്കെതിരെയും അസം ഖാനെപ്പോലുള്ള നേതാക്കൾക്കെതിരെയും നിങ്ങളുടെ സർക്കാർ സ്വീകരിച്ച നടപടി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സർക്കാർ ഇവരെ തേടി പോയതിന് പിന്നിലെ ലക്ഷ്യം എന്തായിരുന്നു?
രാജ്യത്തിന്റെ നിയമവാഴ്ചയും നിയമവും ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു ആശയം. ഞങ്ങൾ മാഫിയകളെ പിന്തുണയ്ക്കുന്നില്ല. അവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുന്നു. മാഫിയകളിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ സർക്കാർ പാവപ്പെട്ടവർക്കും ദളിതർക്കും വീടുകൾ നിർമ്മിച്ചു നൽകും. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ നയത്തിൽ മുന്നേറുന്ന പുതിയ ഉത്തർപ്രദേശിൽ മാഫിയകൾക്കും ക്രിമിനലുകൾക്കും അവർക്ക് സംരക്ഷണം നൽകുന്നവർക്കും സ്ഥാനമില്ല.
ഗ്രാമങ്ങളുടെയും കർഷകരുടെയും യുവാക്കളുടെയും വികസനത്തിനും ക്ഷേമത്തിനുമായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായി മാറിയ മാഫിയ സംസ്കാരത്തെ നശിപ്പിക്കേണ്ടതും പ്രധാനമാണ്. മുഖ്താർ അൻസാരി, അതീഖ് അഹമ്മദ്, വിജയ് മിശ്ര, സുന്ദർ ഭാട്ടി തുടങ്ങിയ 40-ലധികം മാഫിയ സംഘങ്ങളുടെ ഏകദേശം 1800 കോടി രൂപയുടെ അനധികൃത സ്വത്ത് ഇതുവരെ ഞങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്.
ലഖിംപൂർ ഖേരി പോലുള്ള സംഭവങ്ങളിൽ നിങ്ങളുടെ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി വാദ്ര സംസ്ഥാനത്ത് സന്ദർശനം നടത്തി. അവർ ഒരു വെല്ലുവിളിയായി ഉയർന്നുവരുന്നുണ്ടോ? യുപിയിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള ‘ഒത്തുകളിയാണ്’ ഇതെന്നാണ് സമാജ്വാദി പാർട്ടി പറയുന്നത്.
നാലര വർഷം മുമ്പ് കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിരുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കോവിഡ് -19 സമയത്ത് പ്രിയങ്ക ഗാന്ധിയെ ആരും യുപിയിൽ കണ്ടിട്ടില്ല, ഇപ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പ് ടൂറിസം കേസിനെ സഹായിക്കാൻ പോകുന്നില്ല.
ഒരു കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാൻ യുപി സർക്കാർ ശ്രമിക്കുന്നുണ്ടോ എന്നതാണ് ലഖിംപൂർ സംഭവത്തിലെ പ്രധാന ചോദ്യം.
ഞങ്ങൾ ആരെയും സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. ഇതൊരു നിർഭാഗ്യകരമായ സംഭവമായിരുന്നെങ്കിലും 24 മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സുപ്രീം കോടതി, ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളെ വിചാരണയ്ക്ക് കൊണ്ടുവരാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. സംഭവത്തിൽ മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്കും ഞങ്ങൾ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.
നിങ്ങളുടെ മുൻ സഹയാത്രികൻ ഓം പ്രകാശ് രാജ്ഭർ എസ്പിയുമായി കൈകോർത്തു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പൂർവാഞ്ചൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയുണ്ടോ?
