കൊൽക്കത്ത: നിരന്തര അധിക്ഷേപം സഹിക്കവയ്യാതെ മുൻ കൊൽക്കത്ത മേയര്‍ സോവൻ ചാറ്റർജി ബിജെപി വിടാനൊരുങ്ങുന്നു. രണ്ടാഴ്ച മുന്‍പാണ് മുൻ തൃണമൂൽ അംഗവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായികളിൽ ഒരാളുമായിരുന്ന സോവൻ ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാൽ അവിടെ അധിക്ഷേപവും പരിഹാസവും നിരന്തരം നേരിടേണ്ടി വന്ന സാഹചര്യത്തിൽ ബിജെപി വിടാനാണ് സോവൻ ആഗ്രഹിക്കുന്നതെന്നാണ് അനുയായി ബൈഷാഖി ബാനർജി അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് നാല് തവണ തൃണമുൽ എംഎൽഎ ആയിരുന്ന സോവൻ, ബൈഷാഖിക്കൊപ്പം ബിജെപിയിൽ ചേർന്നത്.' ബിജെപിയിൽ ചേർന്നത് മുതൽ തന്നെ യാതൊരു കാരണവുമില്ലാതെ നിരന്തര അധിക്ഷേപങ്ങളും പരിഹാസങ്ങളും ഞങ്ങൾക്കു നേരെയുണ്ടാവുകയാണ്. സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ സോവൻ ചാറ്റർജിയെ ബിജെപിയിലേക്ക് എത്തിക്കാൻ മുഖ്യ പങ്കു വഹിച്ചത് ഞാനാണ്.. ഇങ്ങനെ അപമാനിക്കപ്പെടും എന്നറിയാമായിരുന്നെങ്കിൽ ഞങ്ങൾ തൃണമൂലിൽ തന്നെ തുടരുമായിരുന്നു... അതുകൊണ്ട് തന്നെ പാർട്ടി വിടാനുള്ള ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞു... ആവശ്യം വന്നാൽ ബിജെപി നേതൃത്വത്തിന് രാജി സമർപ്പിക്കുകയും ചെയ്യും'.. ബൈഷാഖി അറിയിച്ചു.
വിഷയത്തിൽ സോവൻ ചാറ്റർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അദ്ദേഹവും ബൈഷാഖിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാൾ മന്ത്രിയുമായ കൈലാഷ് വിജയ് വര്‍ഗീയയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ വിഷയം പരിശോധിക്കുമെന്നാണ് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചിരിക്കുന്നത്.
രണ്ട് തവണ തൃണമൂൽ എംഎൽയായ ദേബശ്രീ റോയിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് സോവനും പാർട്ടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ ബിജെപി പ്രവേശനത്തിൽ സോവന്‍ താത്പ്പര്യമില്ല എന്നാൽ പാർട്ടി സംസ്ഥാന ഘടകം അനുകൂല നിലപാട് സ്വീകരിച്ചതാണ് അസ്വാരസ്യങ്ങൾക്കിടയാക്കിയതെന്നാണ് പറയപ്പെടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.