അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചൽപ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഗുജറാത്തിൽ ബിജെപി 125 മുതൽ 140 സീറ്റുകൾ വരെ നേടുമെന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിക്കുന്നത്. അതേസമയം ഹിമാചൽ പ്രദേശിൽ 32 മുതൽ 40 സീറ്റുകൾ വരെ നേടി ബിജെപി അധികാരം നിലനിർത്തുമെന്നും സർവേകൾ പ്രവചിക്കുന്നു. അതേസമയം ഇരു സംസ്ഥാനങ്ങളിലും മത്സരരംഗത്ത് സജീവമായിരുന്ന എഎപി കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
എക്സിറ്റ്പോൾ പ്രവചനം അനുസരിച്ച് ഗുജറാത്തിൽ 125-140 ബിജെപി സീറ്റും കോൺഗ്രസ് 30-40 സീറ്റും നേടും. ജൻകീ ബാത്ത് ബിജെപിക്ക് 117 മുതൽ 140 സീറ്റുകൾ വരെയും, കോൺഗ്രസിന് 34 മുതൽ 51 സീറ്റുകൾ വരെയുമാണ് പ്രവചിക്കുന്നത്. പി മാർക്യൂ ബിജെപിക്ക് 128 മുതൽ 148 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് പരമാവധി 30-42 സീറ്റിൽ ഒതുങ്ങുമെന്നും പി മാർക്യൂ പ്രവചിക്കുന്നു. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം ഹിമാചൽ പ്രദേശിൽ മികച്ച വിജയത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇടിജി എക്സിറ്റ്പോൾ പ്രവചനം അനുസരിച്ച് ഹിമാചൽപ്രദേശിൽ ബിജെപി 38 സീറ്റും കോൺഗ്രസ് 28 സീറ്റും നേടുമെന്നാണ് പ്രവചനം. ആകെ 68 സീറ്റുകളിലേക്കാണ് ഹിമാചൽപ്രദേശ് നിയമസഭയിൽ തെരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.