ആശങ്കപ്പെടേണ്ടതില്ല, കാരണം ഈ മേഖല ഞങ്ങളുടെ കോട്ടയാണ്. ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ഒരാളെ യുപിയിലെ ജനങ്ങൾ ഒരിക്കലും വിശ്വസിക്കില്ല. മുൻ സർക്കാരുകൾ അവഗണിച്ച പൂർവാഞ്ചലിന്റെ വികസനത്തിന്റെ കാര്യത്തിൽ നമ്മുടെ സർക്കാർ മഹത്തായ പ്രവർത്തനമാണ് നടത്തിയത്. ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികളുടെ മരണത്തിന് കാരണമായ ജാപ്പനീസ് എൻസെഫലൈറ്റിസ് നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഗോരഖ്പൂരിൽ ഞങ്ങൾ എയിംസ് സ്ഥാപിച്ചു, അത് പൂർവാഞ്ചൽ മേഖലയ്ക്ക് മുഴുവൻ പ്രയോജനം ചെയ്യും. പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രദേശത്തെ നിക്ഷേപത്തിനും കൂടുതൽ ഉത്തേജനം നൽകും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
വാക്‌സിനേഷന്റെ കാര്യത്തിൽ യുപി മുന്നിലാണ്. എന്നാൽ യോഗ്യരായ എല്ലാ ആളുകൾക്കും പൂർണ്ണമായി വാക്‌സിനേഷൻ നൽകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. മഹാമാരി സമയത്ത് സർക്കാർ സ്വീകരിച്ച തെറ്റായ നടപടികളെക്കുറിച്ച് എസ്പി ആരോപണമുന്നയിക്കുന്നു, ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് പറയുന്നു. മറ്റെല്ലാവർക്കും കുത്തിവയ്പ്പ് നൽകിയതിന് ശേഷം മാത്രമേ താൻ വാക്സിൻ സ്വീകരിക്കുകയുള്ളൂവെന്നും അഖിലേഷ് പറയുന്നു.
അസംഗഢിൽ നിന്നുള്ള എംപിയായിരുന്നിട്ടും എസ്പി നേതാവ് ഉൾപ്പെടെ ഒരു പ്രതിപക്ഷ നേതാക്കളും കോവിഡ് -19 മഹാമാരി സമയത്ത് ഒരു സ്ഥലമോ കുടുംബമോ സന്ദർശിച്ചില്ല. വീടുകളുടെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് പരാമർശങ്ങൾ നടത്താൻ എളുപ്പമാണ്. വാക്സിൻ എടുക്കാത്ത അഖിലേഷ് യാദവ് നമ്മുടെ ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും അനാദരിക്കുകയും നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുകയാണ്. തന്റെയും മറ്റുള്ളവരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് രാഷ്ട്രീയത്തേക്കാൾ മുൻഗണന നൽകണം. എന്ത് മാതൃകയാണ് അദ്ദേഹം പൊതുസമൂഹത്തിന് നൽകുന്നത്? ഇത്തരം നേതാക്കളെ ബഹുമാനിക്കുകയല്ല പരിഹസിക്കുകയാണ് വേണ്ടത്.
ഞങ്ങളുടെ സർക്കാരിന്റെ ശ്രമങ്ങൾ കാരണം, കോവിഡ് -19 കൈകാര്യം ചെയ്ത രീതിയ്ക്ക് ഉത്തർപ്രദേശിന് ആഗോള അംഗീകാരം ലഭിക്കുന്നു. പരിശോധനയിലും വാക്‌സിനേഷനിലും ഉത്തർപ്രദേശാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ഡിസംബർ മൂന്നാം വാരത്തോടെ 100% യോഗ്യരായ ഗുണഭോക്താക്കൾക്കും കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് നേടുന്നതിന്, പ്രതിദിനം 15 മുതൽ 20 ലക്ഷം വരെ ഡോസുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലയിലും രാത്രി 10 മണി വരെ വാക്സിൻ വിതരണം നടക്കുന്നുണ്ട്. ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തി വരികയാണ്. ഞായറാഴ്ചകളിലും ഞങ്ങൾ ആളുകൾക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകുന്നുണ്ട്.
പുതിയ കോവിഡ് വേരിയന്റായ ഒമൈക്രോണിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിനായി ഞങ്ങൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
സൗജന്യ വാക്‌സിനേഷനും സൗജന്യ റേഷനും ഈ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ തുറുപ്പുചീട്ടാണോ?
സൗജന്യ വാക്‌സിനേഷനും സൗജന്യ റേഷനും തുറുപ്പുചീട്ടോ തിരഞ്ഞെടുപ്പ് അജണ്ടകളോ അല്ല, മറിച്ച് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിനുള്ള ഞങ്ങളുടെ ഗവൺമെന്റിന്റെ പിന്തുണയാണ്. വികസനം, ക്ഷേമം, പുരോഗതി എന്നിവയാണ് ബിജെപിയുടെ അജണ്ടകൾ. കഴിഞ്ഞ നാലര വർഷത്തിനിടയിൽ, ഏറ്റവും ദരിദ്രരായ പാവപ്പെട്ടവരിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ സംസ്ഥാനത്തെ പാവപ്പെട്ടവർക്കും ദരിദ്രർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സൗജന്യ റേഷൻ വിതരണം ഇതിന്റെ ഭാഗമായുള്ള ശ്രമമായിരുന്നു.
