നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Explainer: ചിദംബരം കുരുക്കിലായ ഐഎൻഎക്സ് മീഡിയ കേസ് എന്താണ്? നാൾ വഴികൾ

    Explainer: ചിദംബരം കുരുക്കിലായ ഐഎൻഎക്സ് മീഡിയ കേസ് എന്താണ്? നാൾ വഴികൾ

    പി ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ആരോപണ വിധേയനാണ്

    പി ചിദംബരം

    പി ചിദംബരം

    • News18
    • Last Updated :
    • Share this:
      ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുകുകയാണ്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതോടെ ഏതു നിമിഷവും ചിദംബരം അറസ്റ്റിലായേക്കാം. പി ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ആരോപണ വിധേയനാണ്.

      ഐഎൻഎക്സ് മീഡിയ കേസ് ?

      2007ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും ഉയരുന്നത്. അന്ന് പി ചിദബരം കേന്ദ്രധനമന്ത്രിയായിരുന്നു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്നും മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചത്. അനധികൃതമായാണെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കേസ്. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇതിനായി പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നു. 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എഫ്ഐപിബി അനുമതി നൽകിയത്. ഹിന്ദി എന്റർടെയ്ൻമെന്റ് ചാനലുകളടക്കം വിവിധ പ്രദേശിക ഭാഷാ ചാനലുകളിലേക്കാണ് നിക്ഷേപം ആവശ്യപ്പെട്ടത്. 2007 മാർച്ച് 18നാണ് 4.62കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചത്. എന്നാൽ ഐഎൻഎക്സ് മീഡിയ ഐഎൻഎക്സ് ന്യൂസിലേക്ക് ഡൗൺസ്ട്രീം ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല.

      അഴിമതി ആരോപണം ?

      വ്യവസ്ഥകൾ ലംഘിച്ച് ഐഎൻഎക്സ് ന്യൂസിൽ നിക്ഷേപം കൊണ്ടുവന്നതായാണ് ആരോപണം. ഒരേ നിക്ഷേപകരിൽ നിന്ന് തന്നെ നേരിട്ടല്ലാതെയുള്ള നിക്ഷേപവും ലഭിച്ചു. ഇതിലൂടെ 305 കോടിയിലധികം രൂപ സമാഹരിച്ചുവെന്നാണ് ആരോപണം. 2008 മേയിൽ എഫ്ഐപിബി എൻഎൻഎക്സിനോട്  വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവുമായി ഐഎൻഎക്സ് മീഡിയ ഗൂഡാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണവും ഇതിനോടൊപ്പം ശക്തമായി. കാർത്തിയുടെ സ്വാധീനം ഉപയോഗിച്ച് ഐഎൻഎക്സ് മീഡിയ തങ്ങൾക്കെതിരായ നടപടി ഒഴിവാക്കി. പുതിയ പ്രപ്പോസൽ നൽകാൻ നിർദ്ദേശിക്കുകയും ഇതിന് ധനമന്ത്രിയായിരുന്ന പി ചിദംബരം അനുമതി നൽകിയെന്നും സിബിഐ ആരോപിക്കുന്നു. കാർത്തി ചിദംബരത്തിന്റെ സ്ഥാപനമായ അഡ്വാന്റേജ്  സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ കൈക്കൂലി നൽകിയതായും സിബിഐ ആരോപിക്കുന്നു.

      കാർത്തി ചിദംബരം ?

      ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സി എ ഭാസ്കരരാമന്റെ കമ്പ്യൂട്ടറിൽ ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ആരോപണ വിധേയമായ കമ്പനിക്ക് ഐഎൻഎക്സ് മീഡിയ നൽകിയ പേയ്മെന്‍റുകൾ രേഖകളിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ 2017 മെയ് മാസത്തിൽ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. കാർത്തിയുമായും പിതാവ് ചിദംബരവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇതേ തുടർന്ന് കാർത്തിക്കെതിരെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ഡൽഹി ഹൈക്കോടതി ജാമ്യം നൽകി. ഇപ്പോൾ ശിവഗംഗയിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാ എംപിയാണ്.

      ചോദ്യം ചെയ്യൽ...

      2017 മെയ് 15നാണ് സിബിഐ ഐഎൻഎക്സ് മീഡിയ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. 2018ൽ ആദായനികുതി വകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും പി ചിദംബരത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മേയ് 30ന് സിബിഐയുടെ അഴിമതി കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ 23ന് ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത് മണി ലോണ്ടറിംഗ് കേസിലും പി ചിദംബരം മുൻകൂർ ജാമ്യം തേടിയിരുന്നു. ജൂലൈ 25ന് രണ്ട് കേസിലും പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റ് 20 2019ന് ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരിക്കുകയാണ്.

