റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയന് നടപടി സ്വീകരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ പ്രഥമമന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെൽ ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങൾ തന്നെയാണ് അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
റഷ്യക്കെതിരായ ഉപരോധം കർശനമാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, ഡീസൽ ഉൾപ്പെടെയുള്ള സംസ്കരിച്ച ഇന്ധനങ്ങൾ ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും ഇതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണമെന്നും ബോറൽ ആവശ്യപ്പെട്ടിരുന്നു
“യൂറോപ്യൻ യൂണിയന്റെ കൗൺസിൽ ചട്ടങ്ങൾ നോക്കൂ. ഒരു മൂന്നാം രാജ്യത്ത് റഷ്യൻ എണ്ണ സംസ്കരിച്ച് ഉപയോഗിച്ചാൽ അത് റഷ്യൻ ആയി കണക്കാക്കാനാകില്ല. ഇത് മനസിലാക്കാനായി കൗൺസിലിന്റെ 833/2014 റെഗുലേഷൻ പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” ജയശങ്കർ പറഞ്ഞു.
ഈ വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ തർക്കിക്കേണ്ട ആവശ്യമില്ലെന്നും സൗഹൃദപരമായ രീതിയിൽ തന്നെ ചർച്ച നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞു.
എസ് ജയശങ്കറിനൊപ്പം വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ മുൻപ് പല തവണ ജയശങ്കർ ന്യായീകരിച്ചിരുന്നു. റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനക്കെതിരെയും എസ് ജയശങ്കർ തിരിച്ചടിച്ചിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലായിരിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും”, എന്നാണ് ഇത് സംബന്ധിച്ച അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞത്.
റഷ്യയെ ഉപരോധിക്കണം എന്നാവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനും ഉരുളക്കുപ്പേരി പോലെ ജയശങ്കര്‍ മറുപടി നൽകിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: European Union, External Affairs Minister S. Jaishankar, Russia