എന്താണ് ‘നയ ഉത്തർപ്രദേശ്’?
ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൽ സംസ്ഥാനം കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ വ്യക്തമായ സൂചനയാണിത്. കഴിഞ്ഞ നാലര വർഷത്തിനിടെ 12 സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. മഹാമാരിക്കിടയിലും, സംസ്ഥാനത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നിർത്താൻ ഞങ്ങൾ അനുവദിച്ചില്ല. ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളേക്കാൾ ഉയർന്ന്, മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായി മാറാൻ ഇത് യുപിയെ സഹായിച്ചു.
2017ന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ 18 ശതമാനത്തിന് മുകളിലായിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് (ഇപ്പോൾ) തൊഴിലില്ലായ്മ 4.8% ആണ്. ഇത് ഡൽഹി, കേരളം, തമിഴ്നാട് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ചതാണ്.
2017ന് മുമ്പ്, സംസ്ഥാനത്ത് 12 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. വെറും നാലര വർഷത്തിനുള്ളിൽ, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വരുന്നതോടെ യുപി പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഒമ്പത് പുതിയ മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമാണ്. കൂടാതെ 14 എണ്ണത്തിന് കൂടി തറക്കല്ലിടുകയും 16 എണ്ണം പിപിപി മോഡിൽ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 70 ലക്ഷം എംഎസ്എംഇകൾക്ക് 2.4 ലക്ഷം കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ നൽകിയിട്ടുണ്ട്. ഇത് 2 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങളുടെ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ എന്ന സംരംഭം പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് അനുഗ്രഹമാണെന്ന് തെളിയിക്കുകയും സംസ്ഥാനത്തിന്റെ കൈത്തറി, കരകൗശല മേഖലയിൽ 38% കയറ്റുമതി വളർച്ച കൈവരിക്കുകയും ചെയ്തു.
ഗതാഗത മേഖലയിൽ എന്തൊക്കെ പുതിയ പദ്ധതികളാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത്?
341 കിലോമീറ്റർ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ പ്രവർത്തനക്ഷമമാണ്. മൂന്ന് പദ്ധതികൾ കൂടി നിർമ്മാണ പുരോഗതിയിലാണ്. 296 കിലോമീറ്റർ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ, 91 കിലോമീറ്റർ ഗോരഖ്പൂർ ലിങ്ക് എക്‌സ്‌പ്രസ് വേ, 594 കിലോമീറ്റർ ഗംഗ എക്‌സ്‌പ്രസ് വേ എന്നിവയാണ് അടുത്ത മൂന്ന് പ്രധാന പദ്ധതികൾ. ഇത് സാമൂഹിക-സാമ്പത്തിക വികസനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയിലൂടെ, മുമ്പ് അവഗണിക്കപ്പെട്ടിരുന്ന പൂർവാഞ്ചൽ മേഖലയെ ഞങ്ങൾ വികസന ഭൂപടത്തിലേക്ക് തിരികെ കൊണ്ടുവന്നു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ നാല് മെട്രോകളും ഒമ്പത് വിമാനത്താവളങ്ങളും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മറ്റ് 28 വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഭോനി അണക്കെട്ട് പദ്ധതി ഉൾപ്പെടെ നിരവധി ജലസേചന പദ്ധതികൾ ജലക്ഷാമം പരിഹരിച്ച് ബുന്ദേൽഖണ്ഡ് മേഖലയുടെ പുരോഗതിയ്ക്ക് സഹായിക്കും.
തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റിന്റെ നിരവധി സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് യുപി. അഞ്ച് ലക്ഷം കോടി രൂപയുടെ ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ശക്തമായ ഉത്തേജനം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: UP CM Yogi Adityanath, Yogi adithyanadh, Yogi adithyanadh interview, Yogi Adithyanath, Yogi Adityanath