      മാപ്പു സാക്ഷി

      നേരത്തെ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു. ഐഎൻഎക്സ് മീഡിയയുടെ ഡയറക്ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ഡൽഹി പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. മകൾ ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണത്തടവിൽ കഴിയുകയാണ് ഇന്ദ്രാണി. ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ. കേസിൽ പീറ്റർ മുഖർജിയും അന്വേഷണം നേരിടുകയാണ്.

      കേസിന്റെ നാൾ വഴികൾ

      2017 മെയ് 15: പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോൾ 305 കോടി രൂപയ്ക്ക് വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐ‌എൻ‌എക്സ് മീഡിയയ്ക്ക് എഫ്ഐപിബി ക്ലിയറൻസ് നൽകിയതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. അതേ മാസം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസ് ഫയൽ ചെയ്തു.

      ജൂൺ 16: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനർ റീജിയണൽ രജിസ്ട്രേഷൻ ഓഫീസറും ബ്യൂറോ ഓഫ് ഇമിഗ്രേഷനും കാർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു.

      ഓഗസ്റ്റ് 10: കാർത്തിക്കും മറ്റ് നാല് പേർക്കും എതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

      ഓഗസ്റ്റ് 14: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

      ഓഗസ്റ്റ് 18: ഓഗസ്റ്റ് 23 ന് മുൻപേ സിബിഐക്ക് മുന്നിൽ ഹാജരാകാൻ സുപ്രീംകോടതി കാർത്തിയോട് ആവശ്യപ്പെട്ടു.

      സെപ്റ്റംബർ 11: കാർത്തിയുടെ 25 വിദേശ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കൈവശമുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

      സെപ്റ്റംബർ 22: വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കാർത്തിയെ വിദേശയാത്രയിൽ നിന്ന് തടയണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

      ഒക്ടോബർ 9: തന്റെ മകളെ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രവേശിപ്പിക്കാൻ യുകെ സന്ദർശിക്കാൻ കാർത്തി സുപ്രീംകോടതിയുടെ അനുമതി തേടി. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തനിക്കും മകനും എതിരെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടത്തുന്നതെന്ന് പി ചിദംബരം സുപ്രീംകോടതിയോട് പറയുന്നു.

      നവംബർ 20: മകളുടെ പഠനവുമായി ബന്ധപ്പെട്ട് കാർത്തിക്ക് യുകെ സന്ദർശിക്കാൻ അനുമതി ലഭിച്ചു.

      ഡിസംബർ 8: എയർസെൽ-മാക്സിസ് കേസിൽ തനിക്കെതിരെ സിബിഐ പുറപ്പെടുവിച്ച സമൻസിനെ ചോദ്യം ചെയ്ത് കാർത്തി സുപ്രീംകോടതിയെ സമീപിച്ചു.

      2018 ഫെബ്രുവരി 28: കാർത്തിയെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് സിബിഐ അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു. ഡൽഹി കോടതി കാർത്തിയെ ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

      മാർച്ച് 5: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമൻസിനെ ചോദ്യം ചെയ്യാൻ കാർത്തി സുപ്രീംകോടതിയെ സമീപിച്ചു.

      മാർച്ച് 6: പ്രത്യേക കോടതി കാർത്തിയെ 3 ദിവസത്തെ സിബിഐ കസ്റ്റഡിക്ക് വിട്ടു.

      മാർച്ച് 12: കോടതി കാർത്തിയെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് വിട്ടു. അഴിമതിക്കേസിൽ ജാമ്യം തേടി കാർത്തി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

      മാർച്ച് 15: കാർത്തിയെ ഇഡി അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീംകോടതി ഇടക്കാല സംരക്ഷണം നൽകുന്നു.

      മാർച്ച് 23: ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ കാർത്തിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

      മെയ് 30: അഴിമതിക്കേസിൽ ജാമ്യാപേക്ഷ തേടി ചിദംബരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

      ജൂലൈ 23: ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ‌കൂർ ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചു.

      ജൂലൈ 25: രണ്ട് കേസുകളിലും അറസ്റ്റിൽ നിന്ന് ഹൈക്കോടതി ചിദംബരത്തിന് ഇടക്കാല സംരക്ഷണം നൽകുന്നു.

      ഒക്ടോബർ 11 : ചിദംബരത്തിന്റെ ജോർ ബാഗ് ബംഗ്ലാവിന്റെ 50 ശതമാനം എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.

      2019 ജൂലൈ 11: ഷീന ബോറ കൊലപാതകക്കേസിലെ പ്രതിയും ഐ‌എൻ‌എക്സ് മീഡിയ ഉടമയുമായ ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കി.

      ഓഗസ്റ്റ് 20: ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ 3 ദിവസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി തള്ളി.

      First published: