മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി - ശിവസേന സഖ്യം വീണ്ടും അധികാരത്തിലേക്ക്. എന്നാൽ, ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. വൻ തിരിച്ചടി നേരിടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ തളളി കോൺഗ്രസ് - എൻ.സി.പി സഖ്യം സീറ്റുനില മെച്ചപ്പെടുത്തി.
അധികാരത്തുടർച്ച ഉറപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ ബി ജെ പി- ശിവസേന സഖ്യത്തിനായിട്ടില്ല. 2014 ൽ ബി.ജെ.പി 122 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ, ഇത്തവണ ഇരു കക്ഷികൾക്കും സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചന.
ബിജെപി - ശിവസേന സഖ്യം 185 സീറ്റുകളിൽ നിന്ന് 165 സീറ്റുകളായി കുറഞ്ഞു. 20ഓളം സീറ്റുകളാണ് ബിജെപിക്ക് കുറഞ്ഞത്. അതേസമയം കോൺഗ്രസ് - എൻസിപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണത്തെ 83 സീറ്റുകളിൽ നിന്ന് 90 സീറ്റുകളിലേക്ക് സഖ്യത്തിന് സീറ്റുനില ഉയർത്താനായിട്ടുണ്ട്.
കോൺഗ്രസ് സീറ്റുനില നിലനിർത്തിയപ്പോൾ എൻസിപിക്ക് സീറ്റ് ഉയർത്താനായി എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞതവണ 41 സീറ്റുകൾ നേടിയ എൻസിപി ഇത്തവണ 50 സീറ്റുകൾക്കടുത്താണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിലും ശരത് പവാറിന്റെ അനന്തരവൻ അജിത് പവാർ ബാരമതിയിലും മുന്നിട്ട് നിൽക്കുകയാണ്. മുൻ മുഖ്യമന്ത്രി അശോക് ചവാൻ, ഉദ്ധവ് താക്കറയുടെ ആദിത്യ താക്കറെ എന്നിവരും മുന്നിട്ടു നിൽക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.