ന്യൂഡൽഹി: ലോക്സഭാ എക്സിറ്റ് പോളിനെ കുറിച്ച് നടന് വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരേ വിമര്‍ശനം ഉയരുമ്പോള്‍ വിശദീകരണവുമായി താരം രംഗത്ത്. ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന നടി ഐശ്വര്യ റായിയുടെ മൂന്ന് പ്രണയ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു വിവേകിന്റെ ട്വീറ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രമുഖരടക്കം ഒട്ടനവധി പേര് രംഗത്ത് വരികയും ചെയ്തിരുന്നു. ദേശീയ വനിതാ കമ്മീഷനും വിവേകിനോട് വിശദീകരണം ചോദിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി വിവേക് രംഗത്തെത്തിയത്. തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നും വിവേക് വാർത്താ ഏജൻസിയായ എഎന്‍ഐയോട് പ്രതികരിച്ചു.
'ആളുകള്‍ ഞാന്‍ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയൂ.. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ ഞാന്‍ ഒരുക്കമാണ്..എന്നാല്‍ ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.. എന്താണതില്‍ തെറ്റ്? ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു. ആളുകള്‍ എന്തിനാണ് അതിത്ര വലിയ വിഷയമാക്കുന്നതെന്ന് എനിക്ക് അറിയില്ല..ആരോ എന്നെ കളിയാക്കി കൊണ്ടുള്ള ഒരു മീം എനിക്ക് ഷെയര്‍ ചെയ്തു തന്നു ...ഞാന്‍ അത് കണ്ട് ചിരിച്ചു. അത് തയാറാക്കിയ ആളുടെ കഴിവിനെ ഞാന്‍ പ്രശംസിച്ചു..നിങ്ങളെ ആരെങ്കിലും കളിയാക്കിയാല്‍ അതൊരിക്കലും നിങ്ങള്‍ വലിയ വിഷയമാക്കി എടുക്കരുത്. ആ മീമില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ല, എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം . ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവര്‍ക്ക് എന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നത്'- വിവേക് പ്രതികരിച്ചു.
Vivek Oberoi: People are saying apologise, I have no problem in apologising, but tell me what wrong have I done? If I have done something wrong I will apologise. I don't think I have done anything wrong. What's wrong in it? Somebody tweeted a meme and I laughed at it. pic.twitter.com/d7z5362rwr
— ANI (@ANI) May 20, 2019
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേയെയും, എക്സിറ്റ് പോളിനെയും, തെരഞ്ഞെടുപ്പ് ഫലത്തെയും ഐശ്വര്യയുടെ മൂന്ന് പ്രണയങ്ങ ഘട്ടങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടാണ് വിവേക് ട്വീറ്റ് ചെയ്തത്. നടന് സല്മാന് ഖാനുമായുള്ള പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തെരഞ്ഞെടുപ്പ് ഫലമായും വിശേഷിപ്പിച്ചുകൊണ്ടാണ് താരം ട്വീറ്റ് ചെയ്തത്. ഇതിനെതിരേ പ്രമുഖരടക്കം നിരവധി പേര് രംഗത്ത് വരികയും ചെയ്തു.
വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്. ഇത് കൂടാതെ നിരവധി പേരാണ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വിവേകിന്റേത് തീര്‍ത്തും അര്‍ത്ഥ ശൂന്യമായ പ്രവര്‍ത്തിയായി പോയെന്നും വ്യക്തിഹത്യ നടത്തുകയാണ് വിവേക് ചെയ്തതെന്നും ഇവര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.